കേരളത്തിന്റെ ആരോഗ്യരംഗം ഒരുകാലത്ത് ലോകത്തിന് മാതൃകയായിരുന്നുവെന്നും ആ ‘കേരള മോഡൽ’ യുഡിഎഫ് സർക്കാർ കൈവിടുകയാണെന്ന ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഒരു സർക്കാർ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മനസിലാക്കാൻ 35 ദിവസം മതിയെന്നും, പകർച്ചവ്യാധികൾ പടരുന്നത് ഏതെങ്കിലും ഭരണാധികാരി അധികാരത്തിലിരിക്കുന്നതുകൊണ്ടല്ലെങ്കിലും അവയെ നേരിടുന്നതിലെ സർക്കാരിന്റെ കാര്യക്ഷമതയാണ് വിലയിരുത്തപ്പെടേണ്ടതെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ ആരോഗ്യവകുപ്പിൽ ഉണ്ടായ ഏകോപനക്കുറവും ആശയക്കുഴപ്പവും അദ്ദേഹം ചൂണ്ടിക്കാട്ടി. എബോള സംബന്ധിച്ച് ആരോഗ്യമന്ത്രി ഒരു നിലപാട് പറയുമ്പോൾ പിന്നീട് ഉദ്യോഗസ്ഥർ മറ്റൊരു വിശദീകരണം നൽകുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. നിപാ പരിശോധനാഫലത്തിന്റെ കാര്യത്തിലും മന്ത്രിയുടെ പ്രസ്താവനയും ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണവും തമ്മിൽ വൈരുധ്യമുണ്ടായിരുന്നുവെന്ന് റിയാസ് ആരോപിച്ചു.
പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിന് പകരം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിലെ ആഭ്യന്തര തർക്കങ്ങൾ കാരണം രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങൾ പോലും മാറ്റിവയ്ക്കേണ്ട അവസ്ഥയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലെ (DHS) തർക്കങ്ങളും ഭരണപരമായ അനിശ്ചിതത്വങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന്റെ കാര്യക്ഷമത നിലനിർത്താൻ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്നും റിയാസ് അഭിപ്രായപ്പെട്ടു.
അതേസമയം, തങ്ങൾ നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനായാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ആരോഗ്യരംഗത്തെ വെല്ലുവിളികൾ ഗൗരവമായി കണ്ട് സർക്കാർ അടിയന്തര പരിഹാരനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.