ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കേരളം അയൽ സംസ്ഥാനങ്ങളേക്കാൾ വളരെ ഭേദപ്പെട്ട നിലയിലാണ്
അഡ്മിൻ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളം പുലർത്തിയ ജാഗ്രതയുടേയും നടത്തിയ പ്രവർത്തനങ്ങളുടേയും മികവ് മനസ്സിലാക്കാൻ കഴിയുന്നത് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോഴാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു സൂചകങ്ങൾപരിശോധിച്ചാലും താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് ഈ മഹാമാരിയെ നാം നേരിടുന്നത്.
ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 കേസ് ഈ വർഷം ജനുവരി 30ന് കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നിട്ടും, ഈ കാലയളവിനുള്ളിൽ കേസ് പെർ മില്യൺ, അതായത് പത്തുലക്ഷം ജനങ്ങളിൽ എത്ര പേർക്ക് രോഗബാധ ഉണ്ടായി, എന്നു നോക്കിയാൽ കേരളത്തിലത് 2168 ആണ്. 8479 ആണ് ആന്ധ്ര പ്രദേശിലെ കേസ് പെർ മില്യൺ. 5000ത്തിനും മുകളിലാണ് തമിഴ്‌നാട്ടിലും കർണ്ണാടകയിലും. തെലുങ്കാനയിൽ 3482 ആണ്. ഇന്ത്യൻ ശരാശരി 2731 ആണ്. ജനസാന്ദ്രതയിൽ ഈ സംസ്ഥാനങ്ങളേക്കാൾ എല്ലാം ഒരു പാട് മുന്നിലാണ് കേരളമെന്നു കൂടെ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കേരളം അയൽ സംസ്ഥാനങ്ങളേക്കാൾ വളരെ ഭേദപ്പെട്ട നിലയിലാണ്. ഈ ഒന്നാം തീയതിയിലെ നിലയെടുത്താൽ 22,578 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കർണ്ണാടകത്തിൽ 91,018 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 1,01,210 കേസുകളാണ് ആന്ധ്രപ്രദേശിലുള്ളത്. തമിഴ്‌നാട്ടിൽ 52,379 കേസുകളും തെലുങ്കാനയിൽ 32,341 കേസുകളാണുമുള്ളത്.
കർശനമായ ഡിസ്ചാർജ് പോളിസിയാണ് കേരളം പിന്തുടരുന്നത്. മറ്റു പ്രദേശങ്ങളിൽ 10 ദിവസങ്ങൾ കഴിഞ്ഞ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുമ്പോൾ, ആൻറിജൻ പരിശോധന നടത്തി നെഗറ്റീവായ ശേഷം മാത്രമാണ് കേരളത്തിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ പരമാവധി ശ്രമിക്കും എന്ന നിശ്ചയദാർഢ്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ഒരുക്കമല്ല.
കേസ് ഫറ്റാലിറ്റി റേറ്റ്, അതായത് രോഗബാധിതരായ 100 പേരിൽ എത്ര പേർ മരിച്ചു എന്ന കണക്ക് പരിശോധിച്ചാൽ കേരളത്തിൽ 0.4 ആണ്. തമിഴ്‌നാട്ടിലും കർണാടകയിലും 1.7 ഉം, ആന്ധ്രപ്രദേശിൽ 0.9 ഉം ആണ്. വയോജനങ്ങളുടെ എണ്ണവും, കാൻസർ, പ്രമേഹം പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും ഏറ്റവും കുറഞ്ഞ മരണ സംഖ്യ നില നിർത്താൻ സാധിക്കുന്നത് നമ്മുടെ നാടാകെ നടത്തിയ പ്രവർത്തനങ്ങളുടെ മികവിൻറെ ദൃഷ്ടാന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുമ്പിലാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും ഉൾപ്പെടെയുള്ള വിദഗ്ധ ഏജൻസികളെല്ലാം നിഷ്‌കർഷിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. അതനുസരിച്ച് ടെസ്റ്റ് പെർ മില്യൺ ബൈ കേസ് പെർ മില്യൺ എന്ന ശാസ്ത്രീയ സൂചകമുപയോഗിച്ച് പരിശോധിച്ചാൽ മെച്ചപ്പെട്ട രീതിയിലാണ് കേരളം ടെസ്റ്റുകൾ നടത്തുന്നതെന്ന് കാണാം.
കേരളത്തിൻറെ ടെസ്റ്റ് പെർ മില്യൺ ബൈ കേസ് പെർ മില്യൺ 22 ആണ്. തമിഴ് നാടിൻറേത് 11 ആണ്. അതായത് 22 പേർക്ക് ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് ഇവിടെ ഒരാൾക്ക് രോഗം കണ്ടെത്തുന്നത്. തമിഴ്‌നാട്ടിൽ 11 ടെസ്റ്റുകൾ നടത്തുമ്പോൾ ഒന്ന് എന്ന തോതിലാണ് രോഗം കണ്ടെത്തുന്നത്. തെലുങ്കാനയിൽ അത് 10.9 ഉം, കർണ്ണാടകയിലും ആന്ധ്രപ്രദേശിലും 8.4 ഉം ആണ്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, അതായത് 100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര എണ്ണം പോസിറ്റീവ് ആകുന്നു എന്ന കണക്കു നോക്കിയാലും നമ്മൾ മികച്ച നിലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുകയാണ് അഭികാമ്യം. കേരളത്തിൻറെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. തമിഴ്‌നാട്ടിൽ 8.9ഉം തെലുങ്കാനയിൽ 9.2ഉം, കർണാടകയിലും ആന്ധ്രയിലും 11.8ഉം ആണ്. കേരളം ഈ സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ടെസ്റ്റുകൾ നടത്തി എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
അതുകൊണ്ട് കോവിഡ് പ്രതിരോധത്തിൽ തുടക്കം മുതലുള്ള മികവ് നിലനിർത്താനാവുന്നുണ്ട് എന്ന് നിസ്സംശയം പറയാമെന്നും ഈ കണക്കുകൾ വിശകലനം ചെയ്ത് രോഗവ്യാപനം കുറയ്ക്കാനുള്ള എല്ലാ സാധ്യതയും വരും നാളുകളിൽ പരിശോധിച്ച് സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
05-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