സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിലായി. മലപ്പുറം ജില്ലയെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയതോടെ അടുത്ത മാസം 9 വരെ സംസ്ഥാനത്ത് ഒരേ നിയന്ത്രണങ്ങളാണ്. 50% ജീവനക്കാരുമായി സെക്രട്ടേറിയറ്റ് ഇന്ന് പ്രവർത്തനം ആരംഭിക്കും. മറ്റു സംസ്ഥാന-കേന്ദ്ര സർക്കാർ ഓഫിസുകളുടെ പ്രവർത്തനം പുനരാ‍രംഭിക്കുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചെങ്കിലും പൊലീസ് പരിശോധന കർശനമായി തുടരും. ജില്ല വിട്ടുള്ള യാത്രയ്ക്ക് ഇളവില്ല, സത്യപ്രസ്താവന കരുതണം

ഇളവുകൾ ഇന്ന്

∙ ബാങ്കുകൾ: വൈകിട്ട് 5 വരെ. ധനകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.

∙ ഹോട്ടൽ, റസ്റ്ററന്റ് പാഴ്സൽ: രാവിലെ 7 മുതൽ രാത്രി 7.30 വരെ. ഹോം ഡെലിവറി രാത്രി 9 വരെ



∙ അവശ്യ, ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ: രാവിലെ 7 മുതൽ രാത്രി 7.30 വരെ



∙ പാഠപുസ്തകം, വിവാഹ ആവശ്യത്തിനുള്ള കടകൾ, സ്വർണം, ചെരിപ്പ് എന്നിവ വിൽക്കുന്ന കടകൾ വൈകിട്ട് 5 വരെ

∙ കാർഷിക സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ, കാർഷിക അനുബന്ധ യന്ത്രോ‍പകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ: രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ

∙ വളം, കീടനാശിനി കടകൾ: രാവിലെ 7 മുതൽ ഉച്ചയ്ക്ക് 11 വരെ.

∙ പോസ്റ്റ് ഓഫിസിൽ പണം അടയ്ക്കാൻ ആർഡി കലക‍്ഷൻ ഏജന്റുമാർക്ക് ഇന്നു മാത്രം യാത്രാനുമതി

∙ ഫ്രിജ് നന്നാക്കുന്ന കടകൾ തുറക്കാം

വ്യവസായ സ്ഥാപനങ്ങൾ

∙ വ്യവസായ സ്ഥാപനങ്ങൾക്ക് (കയർ, കശുവണ്ടി മേഖലകൾ ഉൾപ്പെടെ) 50% ജീവനക്കാരുമായി പ്രവർത്തിക്കാം

∙ നേരത്തേ നിശ്ചയിച്ച വിവാഹങ്ങൾക്ക് കോവിഡ് പ്രോ‍‍ട്ടോക്കോൾ പാലിച്ച് 20 പേർക്കു പങ്കെടുക്കാം.

∙ മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രം

വസ്ത്രം, ആഭരണം, കള്ള്

∙ വസ്ത്രങ്ങളും, ആഭരണങ്ങളും ഓൺലൈനായി വാങ്ങാം. ഹോം ഡെലിവറി, ഓൺലൈൻ ഡെലിവറി എന്നിവയ്ക്കായി തുണി‍ക്കടകൾക്കും ആഭരണ‍ക്കടകൾക്കും പ്രവ‍ർത്തിക്കാം.

∙ പഴം, പച്ചക്കറി എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട് ഹോർ‍ട്ടികോ‍ർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിനും ഇളവ്



∙ കള്ളുഷാപ്പുകളിൽ നിന്ന് കള്ള് പാഴ്സലായി നൽകും. ബാറുകളും ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപനശാലകളും തുറക്കില്ല

നാളെ ഫോൺ, കംപ്യൂട്ടർ കടകൾ

∙ കണ്ണടക്കടകൾ, ശ്രവണ സഹായ –കൃത്രിമ കാലുകൾ എന്നീ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പാചക വാതക അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ നന്നാക്കുന്ന സ്ഥാപനങ്ങൾ എന്നിവ നാളെ തുറക്കാം.

∙ വ്യവസായ സ്ഥാപനങ്ങൾക്ക് പാക്കേജിങ്ങിന് ഉൾപ്പെടെ അസംസ്കൃത വസ്തുക്കളും മറ്റും നൽകുന്ന സ്ഥാപനങ്ങൾക്കും കടകൾക്കും വൈകിട്ട് 5 വരെ തുറക്കാം

∙ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നാളെ അവധി

31-May-2021