ആരെയാണ് മോദിയും കൂട്ടരും കബളിപ്പിക്കാൻ ശ്രമിക്കുന്നത്: തോമസ് ഐസക്

കോവിഡ് മരണസംഖ്യയിൽ ഗുജറാത്ത് കണക്കുകളിൽ വലിയ കള്ളക്കളിയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡോ.ടി.എം.തോമസ് ഐസക്.ഇക്കാര്യം ഗുജറാത്തിലെ പത്രങ്ങളും പറഞ്ഞുതുടങ്ങിയെന്നും ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

'ആരെയാണ് മോദിയും കൂട്ടരും കബളിപ്പിക്കാൻ ശ്രമിക്കുന്നത്?' ടി.എം.തോമസ് ഐസക് എഴുതുന്നു
"ഗുജറാത്തിലെ സ്ഥിതിവിശേഷം അവിടുത്തെ പത്രങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. ‘ദിവ്യ ഭാസ്ക്കർ’ എന്ന പത്രമാണ് ഇതിനു തുടക്കം കുറിച്ചത്.

മാർച്ച് 1 മുതൽ മെയ് 10 വരെയുള്ള 71 ദിവസത്തിനിടയിൽ ഗുജറാത്തിൽ 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തലേവർഷം ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ 58,000 മരണം കൂടുതലാണ് ഉണ്ടായത്. അതേസമയം ഔദ്യോഗിക കോവിഡ് മരണം 4,218 മാത്രമാണ്. യഥാർത്ഥ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ 10 മടങ്ങിലേറെ വരുമെന്നു നിസംശയം പറയാം."

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

പ്രധാനമന്ത്രി മൗനം വെടിഞ്ഞു. ഗ്രാമീണ മേഖലയിൽ കോവിഡ് കൂടുതൽ രൂക്ഷമാവുകയാണെന്ന് അദ്ദേഹം സമ്മതിച്ചു. കിസാൻ സമ്മാൻ 2000 രൂപ വീതം കൃഷിക്കാർക്കു നൽകുന്നതു പകർച്ചവ്യാധിക്കു പ്രതിവിധിയൊന്നും ആകുന്നില്ലായെന്നത് മറ്റൊരു കാര്യം.

പക്ഷെ പ്രധാനമന്ത്രിയും ബിജെപി സംസ്ഥാനങ്ങളും സമ്മതിക്കാൻ തയ്യാറാകുന്നതിനും അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ഗുജറാത്തിലെ സ്ഥിതിവിശേഷം അവിടുത്തെ പത്രങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. ‘ദിവ്യ ഭാസ്ക്കർ’ എന്ന പത്രമാണ് ഇതിനു തുടക്കം കുറിച്ചത്. മാർച്ച് 1 മുതൽ മെയ് 10 വരെയുള്ള 71 ദിവസത്തിനിടയിൽ ഗുജറാത്തിൽ 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തലേവർഷം ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ 58,000 മരണം കൂടുതലാണ് ഉണ്ടായത്. അതേസമയം ഔദ്യോഗിക കോവിഡ് മരണം 4,218 മാത്രമാണ്. യഥാർത്ഥ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ 10 മടങ്ങിലേറെ വരുമെന്നു നിസംശയം പറയാം.



കണക്കുകളിൽ വലിയ കള്ളക്കളിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മരണത്തിന്റെ മുഖ്യകാരണം എന്താണെന്നതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് മരണമാണോ അല്ലയോയെന്നു നിശ്ചയിക്കുന്നത് എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ രൂപാണി പറയുന്നത്. ഉദാഹരണത്തിനു കോവിഡ് പോസിറ്റീവായ ഒരാൾ ഹൃദയസ്തംഭനംമൂലം മരിച്ചാൽ ആ മരണം ഹൃദയസ്തംഭനത്തിന്റെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുന്നത്. ഐസിഎംആർ ഇത് അംഗീകരിച്ചിട്ടുണ്ടെന്നാണു മുഖ്യമന്ത്രിയുടെ വാദം. ഇതു ശുദ്ധ നുണയാണ്. ഐസിഎംആറിന്റെ മാനദണ്ഡങ്ങൾക്കു കടകവിരുദ്ധമാണ് ഈ രീതി.

ആരെയാണ് മോദിയും കൂട്ടരും കബളിപ്പിക്കാൻ ശ്രമിക്കുന്നത്? രോഗത്തിന്റെ തീവ്രത എത്ര മറച്ചുവയ്ക്കുന്നവോ അത്രയും വ്യാപനം മൂർച്ഛിക്കും. കാര്യങ്ങൾ തുറന്നുപറഞ്ഞു രോഗികളെ ക്വാറന്റൈൻ ചെയ്യിക്കുകയും ചികിത്സ നൽകുകയുമാണു വേണ്ടത്. അതുപോലെ കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കുകയും എത്രയും പെട്ടെന്നു വാക്സിനേഷൻ നൽകുകയും വേണം. ഇതിനൊന്നും ആവശ്യമായ പണം ചെലവഴിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല.

ഇതിനിടയിൽ ഗംഗാ നദിയിലൂടെ ഒഴുക്കിവിടുന്ന കോവിഡ് മൃതദേഹങ്ങളുടെ എണ്ണം വിചാരിച്ചതിനേക്കാളും അപ്പുറത്താണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ‘ഏഷ്യൻ ഏജ്’ എന്ന പത്രം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ റിപ്പോർട്ട് പുറത്തുവിട്ടു. എന്റെ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞപോലെ 100 ഒന്നുമല്ല – 2000 മൃതദേഹങ്ങളാണ് നദിയിൽ നിന്നും എടുത്തു മാറ്റിയത്. ഇതു മുഖ്യമായും കാൺപൂർ, ഗാസിപ്പൂർ, ഉന്നാവോ, ബാലിയ ജില്ലകളിലാണ്.



അതിനിടയിൽ മറ്റൊരു വാർത്തകൂടി പുറത്തുവന്നിട്ടുണ്ട്. ഗ്രാമീണർ മൃതദേഹങ്ങൾ ഗംഗാതീരത്തു ദഹിപ്പിക്കുന്നതിനു പകരം അവിടെ കുഴിച്ചിടുകയാണ്. നായകൾ മൃതദേഹങ്ങൾ കടിച്ചു പുറത്തെടുക്കുന്നു. ഏറ്റവും പ്രിയപ്പെട്ടവരാണെങ്കിലും ചിതയൊരുക്കുന്നതിനു വിറകു വാങ്ങാൻ പണമില്ല. അത്ര കൊടിയ ദാരിദ്ര്യത്തിലേയ്ക്കു ഗ്രാമങ്ങൾ വീണിരിക്കുകയാണ്.

മോദി നൽകുന്ന 2000 രൂപയുടെ കിസാൻ സമ്മാൻ കൊണ്ടു പരിഹാരത്തിന്റെ അരികിൽ എത്തുന്നില്ല. ഒന്നരലക്ഷം കോടി രൂപ കോർപ്പറേറ്റുകൾക്കു നികുതി ഇളവു നൽകുന്നതിനു മോദിക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ലല്ലോ. പക്ഷെ പാവങ്ങളോട് എന്തൊരു പിശുക്ക്?

എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? മോദിയുടെയും കൂട്ടരുടെയും രാജി ആവശ്യപ്പെടേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. കോവിഡ് ബിജെപി ഭരണത്തെയുംകൊണ്ടേ പോവുകയുള്ളൂവെന്നു തോന്നുന്നു.

16-May-2021