കോവിഡ് മാനദണ്ഡ ലംഘനം ; ബിജെപി എംഎല്‍എ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ കേസ്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍ നടത്തിയ ബിജെപി എംഎല്‍എയുള്‍പ്പെടെ 60 പേര്‍ക്കെതിരെ കേസ്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് എംഎല്‍എയും പാര്‍ട്ടി യൂണിറ്റ് പ്രസിഡന്റുമായ മഹേഷ് ലാന്‍ഗെയ്ക്കെതിരെയാണ് നടപടി. എംഎല്‍എയ്ക്കും കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ലാന്‍ഗെ മകളുടെ വിവാഹ ചടങ്ങുകള്‍ നടത്തിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.


ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. നൂറോളം പേർ ചടങ്ങിൽ ഉണ്ടായിരുന്നതായാണ് വിവരം. ബന്ധുക്കൾക്ക് പുറമെ പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തതെന്നും എല്ലാവരുടെയും കൈയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിരുന്നുവെന്നും മഹേഷ് ലാന്‍ഗെ പ്രതികരിച്ചു.

01-Jun-2021