മാധ്യമപ്രവർത്തകൻ പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി ; ഡ്രൈവർ അറസ്റ്റിൽ
അഡ്മിൻ
മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപിനെ ഇടിച്ചു കൊലപ്പെടുത്തിയ ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോർട്ട് എസി പ്രതാപന്റെ നേതൃതത്തിലായിരുന്നു കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ നിന്നാണ് ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തി. അപകടം നടന്നത് ജോയി അറിഞ്ഞിരുന്നുവെന്ന് സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ലോറിയും ഡ്രൈവറും ഇപ്പോൾ നേമം പോലീസ് സ്‌റ്റേഷനിൽ ഉണ്ട്. എം സാന്റുമായി പോയ ലോറിയായിരുന്നു ഇത്. സംഭവം നടക്കുമ്പോൾ ലോറി ഉടമ മോഹനനും ലോറിയിലുണ്ടായിരുന്നു. മോഹനനെയും പൊലീസ് ചോദ്യം ചെയ്യും.
ഇന്നലെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ എസ് വി പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ സംഭവം പതിഞ്ഞിരുന്നു.മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സംഭവത്തിൽ ദുരൂഹത ആരോപിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോറി കണ്ടെത്താൻ കഴിഞ്ഞതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്.