ഏറ്റുമുട്ടല്‍: ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍; പോലീസ് എഫ്.ഐ.ആര്‍ പറയുന്നു

ഇന്ന് വയനാട്ടില്‍ ഉണ്ടായ മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലില്‍ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് പോലീസ്. യൂണിഫോം ധരിച്ച ആറോളം ആളുകള്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നു. മുന്‍പ്മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു.

ഇവര്‍ വനം വകുപ്പ് ഓഫീസ്, പോലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കാന്‍ പദ്ധിതിയിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഈ ഏറ്റുമുട്ടലുണ്ടായത്. രാവിലെ 9.15നാണ് വെടിവെയ്പ്പുണ്ടായത്. പെട്രോളിംഗ് നടത്തിയ മാനന്തവാടി എസ്.ഐ ബിജു ആന്റണിയ്ക്കും തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്കും നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചുവെന്നും എന്നാല്‍ മരിച്ചയാള്‍ ആരാണെന്ന് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും വയനാട് എസ് പി പൂങ്കുഴലി അറിയിച്ചു. കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട അഞ്ചുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

03-Nov-2020