അവസരവാദ നിലപാട് സ്വീകരിച്ചവർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും: മുഖ്യമന്ത്രി
അഡ്മിൻ
സിപിഐഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അമ്പലപ്പുഴ പുന്നപ്ര-വയലാറിന്റെ മണ്ണാണെന്നും അതിന് സ്വന്തം ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാൻ അല്ലെന്നും, അവസരവാദ നിലപാട് സ്വീകരിച്ചവർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും എന്നും മുഖ്യമന്ത്രി വിമർശിച്ചു.
അമ്പലപ്പുഴയിൽ എൽഡിഎഫിന് യാതൊരു പോറലും ഉണ്ടാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ആലപ്പുഴ ജില്ല ഇതുവരെ വ്യതിയാന രാഷ്ട്രീയത്തിന് ഒപ്പമില്ലെന്നും, വ്യതിയാനം സ്വീകരിച്ചവർ അവരുടെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അവസരവാദ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അമ്പലപ്പുഴ അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് അതീവ നിർണായകമാണെന്നും ഇടതുപക്ഷ സർക്കാർ വിവിധ മേഖലകളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര ഉൽപാദനം വർധിച്ചുവെന്നും, വികസന രംഗത്ത് കേരളം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ്യും ബിജെപിയും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വളർന്നിട്ടുണ്ടെങ്കിലും കേരളം അവരെ അംഗീകരിക്കുന്നില്ലെന്നും, അതിന്റെ വിരോധം വിദ്വേഷമായി മാറുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും, റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങൾ ഒഴികെ മറ്റ് എല്ലാ മേഖലയെയും സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.