ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു

ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാല്‍ വോട്ടെടുപ്പ് ഉണ്ടായില്ല. ഇതോടെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കര്‍ എം ബി രാജേഷ് പ്രഖ്യാപിച്ചു.

അടൂരില്‍ നിന്നുള്ള നിയമസഭാഗമാണ് ചിറ്റയം ഗോപകുമാര്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്കെത്തുന്നത്. ഫേസ്ബുക്കിലൂടെ എല്ലാവര്‍ക്കും ഗോപകുമാര്‍ നന്ദി അറിയിച്ചു.

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഭരണ മികവിൽ തുടങ്ങി പിന്നീട് നിയമസഭാ സാമാജികനായി പത്താണ്ട് പൂർത്തീകരിക്കുന്ന വേളയിലാണ് ചിറ്റയം ഗോപകുമാറിനെ തേടി പുതിയ സ്ഥാനലബ്ദി എത്തുന്നത്. അടൂരിന് ഒരു പൊൻ തൂവൽ കൂടിയാണ് ചിറ്റയത്തിന്റെ പുതിയ സ്ഥാനക്കയറ്റം.

ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തിൽ ജനിച്ച കെ.ജി ഗോപകുമാർ എ ഐ എസ് എഫ് വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.

01-Jun-2021