ഡി.വൈ.എഫ്. ഐ: സമരയൗവ്വനത്തിന്റെ 40 വർഷങ്ങൾ

ഡി.വൈ.എഫ്. ഐ രൂപീകരത്തിന്റെ 40ആം വാർഷിക ദിനത്തിൽ സംഘടനയുടെ ആദ്യ പ്രസിഡന്റ് എന്ന നിലയില് മന്ത്രി ഇ.പി ജയരാജൻ നൽകിയ സന്ദേശം പൂർണ്ണരൂപം:

ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്ക് ഏറ്റവും നിര്‍ണ്ണായകമായ സമയത്താണ് ഡി.വൈ.എഫ്‌.ഐയുടെ നാല്‍പ്പതാം വാര്‍ഷികം വന്നെത്തുന്നത്. ജനങ്ങളുടെ തുല്യത, ഉന്നതി, നന്മ എന്നിവയില്‍ വിശ്വസിച്ചിരുന്ന ഒരു രാജ്യം അതിന് വിപരീതമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. തൊഴിലില്ലായ്മയും പട്ടിണിയും കൂടിവരികയാണ്.

രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വത്വം ഇല്ലാതാക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ മുന്നിട്ടിറങ്ങുന്നു. എല്ലാ ഭരണഘടനാ മൂല്യങ്ങളും തകര്‍ക്കപ്പെടുന്ന ഈ വര്‍ത്തമാന കാലത്ത് പുരോഗമന, ജനാധിപത്യ, സോഷ്യലിസ്റ്റ് ആശയങ്ങള്‍ കൈമുതലാക്കി മുന്നേറുന്ന യുവജനപ്രസ്ഥാനത്തിന് വലിയ പ്രസക്തിയാണുള്ളത്.

1980 നവംബര്‍ 3 ന് ലുധിയാനയിലാണ് ഡി വൈ എഫ് ഐ രൂപീകരിച്ചത്. കേരളത്തിലെ കെ എസ് വൈ എഫ്, തമിഴ്നാട്ടിലെ സോഷ്യലിസ്റ്റ് വാലിബര്‍ സംഘടന, പഞ്ചാബിലെ നവ ജവാന്‍ സഭ, പശ്ചിമ ബംഗാളിലെ ഡി വൈ എഫ് തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ ദില്ലിയില്‍ ഒത്തുകൂടി ഒരു കമ്മറ്റിക്ക് രൂപം നല്‍കി. നവംബര്‍ 1 മുതല്‍ 3 വരെ ഈ കമ്മിറ്റി ലുധിയാനയില്‍ സമ്മേളനം നടത്തി ഡി വൈ എഫ് ഐയുടെ പ്രഖ്യാപനം നടത്തി.
ഡിവൈഎഫ്‌ഐയുടെ ആദ്യ ദേശീയ പ്രസിഡന്റ് എന്ന പദവി വ്യക്തിയെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലുമുള്ള എന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനുള്ള വേദി എനിക്ക് ലഭിച്ചത് അതിലൂടെയാണ്. ഒരു സംഘാടകനെന്ന നിലയില്‍ ഡി വൈ എഫ് ഐ എന്നെ രൂപപ്പെടുത്തി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മത എന്നെ പഠിപ്പിച്ചു. രാജ്യമെമ്പാടും സഞ്ചരിക്കാനും എണ്ണമറ്റ ആളുകളുമായി സംവദിക്കാനും ബൂര്‍ഷ്വാ ഭരണത്തിന്‍ കീഴിലുള്ള അവരുടെ ദുരവസ്ഥ മനസ്സിലാക്കാനും എനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ആ പദവി.

സമൂഹത്തിന്റെ ഉന്നമനത്തിനും ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാനും നാടിന് വേണ്ടി യുവാക്കളെ സംഘടിപ്പിക്കാനും ഡി.വൈ.എഫ്‌.ഐ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്നു. സംഘടനയുടെ ആദ്യ പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ ആശംസകളും നേരുന്നു.

03-Nov-2020