മന്ത്രി കെ.കെ.ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കോവിഡ് വാക്‌സിൻ സ്വീകരിച്ചു

സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കോവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ആരോഗ്യ മന്ത്രി കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.

തിരക്കുകൾ കാരണമാണ് മുഖ്യമന്ത്രി കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്താതിരുന്നതെന്നും മറ്റ് മന്ത്രിമാർ ഉടൻ തന്നെ കുത്തിവയ്പ്പെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. ഇരുചക്ര വാഹനത്തിലാണ് വാക്‌സിൻ സ്വീകരിക്കാനായി മന്ത്രി ജില്ലാ ആശുപത്രിയിലെത്തിയത്.

കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മരുന്ന് സ്വീകരിച്ച ശേഷം മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

02-Mar-2021