ചാണക്യബുദ്ധിയല്ല ചാണക ബുദ്ധിയാണെന്നു വിമർശകർ.

കര്‍ണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും ബി ജെ പി നേതൃത്വത്തിന്റെ ചാണക്യബുദ്ധി പിഴച്ചതോടെ പാര്‍ട്ടിക്കകത്തെ അസ്വസ്ഥത കൂടുതല്‍ രൂക്ഷമാകുന്നു. അമിത് ഷായുടെ നീക്കങ്ങളെ ചാണകബുദ്ധി എന്നാണ്  ബി ജെ പി വൃത്തങ്ങൾ തന്നെ പരിഹസിക്കുന്നത്. നിലവില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും പാര്‍ട്ടിയില്‍ എതിര്‍വാക്കില്ലെങ്കിലും ഇനിയും പരാജയം തുടര്‍ന്നാല്‍ അസ്വസ്ഥവിഭാഗം നേതൃത്വമാറ്റം ആവശ്യപ്പെടും. 80 മണിക്കൂര്‍മാത്രം അധികാരത്തിലിരുന്ന് രാജിവച്ചൊഴിയേണ്ടി വന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അസ്വസ്ഥനാണ്. നേതൃത്വത്തിന്റെ അടവുകൾ പിഴച്ചുപോയത് അമിത ആത്മവിശ്വാസം കൊണ്ടാണ് എന്നാണ് മഹാരാഷ്ട്ര ബി ജെ പി വിലയിരുത്തിയത്.
 
കേന്ദ്ര നേതൃത്വത്തെ കുറ്റപ്പെടുത്താതെ സ്വയം ഏറ്റെടുക്കാനാണ് ഫട്‌നാവിസ് ശ്രമിച്ചതെങ്കിലും വാക്കില്‍ അസ്വസ്ഥത പ്രകടമാണ്. അജിത് പവാറുമായി കൂട്ടുചേര്‍ന്നത് ദോഷമായോയെന്നത് ഭാവിയില്‍ പരിശോധിക്കപ്പെടുമെന്ന അദ്ദേഹത്തിന്റെ പ്രതികരണവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ ആദ്യവട്ടം അധികാരത്തിലേറി പരാജയപ്പെട്ട ശ്രമങ്ങള്‍ക്ക് പുര്‍ണമായും ചരടുവലിച്ചത് മുഖ്യമന്ത്രി യെദിയൂരപ്പയായിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ പാതിരാനാടകത്തിന് ചരടുവലിച്ചത് മോഡി-ഷാ ടീം തന്നെയായിരുന്നു.
 
ഷായുടെ വിശ്വസ്തരായ കേന്ദ്രനേതാക്കള്‍ മഹാരാഷ്ട്രയില്‍ ക്യാമ്പ് ചെയ്താണ് രഹസ്യ ചര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്നത്. പാതിരാത്രിയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേരാതെയാണ് മോഡി, പ്രധാനമന്ത്രിയുടെ വിശേഷാല്‍ അധികാരം വിനിയോഗിച്ച് രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള ശിപാര്‍ശ രാഷ്ട്രപതിയ്ക്കു കൈ മാറിയത്. ഇതിനായി കാത്തിരുന്നത് പോലെ പുലര്‍ച്ചെതന്നെ രാഷ്ട്രപതി അംഗീകാരവും നല്‍കി. ഗവര്‍ണറുടേയും രാഷ്ട്രപതിയുടേയും ഇടപെടലുകളെ സുപ്രീംകോടതി പരാമര്‍ശിച്ചില്ലെങ്കിലും ഉന്നത അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരുടെ ചെയ്തികളിലെ ധാര്‍മ്മികത ചോദ്യംചെയ്യപ്പെടും.
 
