സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു

സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിങ്ങ വീട്ടിൽ സുജയ്‌കുമാർ (36), കുഴിപറമ്പിൽ സുനീഷ് (40) എന്നിവരെയാണ് എസിപി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം അറസ്റ്റുചെയ്‌തത്. മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയിൽ നന്ദനനെ റിമാൻഡ് ചെയ്‌തു.
 
അറസ്റ്റിലായ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ബുധനാഴ്‌ച പകൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിക്കുമുന്നിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഒന്നാംപ്രതി നന്ദനനെ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസിപി പറഞ്ഞു.
 
പ്രതിയെ മിഷൻ ക്വാർട്ടേഴ്‌സ് അമ്പിളിക്കല കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. കോവിഡ് പരിശോധന നെഗറ്റീവായാൽ വിയ്യൂർ ജയിലിലേക്ക് മാറ്റും. ഞായറാഴ്‌ച രാത്രി 10.30ഓടെയാണ് ഒന്നാംപ്രതിയുടെ വീടിനടുത്തുള്ള കളരിക്ക് സമീപത്തുവച്ച് സനൂപിനെ തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്‌. പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. മറ്റു പ്രതികളെ പിടികൂടാൻ നാല് പ്രത്യേക പൊലീസ് ടീം പ്രവർത്തനം തുടങ്ങി. സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും അന്വേഷകസംഘത്തിൽ സജീവമായുണ്ട്.

08-Oct-2020