ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലും ബോര്‍ഡ് സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

വര്‍ഗീയ നിലപാട് തുടരുകയും നിരന്തരം തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

'ഗുരുവായൂരില്‍ നടക്കുന്ന സ്ത്രീകളുടെ പരിപാടിയെ 'രാധായനം' എന്ന് വിശേഷിപ്പിച്ച് സ്ത്രീകളെ കോള്‍ സെന്ററിലൂടെ വിളിച്ച് രാധയായ താങ്കള്‍ വരണമെന്നും പരിപാടിയില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.

ശ്രീകൃഷ്ണ ഭഗവാന്റെ കാമുകിയായ രാധയോട് സ്ത്രീകളെ ഉപമിക്കുകയും ഗോപാലകൃഷ്ണന്‍ എന്ന പേര് ദുരുപയോഗം ചെയ്ത് ദൈവമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്ന തരത്തിലുളള ടെലിഫോണ്‍ കോളുകളാണ് മണ്ഡലത്തിലെ പല സ്ത്രീകള്‍ക്കും ലഭിച്ചത്. ഈ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കമ്മീഷനോട് ആവശ്യപ്പെടുന്നു' എന്നാണ് സി സുമേഷ് പരാതിയില്‍ പറയുന്നത്.

03-Apr-2026