എം.ആർ വാക്സിൻ പരിഭ്രാന്തി വേണ്ട

#ഈ വാക്സിൻ സുരക്ഷിതമാണോ?
 
വളരെയധികം സുരക്ഷിതമായ വാക്സിനുകളിൽ ഒന്നാണിത്. അതു കൊണ്ട് തന്നെയാണ് ഇത്തരം മാസ് ക്യാംപെയ്നുകൾക്ക് ഇത് ഉപയോഗിക്കുന്നത് .
 
ഒരാഴ്ചക്ക് ശേഷം നേരിയ പനിയും തടിപ്പും ഈ കുത്തിവെപ്പെടുത്ത 5-6 % കുട്ടികളിൽ കണ്ടേക്കാം.
 
*അടിക്കുറിപ്പ് .....*
 
കേട്ട പാതി കേൾക്കാത്ത പാതി ,ഏതൊക്കെയോ നിക്ഷിപ്ത താൽപര്യക്കാർ അടിച്ചു വിടുന്ന മെസ്സേജുകൾ ഫോർവേഡ് ചെയ്യും മുമ്പ് നിങ്ങളുടെ കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ഡോക്ടറോടോ ,വിശ്വാസമുള്ള മറ്റൊരു ഡോക്ടറോടോ അഭിപ്രായം ആരായുക.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എം.ആർ ക്യാംപെയിനുമായി ബന്ധപ്പെട്ട് നിരവധി മാതാപിതാക്കളാണ് സംശയങ്ങളുമായി എത്തുന്നത്. അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ചില തൽപരകക്ഷികളുടെ മെസ്സേജുകൾ വാട്ട്സാപ്പിലൂടെയും മെസ്സഞ്ചറിലൂടെയും ഫോർവേഡ് ചെയ്ത് കിട്ടുന്നുമുണ്ട്. ഊരും പേരുമില്ലാത്ത ഓഡിയോ ക്ലിപ്പുകൾ പോലും വിദ്യാസമ്പന്നരായ മാതാപിതാക്കളെ വരെ എം.ആർ വാക്സിനെക്കുറിച്ച് പരിഭ്രാന്തരാക്കാൻ പര്യാപ്തമാകുന്നു എന്നത് ഒരു പീഡിയാട്രീഷ്യൻ എന്ന നിലയിൽ എനിക്കേറെ മനസ്താപമുണ്ടാക്കുന്നു. ആരോഗ്യ വകുപ്പും Info Clinic ഉം Amrithakiranam വും ആവത് പരിശ്രമിച്ചിട്ടും നുണകളെ ഓടിത്തോൽപ്പിക്കാൻ ഞങ്ങൾക്ക് വേണ്ടത്ര കഴിയാത്തതിൽ തെല്ല് നിരാശയുമുണ്ട്.
 
*എന്താണ് എം.ആർ ക്യാംപെയ്ൻ*
 
നിരവധി കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന മീസിൽസ് (അഞ്ചാം പനി ), ശർഭസ്ഥശിശുക്കളിൽ ഗുരുതര വൈകല്യങ്ങളുണ്ടാക്കുന്ന റൂബെല്ല എന്നിവയിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനും ഈ രോഗങ്ങളുണ്ടാക്കുന്ന വൈറസുകളുടെ വ്യാപനം തടഞ്ഞ് അവയെ ഉന്മൂലനം ചെയ്യുന്നതിനുമാണ് എം.ആർ ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്.
 
ഇന്ത്യയിലെ 9 മാസത്തിനും 15 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് ഒരു അധിക ഡോസ് എം.ആർ വാക്സിൻ ഘട്ടങ്ങളായി നൽകപ്പെടുകയാണ്.
 
