നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ സംസ്ഥാന സര്‍ക്കാരും

കൊച്ചിയില്‍ വാഹത്തിനുള്ളില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ നടി സമര്‍പ്പിച്ച ഹര്‍ജിയെ അനുകൂലിച്ച് പ്രോസിക്യൂഷനും രംഗത്തെത്തി. ഹൈക്കോടതി നല്‍കിയ രഹസ്യ വിചാരണ എന്ന നിര്‍ദേശം വിചാരണ കോടാതി പാലിച്ചില്ലെന്ന് പ്രോസിക്യുഷന്‍ ഇന്ന് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ നടിയെ വിസ്തരിക്കുന്ന സമയത്ത് കോടതിയില്‍ 20 അഭിഭാഷകരുണ്ടായിരുന്നു. പ്രതികള്‍ക്ക് നല്‍കുന്ന പല സുപ്രധാന രേഖകളുുടെ പകര്‍പ്പ് പ്രോസിക്യുഷന് നല്‍കുന്നില്ല. അതേപോലെ തന്നെ കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി തീരുമാനം നീട്ടിവയ്ക്കുകയാണ്.

വിചാരണ കോടതിക്കെതിരായ പരാതി ആ കോടതി തന്നെ പരിഗണിച്ച് തീര്‍പ്പ് കല്പിച്ചത് ചട്ടലംഘനമാണെന്നും പ്രോസിക്യുഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ നീതി കിട്ടില്ലെന്ന് പ്രോസിക്യുഷന്‍ തന്നെ പറയുമ്പോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണം. കോടതി മാറ്റുന്നത് പരിഗണിക്കണമെന്നും നടിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നിലവില്‍ ഹര്‍ജി അടുത്ത തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി.

പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇത് അറിഞ്ഞിട്ടും വിചാരണ കോടതി അറിഞ്ഞിട്ടും ഇടപെടുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വിസ്താരത്തിനിടെ കോടതി മുറിയില്‍ പ്രതിയുടെ അഭിഭാഷകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന കാര്യം അറിഞ്ഞിട്ടും എന്തുകൊണ്ട് ജഡ്ജിയെ ഇക്കാര്യം അറിയിച്ചില്ലെന്ന് കോടതി ആരാഞ്ഞു. കോടതിയില്‍ സംഭവിച്ച കാര്യങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

30-Oct-2020