വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെക്കാൻ ഇനി കൈയ്യിൽ പണമില്ലെന്ന് സണ്ണി ജോസഫ്

വയനാട്ടിലെ ദുരന്തബാധിതർക്കായി ഭവന നിർമാണത്തിന് നിലവിൽ ഫണ്ട് ലഭ്യമല്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫ്. പിരിച്ചെടുത്ത തുക ആപ്പ് നിർമ്മാണത്തിനും ഭൂമി വാങ്ങുന്നതിനുമായി വിനിയോഗിച്ചതായും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

കെപിസിസി വയനാട് ഫണ്ടിലേക്ക് കോൺഗ്രസ് സമാഹരിച്ചത് ആകെ 5.38 കോടി രൂപയാണ്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചെടുത്തു. കൂടാതെ കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97,51,212 രൂപയും വയനാട് ഫണ്ടിലേക്ക് അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.

ഫണ്ട് സമാഹരണത്തിനായി ആപ്പ് നിർമ്മിക്കാൻ 9.30 ലക്ഷം രൂപ ചെലവായി. ആദ്യഘട്ടത്തിൽ ഭൂമി വാങ്ങാൻ 3.68 കോടി രൂപ വിനിയോഗിച്ചപ്പോൾ, രണ്ടാംഘട്ടത്തിൽ ഭൂമി സ്വന്തമാക്കാൻ 2,50,30,275 രൂപ ചെലവായതായും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഭവന നിർമാണത്തിന് ആവശ്യമായ തുക ലഭ്യമല്ലെന്നും, വീടുകൾ നിർമ്മിക്കാൻ കെപിസിസിയുടെയും എഐസിസിയുടെയും ഫണ്ട് ഉപയോഗിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. രജിസ്ട്രേഷൻ നടപടികൾക്കായി കൂടി ഏകദേശം 73 ലക്ഷം രൂപ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

04-Apr-2026