ആര്‍ എസ് എസ് - പോപ്പുലര്‍ ഫ്രണ്ട് രഹസ്യചര്‍ച്ച

എറണാകുളം : ആര്‍ എസ് എസ് - പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വങ്ങള്‍ രഹസ്യ ചര്‍ച്ച നടത്തിയതായി സൂചനകള്‍. അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള സാധ്യതയെ പ്രതിരോധിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആര്‍ എസ് എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്.

കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ചന്വേഷിക്കാതിരിക്കാന്‍ ആര്‍ എസ് എസ് സഹായിക്കണമെന്നും നേതൃത്വം അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക സ്രോതസ് അന്വേഷണ വിധേയമാക്കിയാല്‍ ഐ എസ് കേന്ദ്രങ്ങളുമായുള്ള ബന്ധം പുറത്തുവരുമെന്നും അതുകൊണ്ട് കേന്ദ്ര ഏജന്‍സിയെ കോണ്ടുള്ള അന്വേഷണം ഏതുവിധേനയും തടയണമെന്നും പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് നേതൃത്വത്തിന് മുന്നില്‍ അപേക്ഷിച്ചു. കോടികളുടെ സംഭാവനയാണ് തങ്ങളുടെ കൂടെ നില്‍ക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ട് ആര്‍ എസ് എസിലെ ചില നേതാക്കള്‍ക്ക് നല്‍കി വരുന്നത്.

നേരത്തെ തലശേരിയില്‍ എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കുത്തിക്കൊന്ന ആര്‍ എസ് എസുകാരെ രക്ഷപ്പെടുത്താന്‍ സംഘത്തിന്റെ കൂടെ നില്‍ക്കുന്നതിനായുള്ള ചര്‍ച്ച ആര്‍ എസ് എസ് -പോപ്പുലര്‍ ഫ്രണ്ട് നേതൃത്വങ്ങള്‍ നടത്തിയിരുന്നു. അതിന് ശേഷം സിപിഐ എംനെ ആക്രമിക്കുന്ന കാര്യത്തില്‍ ഇവര്‍ ഒപ്പം നില്‍ക്കുന്നതാണ് കണ്ടിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടും ആര്‍ എസ് എസും തമ്മില്‍ സംഘര്‍ഷമുണ്ടാവാതെ നോക്കുകയും രണ്ടുപേരും ധാരണയിലെത്തി സിപിഐ എം വിരുദ്ധ പ്രചാരവേലയും ആക്രമവും നടത്തുന്ന രീതിയുമാണ് നിലവിലുള്ളത്.

ഫസല്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യവുമായി ഫസലിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ആര്‍ എസ് എസിന് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ആവശ്യമുള്ള വേളയാണിത്. അതിനാലാണ് അഭിമന്യു വധക്കേസിലടക്കം സഹായ നിലപാടുണ്ടാകുമെന്നുള്ള ഉറപ്പ് ആര്‍ എസ് എസ് നേതൃത്വത്തില്‍ നിന്നും പോപ്പുലര്‍ഫ്രണ്ട് നേതൃത്വത്തിന് ലഭിച്ചത്.

നേരത്തെ ഹിന്ദു ഐക്യവേദിയുടെ കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനികുമാര്‍ കൊല്ലപ്പെട്ടശേഷമുണ്ടായ കലാപത്തില്‍ കൊള്ളയ്ക്കും ആക്രമണത്തിനും ഇരയായവരുടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് ആര്‍ എസ് എസ് - പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു. അതിനെ തുടര്‍ന്നാണ് എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് താല്‍പ്പര്യം കാണിക്കാതെ പിന്നോക്കം പോയത്.   

19-Jul-2018