കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരും

കോവിഡ് വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ പത്ത് ജില്ലകളിൽ നീട്ടാന്‍ തീരുമാനം. അടുത്ത മാസം 15 വരെയാണ്‌ നിരോധനാജ്ഞ തുടരുക. കോവിഡ്‌ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരുന്നതില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്‌ തീരുമാനം എടുക്കാമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ 15 ദിവസം കൂടി നിരോധനാജ്ഞ തുടരും. കോഴിക്കോട്‌ ജില്ലയില്‍ ഒരാഴ്‌ച കൂടി നിരോധനാജ്ഞ തുടരുമെന്നും, പിന്നാലെ വേണ്ട നടപടികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്‌ സംബന്ധിച്ച്‌ ഇന്ന്‌ തീരുമാനം ഉണ്ടാവും. നിരോധനാജ്ഞ നീട്ടുമ്പോള്‍ നിലവില്‍ ഉള്ളത്‌ പോലെ വിവാഹ ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരേയും മാത്രമേ അനുവദിക്കൂ. പൊതു സ്ഥലങ്ങളില്‍ അഞ്ച്‌ പേരില്‍ കൂടുതല്‍ കൂട്ടം കൂടാനും പാടില്ല.

31-Oct-2020