സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ അതിന്റെ മുറയ്ക്ക് സർക്കാർ ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാരിന് തുടർഭരണമുണ്ടാകുമോ എന്ന ചോദ്യത്തിന് ചെറുചിരിയോടെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം ഉണ്ടാകുമോ? അതു തന്നെയാണോ സർക്കാർ പ്രതീക്ഷിക്കുന്നത്? എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇങ്ങനെ: ‘അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ. അത് നമുക്ക് മൂന്നാം തീയതി നല്ല നിലയ്ക്ക് തന്നെ കാണാം.’എന്നായിരുന്നു മറുപടി.

ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങുന്നതിനുള്ള 500 കോടി രൂപ എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിനും തനത് രീതിയിൽ തന്നെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ വാക്കുകൾ: ”സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ, അതിന്റെ മുറയ്ക്ക് സർക്കാർ ചെയ്യും. അതിന് പണം എവിടെ എന്ന് ചോദിച്ചാൽ ആ സമയത്ത് പണം വരും. ഇത് തന്നെയാണ് അതിനുള്ള മറുപടി.”അതേസമയം, സംസ്ഥാനത്തെ 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്കും രണ്ടു ഡോസ് വാക്‌സിൻ സൗജന്യമായി തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് വേണ്ടി ഒരു കോടി ഡോസ് വാക്‌സിൻ വില കൊടുത്ത് വാങ്ങുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ: ”വലിയ തോതിലാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിനേഷൻ നയത്തിന്റെ ഫലമായി 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് ഉൽപ്പാദകരിൽ നിന്നും വാക്‌സിൻ സംസ്ഥാനങ്ങൾ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഈ നയം തിരുത്തണമെന്നും എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകണമെന്നും കേന്ദ്രത്തോട് നാം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി രണ്ട് ഡോസ് വാക്‌സിൻ നൽകുന്നതിനായി ഇന്നു ചേർന്ന മന്ത്രിസഭായോഗം ചില പ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

28-Apr-2021