ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി വിട്ടേക്കുമെന്ന സൂചനകൾ ശക്തം
അഡ്മിൻ
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ശക്തമാക്കി പാലക്കാട് ബി.ജെ.പിയില്‍ നിന്ന് ശോഭ അനുകൂലികള്‍ രാജിവെച്ചു.ജില്ലയിലെ ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒ.ബി.സി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍. വിഷ്ണു എന്നിവരാണ് ബി.ജെ.പിയില്‍ നിന്ന് പുറത്തുപോയത്.
ബി.ജെ.പിയില്‍ ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും ലഭിക്കില്ലെന്ന് പാര്‍ട്ടിവിട്ട എല്‍. പ്രകാശിനി പറഞ്ഞു. പ്രാദേശിക തലത്തില്‍ വരെ ബി.ജെ.പി നേതാക്കള്‍ വലിയ രീതിയില്‍ അഴിമതി നടത്തുകയാണെന്നും വന്‍കിടക്കാരില്‍ നിന്ന് പണം വാങ്ങി ജനകീയ സമരത്തില്‍ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും രാജിവെച്ചവര്‍ ആരോപിച്ചു.
ബി.ജെ.പിയിലെ ഭിന്നതകളില്‍ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുന:സംഘടനയിലെ അതൃപ്തിയാണ് ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രകടിപ്പിച്ചത്. അതേസമയം, സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തയ്യാറായില്ല.