ബി ജെ പി നേതൃനിരയിൽ ഈ രീതിയ്‌ക്കെതിരേ അഭിപ്രായവ്യത്യാസം  സജീവമായുണ്ട്. മോഡി- ഷാ കൂട്ടുകെട്ട് ശക്തമായത് കൊണ്ടും ആർ എസ് എസ് നേതൃത്വം അവരുടെ കൂടെ നിൽക്കുന്നത് കൊണ്ടുമാണ് പ്രത്യക്ഷ വിമർശനം ഉയരാത്തത്. ബി ജെ പിയുടെ അധികാരഘടനയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, ശിവ്‌രാജ് സിങ് ചൗഹാന്‍ തുടങ്ങിയ നേതാക്കളൊക്കെ അവസരം ഒത്തുകിട്ടിയാല്‍ മോഡി- ഷാ കൂട്ടുകെട്ടിനെതിരേ രംഗത്തെത്തുമെന്ന് ഉറപ്പ്. ഇവരെ മുന്നിൽ നിർത്തിയാലും ആർ എസ് എസിന് ഭരണം മുന്നോട്ട് കൊണ്ടുപോകാനാകും.
 
തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയങ്ങള്‍ സമ്മാനിക്കുന്നുവെന്നതാണ് ഇതുവരെയുള്ള മോഡിയുടെ അപ്രമാദിത്വത്തിനു കാരണം. ഹരിയാനയില്‍ കഷ്ടിച്ച് അധികാരം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും മഹാരാഷ്ട്രയിൽ പിഴച്ചുപോയത് മോഡി-ഷാ കൂട്ടുകെട്ടിനെ ദുർബലമാക്കുന്നു. നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ ഫലം അതുകൊണ്ട് തന്നെ ഇവര്‍ക്ക് നിര്‍ണായകവുമാണ്. മോഡി ഒപ്പമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്ന ധാരണയ്ക്കുള്ള തിരുത്ത് കൂടിയാണ് മഹാരാഷ്ട്രാ നാടകത്തിലെ വഴിത്തിരിവ്.
ശിവസേന കോണ്‍ഗ്രസും എന്‍ സി പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം തകൃതിയായി നടത്തിയിട്ടും ബി ജെ പി കേന്ദ്ര നേതൃത്വം ഇടപെടാതിരുന്നത് ദേവേന്ദ്ര ഫട്‌നാവിസിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഫട്‌നാവിസിനെ ഒതുക്കാന്‍ മഹാരാഷ്ട്ര ബി ജെ പിയിലെ  ആഗ്രഹം അമിത് ഷാ പരിഗണിച്ചു എന്ന വ്യാഖ്യാനവും പുറത്തുവരുന്നുണ്ട്. മഹാരാഷ്ട്ര വിഷയത്തിൽ  നിതിന്‍ ഗഡ്കരിയുടെ നിരീക്ഷണങ്ങൾ പുറത്തുവന്നാൽ അത് ആർ എസ് എസ് നേതൃത്വം പരിഗണിക്കും.

മഹാരാഷ്ട്രയിലെ പ്രതിപക്ഷ ഐക്യം പാര്‍ലമെന്റിലും പുറത്തും കൂടുതല്‍ ശക്തിയോടെ പ്രകടമാകുമെന്ന് ഉറപ്പായതോടെ ബി ജെ പിക്ക് വിയര്‍ക്കേണ്ടിവരും. നിര്‍ണായകമായ ഒട്ടേറെ ബില്ലുകള്‍ ഈ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ പാസാക്കിയെടുക്കാന്‍ ഒരുങ്ങുന്ന ബി ജെ പിയ്ക്ക് രാജ്യസഭയിലെ ഭുരിപക്ഷമില്ലായ്മ തികഞ്ഞ വെല്ലുവിളിയാണ്. ഇതിനൊപ്പം പ്രതിപക്ഷ ഐക്യവും ശക്തിപ്പെട്ടാല്‍ മോഡി സര്‍ക്കാര്‍ സഭയില്‍ കുഴങ്ങുമെന്നും ഉറപ്പ്.

28-Nov-2019