സണ്ണിജോസഫിനും വിഡി സതീശനുമെതിരെ പൊലീസിൽ പരാതി നൽകി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതൻ
അഡ്മിൻ
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതനായ വ്യക്തി പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡൻ്റിനുമെതിരെ പൊലീസിൽ പരാതി നൽകി. ദുരന്തബാധിതനായ ജിജീഷാണ് മേപ്പാടി പൊലീസിൽ പരാതി സമർപ്പിച്ചത്. വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
വാഗ്ദാനം വിശ്വസിച്ച് സർക്കാർ നൽകുന്ന വീട് വേണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ സ്വീകരിക്കാൻ തനിക്കു നിർബന്ധിതനാക്കിയതായും ജിജീഷ് ആരോപിച്ചു. ഇതോടെ ഇപ്പോൾ തനിക്ക് വീട് നഷ്ടപ്പെട്ട അവസ്ഥയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒന്നാം പ്രതിയും, സണ്ണി ജോസഫ് രണ്ടാം പ്രതിയും, കെ സുധാകരൻ മൂന്നാം പ്രതിയുമാണ്. കൂടാതെ “സ്റ്റാൻഡ് വിത്ത് വയനാട്” എന്ന ആപ്പ് തയ്യാറാക്കിയ അസ്ഹറിനെ നാലാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ എല്ലാ ദുരന്തബാധിതർക്കും വീട് നിർമ്മിച്ച് നൽകാൻ മുന്നോട്ട് വന്ന സാഹചര്യത്തിൽ, കോൺഗ്രസ് വഴി വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താൻ സർക്കാർ പദ്ധതി നിരസിച്ചതെന്ന് ജിജീഷ് പറഞ്ഞു. എന്നാൽ ഇപ്പോൾ ആപ്പ് പോലും ലഭ്യമല്ലെന്നും, ഉറച്ച രേഖകൾ ഒന്നും നൽകാതെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.