കടല്‍തീരം പൂര്‍ണ്ണമായും സംരക്ഷിക്കും: മുഖ്യമന്ത്രി

കേരളത്തില്‍ പത്ത് ഇടങ്ങളില്‍ അതിതീവ്ര കടല്‍ത്തീരം ശോഷിക്കുന്നതായി സര്‍ക്കാര്‍. ഇവിടങ്ങളില്‍ ടെട്രാപാഡ് സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.

ഉന്നയിച്ചത് ഗൗരവമായ പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരത്തെ പ്രശ്‌നം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. ഗൗരവമായ ഇടപെടല്‍ ഉണ്ടാകും. അഞ്ചു വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കും. കടല്‍ത്തീരം പൂര്‍ണ്ണമായും സംരക്ഷിക്കും. ശംഖുമുഖത്തോട് അവഗണന ഇല്ല. തീരം സംരക്ഷിക്കും. മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി തന്നെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തിര പ്രമേയത്തിന് പിന്നീട് സ്പീക്കര്‍ എംബി രാജേഷ് അനുമതി നിഷേധിച്ചു. പിന്നീട് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

01-Jun-2021