ലക്ഷദ്വീപ്: പോലീസ് നടപടികള്‍ക്കെതിരെ നല്‍കിയ ഹർജിയില്‍ ഇടപെടലുമായി ഹൈക്കോടതി

ലക്ഷദ്വീപ് അധികൃതരുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ പോലീസ് നടപടികള്‍ക്കെതിരെ നല്‍കിയ ഹർജിയില്‍ ഹൈക്കോടതി ഇടപെടല്‍.കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും സ്വീകരിച്ച നടപടികളും വ്യക്തമാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പ്രതിഷേധക്കാരെ നോട്ടിസ് നല്‍കി ചോദ്യം ചെയ്ത് കൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. അതേ സമയം ദ്വീപില്‍ പോലീസിനെതിരെ ഒരു പരാതിയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനായി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കി.

ഇന്റലിജന്‍സ് വിവരശേഖരണം നടക്കുന്നുണ്ടെന്നും അത് തടയാനാകില്ലെന്നും ലക്ഷദ്വീപ് സ്റ്റാന്‍ഡിംഗ് കോണ്‍സലും നിലപാടെടുത്തു.അറസ്റ്റിലായവര്‍ കസ്റ്റഡി പീഡനം ആരോപിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ നിലപാടെടുത്തു. ഹരജി അടുത്തയാഴ്ച പരിഗണിക്കും.

02-Jun-2021