മഹാരാഷ്ട്ര നൽകുന്ന പാഠം
അഡ്മിൻ
കേന്ദ്ര സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും ഒത്താശയോടെ ബിജെപി മഹാരാഷ്ട്രയില്‍ നടത്തിയ സര്‍ക്കാര്‍ രൂപീകരണ നാടകത്തിന് നാണംകെട്ട അന്ത്യം. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഇന്നലെ നടന്ന ആ നാടകത്തിന്റെ അപമാനകരമായ അന്ത്യത്തെ കാവ്യനീതിയായി ചരിത്രം വിലയിരുത്തും. ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ ഭരണഘടനയെ ‘വിശുദ്ധ ഗ്രന്ഥം’ എന്ന് വിശേഷിപ്പിച്ച് ഏറെ വൈകാതെയാണ് ഭരണഘടനാ വ്യവസ്ഥകളെയും മൂല്യങ്ങളെയും കാറ്റില്‍ പറത്തി തന്റെ ഗവണ്മെന്റ് അധികാരത്തില്‍ അവരോധിച്ച ഫഡ്നാവിസ് നിലംപൊത്തിയത്. ‘നമ്മുടെ ജീവിതത്തെയും സമൂഹത്തെയും പാരമ്പര്യത്തെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതും പുതിയ വെല്ലുവിളികള്‍ക്ക് പരിഹാരവുമാണ് ആ ഗ്രന്ഥം’ എന്നാണ് പ്രധാനമന്ത്രി ഭരണഘടനയെ വിശേഷിപ്പിച്ചത്. ഒരു പാതിരാത്രി അട്ടിമറിയിലൂടെ ഫഡ്നാവിസിനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിച്ച പ്രധാനമന്ത്രിയുടെ ഭരണഘടനയെ സംബന്ധിച്ച വാചാലമായ ആ വിശേഷണം മിതമായ ഭാഷയില്‍ കടുത്ത വിരോധാഭാസവും തികഞ്ഞ വാചാടോപവുമാണെന്ന് ലോകംമുഴുവന്‍ തിരിച്ചറിയുന്നു.
മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ കേവലം യാദൃച്ഛികം അല്ലെന്നു മാത്രമല്ല ഭരണഘടനയെയും ഭരണഘടന മൂല്യങ്ങളെയും നിയമവാഴ്ചയെയും അട്ടിമറിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നിരന്തരം നടത്തിവരുന്ന കുത്സിതശ്രമങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണ്. ഗോവയിലും രണ്ടാംഘട്ടത്തിൽ കര്‍ണാടകത്തിലും പയറ്റി വിജയിച്ച അഴിമതി രാഷ്ട്രീയം മഹാരാഷ്ട്രയില്‍ വിജയിപ്പിക്കുന്നതില്‍ തല്ക്കാലം ബിജെപി പരാജയപ്പെട്ടു. രാഷ്ട്രീയ ധാര്‍മികതയ്ക്ക് യാതൊരു വിലയും കല്പിക്കാത്ത മോഡി-ഷാ കൗടില്യതന്ത്രങ്ങള്ക്ക് ഇതോടെ അറുതിയായെന്ന് കരുതാനാവില്ല. അധികാരദുര മൂത്ത ബിജെപിയും സംഘപരിവാറും അതിന്റെ നേതാക്കളും പകമൂത്ത വിഷസര്‍പ്പത്തെപ്പോലെ ജനാധിപത്യ കശാപ്പിന് അവസരം പാര്ത്തിരിക്കുമെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ നാണംകെട്ട രാഷ്ട്രീയ നാടകം എല്ലാ ജനാധിപത്യ മര്യാദകളും രാഷ്ട്രീയ ധാര്‍മ്മികതയും കാറ്റില്‍ പറത്തിക്കൊണ്ടാണ് അരങ്ങേറിയത്. തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബിജെപി-ശിവസേന സഖ്യത്തിന് മുന്നോട്ടുപോകാന്‍ കഴിയാതെ വന്നത് ബിജെപി നടത്തിയ വിശ്വാസവഞ്ചനയുടെ ഫലമാണ്. തെരഞ്ഞെടുപ്പ് പൂര്വധാരണയനുസരിച്ച് അധികാരം പങ്കിടാന്‍ ബിജെപി വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ഹിന്ദുത്വ വര്‍ഗീയത മുതലെടുത്ത ശിവസേന അധികാരത്തിനുവേണ്ടി അത് കയ്യൊഴിയാന്‍ തയാറാവുന്ന കൗതുകകരമായ കാഴ്ചയും രാജ്യം കണ്ടു. മുഖ്യമന്ത്രി പദത്തിനുവേണ്ടി ഗോള്വര്ക്കറെയും അട്ടത്തുവയ്ക്കാന് തങ്ങള്‍ മടിക്കില്ലെന്നാണ് ശിവസേന തെളിയിച്ചത്. ഹിന്ദുവും ഹിന്ദുത്വവുമെല്ലാം അധികാരത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഗവണ്മെന്റ് രൂപീകരിക്കും എന്ന് ഉറപ്പായതോടെ പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി അന്വേഷണത്തില്‍ നിന്നും അജിത് പവാറിനെ വിമുക്തമാക്കാന്‍ ബിജെപി സന്നദ്ധമായി. അഴിമതിക്കെതിരെ അവര്‍ നടത്തുന്ന വായ്ത്താരി ബിജെപിയെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള മറ്റൊരു ഉപാധി മാത്രമാണെന്ന് അവര്‍ വീണ്ടും തെളിയിച്ചു.
