ലക്ഷദ്വീപ്; പ്രതിഷേധങ്ങൾക്ക് നേതൃത്വം നല്കുന്ന സംഘടനകളെക്കുറിച്ച് അന്വേഷണം
അഡ്മിൻ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. ലക്ഷദ്വീപിന് പുറത്ത് കേരളത്തിലും ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളും ഇവയ്ക്ക് നേതൃത്വം നല്കുന്ന സംഘടനകളും ഏതെല്ലാമാണെന്ന് കണ്ടെത്താനാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതിനുള്ള ചുമതല. ലക്ഷദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളെ കുറിച്ചും പ്രക്ഷോഭ രീതിയിലെ മാറ്റങ്ങളെ കുറിച്ചും ഐബി നിരീക്ഷിച്ചുവരികയാണ്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യുവജന സംഘടനകള്‍ക്കും പുറമേ പ്രതിഷേധത്തിനെത്തുന്ന സംഘടനകളുടെ മുഴുവന്‍ വിവരങ്ങളും ഐബി നിരീക്ഷിക്കുന്നുണ്ട്. മതതീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ സാന്നിധ്യം പ്രതിഷേധങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ഇത്തരം സംഘടനകളുടെയും പോഷക സംഘടനകളുടെയും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നേരത്തെ നിരോധിച്ച സംഘടനകളുമായി ബന്ധമുള്ളവര്‍ പോലും ഇത്തരം പ്രക്ഷോഭങ്ങളില്‍ സജവീമായി ഇടപെടുന്നതായാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. കോഴിക്കോടും കൊച്ചിയും കേന്ദ്രീകരിച്ചാണ് കൂടുതലായും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും കഴിഞ്ഞ ദിവസം വീട്ടുമുറ്റ പ്രതിഷേധം അരങ്ങേറിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളേന്തിയുള്ള പ്രതിഷേധമായിരുന്നു നടന്നത്. ഇത്തരത്തില്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് പിന്നില്‍ നേതൃത്വം നല്‍കുന്നവരുടെ പശ്ചാത്തലവും പരിശോധിക്കുന്നുണ്ട്.
03-Jun-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More