*ഇതൊരു പുതിയ പ്രോഗ്രാം ആണോ?*
 
അല്ല.പാശ്ചാത്യ നാടുകളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഈ നൂറ്റാണ്ടിലെ ആദ്യ ദശകത്തിൽ തന്നെ ഇത്തരത്തിൽ മീസിൽസിനും റൂബെല്ലക്കും എതിരായ ക്യാംപെയ്നുകൾ നടത്തിയിട്ടുണ്ട്.
 
ഒമാനിൽ ഈ വർഷമാണ് എം.എം.ആർ വാക്സിൻ ക്യാംപെയ്ൻ നടത്തപ്പെട്ടത്.
 
*ഇതൊരു ബൃഹത്തായ പദ്ധതിയാണോ?*
 
തീർച്ചയായും അതെ. ഇന്ത്യയിൽ  9 മാസം മുതൽ 15 വയസ്സ് വരെയുള്ള 41 കോടി കുഞ്ഞുങ്ങൾക്കാണ് എം.ആർ വാക്സിൻ നൽകപ്പെടുന്നത്.
 
തമിഴ്നാട് ,കർണാടകം ,ഗോവ ,പുതുച്ചേരി ,ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ആദ്യ ഘട്ടം പൂർത്തിയായപ്പോൾ 3. 3 കോടി കുഞ്ഞുങ്ങൾക്കാണ് എം.ആർ വാക്സിൻ നൽകപ്പെട്ടത്.ഇത് ലക്ഷ്യമാക്കിയതിന്റെ 97% വരും. ഗുരുതര പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
 
കേരളം, തെലങ്കാന ,ആന്ധ്രാപ്രദേശ്, ദാമൻ ദ്യൂ&ഹവേലി ,ഹരിയാന ,ഉത്തർഖണ്ഡ് ,ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് എം.ആർ ക്യാംപെയ്ൻ രണ്ടാം ഘട്ടം നടത്തപ്പെടുന്നത്.
 
കേരളത്തിൽ 76.5 ലക്ഷം കുട്ടികളെയാണ് നാം ലക്ഷ്യമിടുന്നത്.
 
*പറയുന്നത്ര ഭീകരമാണോ മീസിൽസും റൂബെല്ലയും?*
 
ഇന്ത്യയിൽ ഒരു വർഷം 27 ലക്ഷം കുഞ്ഞുങ്ങൾക്കാണ് മീസിൽസ് പിടിപെടുന്നത്.49200 കുഞ്ഞുങ്ങൾ പ്രതിവർഷം മീസിൽസ് മൂലം ഇന്ത്യയിൽ മരണമടയുന്നു.ലോകത്തിലെ ആകെ മീസിൽ സ് മരണങ്ങളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ്.
 
ബുദ്ധിമാന്ദ്യം ,ബധിരത ,തിമിരം എന്നിവ ഉൾപ്പെടുന്ന ഗുരുതര ജന്മ വൈകല്യമായ കൻജനിറ്റൽ റൂബെല്ല സിൻഡ്രോം 40000 കുഞ്ഞുങ്ങൾക്ക് ഇന്ത്യയിൽ പ്രതിവർഷം ഉണ്ടാകുന്നു.
 
*എം.ആർ പുതിയ വാക്സിൻ ആണോ?*
 
അല്ല. ദശകങ്ങളായി ഈ വാക്സിൻ ഉപയോഗിച്ചു വരുന്നു. നിലവിൽ 150 ഓളം രാജ്യങ്ങളിൽ മീസിൽസിനും റൂബെല്ലക്കും എതിരായ വാക്സിനുകൾ ലഭ്യമാണ്.
 
*ഈ വാക്സിൻ നേരത്തേ മുതൽ ഉപയോഗിച്ചിട്ടും ഗുണമില്ലെന്നാണോ?*
 
2000-ൽ മീസിൽ വാക്സിനേഷൻ നിരക്ക് 56 % ആയിരുന്നപ്പോൾ മീസിൽസ് മൂലമുള്ള മരണം ഇന്ത്യയിൽ പ്രതിവർഷം 1,00,000 ആയിരുന്നു.
 
