കര്‍ഷക സമരം: രാജ്യത്തെ കൂടുതൽ മേഖലകളിൽ ശക്തമാക്കാൻ സംഘടനകൾ

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രക്ഷോഭം രാജ്യത്തെ കൂടുതൽ മേഖലകളിൽ ശക്തമാക്കാൻ കർഷക സംഘടനകൾ. അടുത്ത തിങ്കൾ മുതൽ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. കർഷകർക്ക് പിന്തുണയർപ്പിച്ച് തൊഴിലാളികൾ ഇന്ന് പഞ്ചാബിലെ ബർണാലയിൽ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കും.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് വിധാൻസഭയിൽ കർഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും, ഉച്ചഭക്ഷണം കഴിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കിസാൻ മഹാപഞ്ചായത്തുകൾ വ്യാപകമാക്കുകയാണ് കർഷക സംഘടനകൾ. തിങ്കളാഴ്ച ഹനുമാൻഗഡിലെ നോഹറിലാണ് കിസാൻ മഹാപഞ്ചായത്ത്.

പഞ്ചാബിലെ ബർണാലയിൽ ഇന്ന് സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ കർഷകർക്കൊപ്പം തൊഴിലാളികളും അണിചേരും. ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം എൺപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. വിളവെടുപ്പ് സമയമായതിനാൽ കർഷകരുടെ സാന്നിധ്യത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.

സമരഭൂമിയിൽ നിന്ന് ഒരു കർഷകൻ ഗ്രാമത്തിലേക്ക് പോകുമ്പോൾ, പകരം രണ്ട് പേർ ഗ്രാമത്തിൽ നിന്ന് പ്രക്ഷോഭത്തിനെത്തും.അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പതിനഞ്ച് കർഷകർ കൂടി ജാമ്യത്തിലിറങ്ങി. കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

21-Feb-2021