ശിവസേനയുമായി സഖ്യത്തിന് തയാറാവുക വഴി മതനിരപേക്ഷത സംബന്ധിച്ച കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നിലപാടുകളും സംശയത്തിന്റെ നിഴലിലാണ്. ഗവര്‍ണര്‍ പദവി കേന്ദ്രഭരണം കയ്യാളുന്നവരുടെ വിടുപണിയാണെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരി ഒരിക്കല്‍കൂടി കാട്ടിത്തന്നു. ഭരണഘടനയുടെ സൂക്ഷിപ്പുകാരന് എന്ന രാഷ്ട്രപതിയുടെ പദവി എത്രത്തോളം പരിഹാസ്യമാക്കി മാറ്റാമെന്നതിന് രാംനാഥ് കോവിന്ദ് ഒരവസരം കൂടി നല്കി. ക്യാബിനറ്റിന് പുല്ലുവില കല്‍പ്പിക്കാത്ത സ്വേച്ഛാധിപതിയാണ് താനെന്ന് പ്രധാനമന്ത്രി മോഡി ഒരിക്കല്‍കൂടി സാക്ഷ്യപ്പെടുത്തി. രാജ്യത്തെ പരമോന്നത കോടതി സമീപകാലത്തായി പ്രകടിപ്പിച്ച എല്ലാ ചാഞ്ചാട്ടങ്ങള്‍ക്കും അപ്പുറം ജനങ്ങളില്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു. രാജ്യത്തെ നീതിന്യായ സംവിധാനത്തിന് ജനാഭിലാഷത്തെ അപ്പാടെ നിരാകരിച്ച് മുന്നോട്ടുപോകാനാവില്ലെന്ന ഉറച്ച ബോധ്യമായിരിക്കണം ഇന്നലത്തെ വിധി പ്രസ്താവനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിയാമക തത്വം. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിലെ ആഭ്യന്തര വൈരുധ്യങ്ങള്‍ എന്തുതന്നെയായാലും ബിജെപി പിന്‍വാതിലിലൂടെ അധികാരം കയ്യാളുന്നതിന് എതിരായിരുന്നു ആ രാഷ്ട്രീയ സഖ്യത്തിന്റെയും അതിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളുടെയും നിശ്ചയദാര്‍ഢ്യം. അതിനാവട്ടെ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും കീഴ്വഴക്കങ്ങളുടെയും രാഷ്ട്രീയ ധാര്‍മ്മികതയുടെയും പിന്തുണയും ആര്‍ജിക്കാനായി. ബിജെപി ഇതര പാര്‍ട്ടികളുടെ തത്വാധിഷ്ഠിത സഖ്യത്തിന് ഹിന്ദുത്വ ഫാസിസ്റ്റ് മുന്നേറ്റത്തിന് തടയിടാനാവുമെന്നാണ് മഹാരാഷ്ട്രയിലെ അനുഭവം തെളിയിക്കുന്നത്. ഫാസിസ്റ്റ് ഏകാധിപത്യത്തെ ചെറുക്കാനുള്ള ജനാധിപത്യ ശക്തികളുടെ ശ്രമങ്ങള്‍ക്ക് മഹാരാഷ്ട്ര അനുഭവം കരുത്തുപകരും.
27-Nov-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