എന്നാൽ 2010-ൽ മീസിൽസ് രണ്ടാം ഡോസ് ഒന്നര വയസ്സിൽ രോഗ പ്രതിരോധ കുത്തിവെപ്പിൽ ഉൾപ്പെടുത്തി. കേരളത്തിൽ ഇത് എം.എം.ആർ വാക്സിൻ ആയാണ് നൽകിയത്.
 
2015ലെ കണക്ക് പ്രകാരം ഇന്ത്യയിലെ മീസിൽസ് വാക്സിനേഷൻ നിരക്ക് 87% ആയി ഉയരുകയും മരണസംഖ്യ പ്രതിവർഷം 49200 ആയി കുറയുകയും ചെയ്തു.
 
വാക്സിന്റേയും അധിക ഡോസിന്റേയും ഗുണഫലങ്ങൾ ഇതിൽ നിന്നും വ്യക്തമാണല്ലോ.
 
*അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ എം.ആർ വാക്സിൻ നിരോധിച്ചിട്ടുണ്ടോ?*
 
ഇല്ല. ഈ വാക്സിൻ ഉപയോഗിച്ച് മീസിൽസ് റുബെല്ല എന്നിവയെ വിജയകരമായി നിയന്ത്രണ വിധേയമാക്കുകയാണ് അവർ ചെയ്തത്.
 
*എം.ആർ വാക്സിൻ ഗുണനിലവാരമുള്ളതാണോ?*
 
ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കിയ വാക്സിനുകളാണ് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്. നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക ,ഭൂട്ടാൻ ,ബംഗ്ലാദേശ്  എന്നിവിടങ്ങളിലും നമ്മൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിൻ തന്നെയാണ് ഉപയോഗിക്കുന്നത്.
 
ഓരോ വാക്സിൻ വയലിലും വാക്സിൻ വയൽ മോണിറ്റർ ഉണ്ട്. വാക്സിൻ കൃത്യമായ ഊഷ്മാവിൽ ഗുണ നിലവാരത്തോടെ സൂക്ഷിക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്താൻ ഇതുവഴി സാധിക്കും.
 
*ആൺകുട്ടികൾക്ക് എന്തിനാണ് റൂബെല്ല വാക്സിൻ നൽകുന്നത്?*
 
ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടാകുന്നത് ഗർഭിണിയായ അമ്മയ്ക്ക് റുബെല്ല പിടിപെടുമ്പോഴാണ് എന്നത് ശരി തന്നെ.എന്നാൽ ആൺകുട്ടികൾക്കും റുബെല്ല ഉണ്ടാകാം.അവർ രോഗവ്യാപനത്തിന് കാരണമാകും. റൂബെല്ല ഉന്മൂലനം ചെയ്യാൻ അത് കൊണ്ട് തന്നെ ലിംഗഭേദമന്യേ വാക്സിൻ നൽകണം.
 
*എം.ആർ ക്യാംപെയ്ൻ നടപ്പാക്കുന്നതെങ്ങനെ?*
 
കേരളത്തിൽ ഒക്ടോബർ 3 മുതലാണ് എം.ആർ ക്യാംപെയ്ൻ തുടങ്ങുന്നത്. ആദ്യത്തെ രണ്ടാഴ്ച സ്കൂളുകൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നൽകും. തുടർന്നുള്ള രണ്ടാഴ്ചകളിൽ സബ് സെൻററുകൾ ,അംഗൻവാടികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ഔട്ട് റീച്ച് സെഷനുകൾ നടക്കും.
 
