ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തും: മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
സംസ്ഥാനത്തെ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകള്‍ ഉടന്‍ തന്നെ ഒഴിവുകള്‍ നികത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇപ്പോൾ 6832 അധ്യാപക തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. വി ഡി സതീശനാണ് സബ്മിഷനായി വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രം എല്‍പി, യുപി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി 6832 അധ്യാപക ഒഴിവുകളുണ്ട്.
ഇതിനുപുറമെ എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 2020ലും 2021ലും വിരമിച്ച അധ്യാപകര്‍ക്ക് പകരം നിയമനം നടത്തിയിട്ടില്ല. ആ കണക്ക് കൂടി കൂട്ടിയാല്‍ ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകള്‍ പതിനായിരത്തോളം വരും.വേണ്ടത്ര അധ്യാപകരില്ലാതെ എങ്ങനെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചു.
നിയമന ഉത്തരവ് നല്‍കിയവര്‍ക്ക് പോലും ജോലിയില്‍ കയറാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് എ.ജിയുടെ നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ ആണെന്നായിരുന്നു മന്ത്രിയുടെ മറുപടി.