കോണ്‍ഗ്രസ് തോൽവിയെക്കുറിച്ച് അശോക് ചവാന്‍ സമിതി റിപ്പോർട്ട് ഹൈക്കമാന്‍ഡിന് സമർപ്പിച്ചു
അഡ്മിൻ
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോൽവിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിച്ചു. അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് സമിതിക്കുളളത്.
റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോർട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും.
കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതിയോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഓണ്‍ലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍ തേടിയത്.
എംഎല്‍എമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്. കേരളം ഉള്‍പ്പടെയുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ടാണ് അശോക് ചവാന്‍ സമിതി സമര്‍പ്പിച്ചത്.