*സ്കൂളിൽ വെച്ച് ഈ കുത്തിവെപ്പ് നൽകുന്നത് അപകടമല്ലേ?*
 
സ്കൂൾ ഹെൽത്ത് പ്രോഗ്രാമുമായി ബന്ധപ്പെട്ട്  അഞ്ചാം ക്ലാസ്സിലേയും പത്താം ക്ലാസ്സിലേയും വിദ്യാർത്ഥികൾക്ക്  ടെറ്റനസിനെതിരായുള്ള കുത്തിവെപ്പ് ഏറെ വർഷങ്ങളായി സ്കൂളുകളിൽ വെച്ച് നൽകി വരുന്നതാണ്. സ്കൂളുകളിലെ വാക്സിനേഷൻ പുതിയ സംഭവമല്ലെന്ന് ചുരുക്കം.
 
സ്കൂളുകളിൽ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടറും ,ജെ.പി.എച്ച്.എൻ മാരും ,പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകരും ആവശ്യമായ സജ്ജീകരണങ്ങളോടെ കുത്തിവെപ്പിനായുണ്ടാകും.
 
ഏറ്റവും സുരക്ഷിതമായി വാക്സിനേഷൻ നൽകാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.
 
*ചെറിയ പനി ഉള്ളപ്പോൾ ഈ വാക്സിൻ നൽകാമോ?*
 
ചെറിയ പനിയോ ,ജലദോഷമോ ,ചുമയോ ,വയറിളക്കമോ ഒന്നും ഈ വാക്സിൻ എടുക്കാൻ തടസ്സമല്ല.
 
*എങ്ങനെയാണ് ഈ വാക്സിൻ നൽകുന്നത് ?*
 
കയ്യുടെ മുകൾ ഭാഗത്ത് തൊലിക്കുള്ളിലായാണ് ഈ വാക്സിൻ നൽകുന്നത്.(Subcutaneous injection over deltoid region)
 
*ആർക്കൊക്കെയാണ് ഈ വാക്സിൻ കൊടുക്കരുതാത്തത്?*
 
* ഗുരുതരമായ അസുഖമുള്ളവർ ,ആശുപത്രിയിൽ അഡ്മിറ്റ് ആയവർ
 
* കടുത്ത പനി
 
* ഇമ്യൂണോ കോംപ്രമൈസ്ഡ് ആയ കുട്ടികൾ, ക്യാൻസർ മുതലായ അസുഖങ്ങൾക്ക് immunosuppressive മരുന്നുകൾ കഴിക്കുന്നവർ, സ്ഥിരമായി സ്റ്റീറോയ്ഡ് മരുന്നു കഴിക്കുന്നവർ
 
* ഈ വാക്സിനോട് ഗുരുതരമായ അലർജി മുമ്പ് ഉണ്ടായിട്ടുള്ളവർ
 
#ഈ വാക്സിൻ സുരക്ഷിതമാണോ?
 
വളരെയധികം സുരക്ഷിതമായ വാക്സിനുകളിൽ ഒന്നാണിത്. അതു കൊണ്ട് തന്നെയാണ് ഇത്തരം മാസ് ക്യാംപെയ്നുകൾക്ക് ഇത് ഉപയോഗിക്കുന്നത് .
 
ഒരാഴ്ചക്ക് ശേഷം നേരിയ പനിയും തടിപ്പും ഈ കുത്തിവെപ്പെടുത്ത 5-6 % കുട്ടികളിൽ കണ്ടേക്കാം.
 
*അടിക്കുറിപ്പ് .....*
 
കേട്ട പാതി കേൾക്കാത്ത പാതി ,ഏതൊക്കെയോ നിക്ഷിപ്ത താൽപര്യക്കാർ അടിച്ചു വിടുന്ന മെസ്സേജുകൾ ഫോർവേഡ് ചെയ്യും മുമ്പ് നിങ്ങളുടെ കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ഡോക്ടറോടോ ,വിശ്വാസമുള്ള മറ്റൊരു ഡോക്ടറോടോ അഭിപ്രായം ആരായുക.

30-Sep-2017

ആരോഗ്യ ജീവനം മുന്‍ലക്കങ്ങളില്‍

More