മരണക്കമ്പത്തിനിപ്പുറം

ഒരു ജന്മത്തിന്റെ മുഴുവന്‍ ചോരയും നീരും സ്വപ്നവും പ്രതീക്ഷയും ആര്‍ത്തിയും വിരക്തിയും സകല വിശപ്പുകളും എല്ലാ നിറവുകളും വെറുപ്പും സ്‌നേഹവും എ്ല്ലാമെല്ലാം ഒരു ചെറിയ മഞ്ഞ കവറില്‍ വാരിക്കൂട്ടാവുന്നതേയുള്ളു എന്ന സത്യമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. സമയമില്ല കളയാന്‍, സമയമില്ല, മാറാതിരിക്കാന്‍. ഈ നാടിന്റെ ദുരന്തം ഒരു പാഠമാകുന്നില്ല എങ്കില്‍, അതാണ് നമുക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം.

എന്റെ മോള്‍ ഒരു പടം വരക്കുകയാണ്. പടക്കബോംബ് പൊട്ടി ഒരു മനുഷ്യന്‍ അസ്ഥികൂടമായതും കുറേപ്പേര്‍ മരിച്ചതും ആകാശത്ത് അവള്‍ കണ്ട അമിട്ടിന്റെ ചെഞ്ചോര നിറത്തില്‍ പേപ്പറിലേക്കവള്‍ പകര്‍ത്തുന്നു. ഇന്നലെ നമ്മള്‍ അമ്പലത്തില് കണ്ട ബലൂണ്‍കൊണ്ടുണ്ടാക്കിയ സ്ലൈഡ് പൊട്ടിയോ എന്ന് എന്നോടു ചോദിക്കുന്നു. ആ വലിയ ആന മരിച്ചോ എന്ന് ചോദിക്കുന്നു. ഐസ്‌ക്രീമും കളിപ്പാട്ടവും വില്‍ക്കുന്ന ആളുകളൊക്കെ മരിച്ചോ എന്ന് ചോദിക്കുന്നു... ഇല്ല മോളേ, എല്ലാവരേയും ഓപ്പറേഷന്‍ ചെയ്ത് ഡോക്റ്റര്‍ രക്ഷപ്പെടുത്തി എന്ന് ഞാന്‍ അവളോടു കള്ളം പറഞ്ഞു. വിധിയാണെന്ന് എന്നെതന്നെ പറഞ്ഞ് ബോധ്യപ്പെടുത്തും പോലെ. ജീവിക്കണമല്ലോ, അതിജീവിക്കണമല്ലോ..

പുറ്റിങ്ങല്‍ മീനഭരണി ഞാനാദ്യം കാണുന്നത് 2009ലാണ്. കല്യാണത്തലേന്നിട്ട മൈലാഞ്ചിയുടെ നിറം മങ്ങും മുന്‍പ്. പരവൂരിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു പുറ്റിങ്ങല്‍ മീനഭരണി മഹോത്സവം. മീനഭരണിക്ക് ലീവെടുത്ത് ലണ്ടനില്‍നിന്നും ഗള്‍ഫില്‍നിന്നുമെല്ലാം വരുന്ന മുസ്ലീം, ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെ കാര്യം ഭര്‍ത്താവും കൂട്ടുകാരും പറയുമ്പോഴെല്ലാം ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. ഉത്സവത്തിനോ ? എന്ന് കൗതുകംകൂറുന്ന എന്നെ ഇവളിതെവിടുള്ളതാ എന്ന കൗതുകത്തില്‍ അവരും തിരിച്ചുനോക്കുമായിരുന്നു. പുറ്റിങ്ങല്‍ ദേവീക്ഷേത്രം പരവൂരിലെ നാല് കരകളായ കോങ്ങാല്‍, പൊഴിക്കര, കൂനയില്‍, കുറുമണ്ഡല്‍ എന്നിവിടങ്ങളിലെ ഹിന്ദുമതവിശ്വാസികളുടെ ക്ഷേത്രമാണ് എന്നാണ് ഔദ്യോഗികമായ വിശദീകരണം. എന്നാല്‍ പുറ്റിങ്ങലമ്മ ഒരു പ്രദേശത്തിന്റെയാകെ വികാരമാണെന്നും മീനഭരണി പരവൂരിലെ എല്ലാ മനുഷ്യരുടേയും ദേശീയ ഉത്സവമാണെന്നും പതിയെ പതിയെ ഞാന്‍ മനസിലാക്കി.

ആനപ്രേമികളും കമ്പപ്രിയരും ആയ പച്ചമനുഷ്യര്‍ താമസിക്കുന്ന നാട്ടിന്‍പ്പുറത്തിന്റെ നാണം മാറാത്ത ഒരു നഗരപ്രദേശമാണ് പരവൂര്‍. തൃക്കടവൂര്‍ ശിവരാജു അവര്‍ക്ക് രാജുവാണ്. സൂര്യകാന്തി ആകാശത്തുവിരിയുന്ന മഞ്ഞ തീപ്പൂവും. വെടിക്കെട്ട് എന്ന വാക്ക് കൊല്ലത്തിന് പരിചിതമല്ല. ഞങ്ങള്‍ക്ക് കമ്പമാണുള്ളത്. കമ്പത്തിനോടുള്ള കമ്പം മൂത്ത് ആറാട്ടുപുഴയും നെന്മാറ വയലിലും വടക്കുന്നാഥന്റെ തേക്കിന്‍കാട്ടിലുമെല്ലാം വര്‍ഷാവര്‍ഷം തീര്‍ഥാടനംപോലെ പോകുന്ന കമ്പക്കൊതിക്കാരുണ്ട് പരവൂരില്‍. ഭരണിക്ക് പുറ്റിങ്ങലമ്മയുടെ തിടമ്പേറ്റാന്‍ എത്തുന്ന കരിവീരനേയും കരിമരുന്നിന് തീകൊളുത്താനെത്തുന്ന ആശാന്‍മാരേയും വെളുപ്പിനുപോയി കൂട്ടിക്കൊണ്ടുവരാന്‍ ഇവിടെയുള്ള ബാല്യംവിടാത്ത കുട്ടികള്‍വരെ ആവേശം കാട്ടും. അങ്ങനെയുള്ളൊരു നാടാണ് ഇന്ന് ഇനിയൊരിക്കലും ഉണരാത്ത ദുഃസ്വപ്നത്തിലേക്ക് വഴുതിവീണിരിക്കുന്നത്.

മീനും മീനഭരണിയും നിറഞ്ഞുനിന്നിരുന്ന പരവൂരില്‍ ഇന്ന് മരണത്തിന്റെ മണമാണ്. കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം, പെരുമണ്‍ ദുരന്തത്തിലും കൂടുതല്‍ ജീവനെടുത്ത ദുരന്തം.. കണക്കുകള്‍, വിശേഷണങ്ങള്‍ അനവധിയാണ്. അതിലും എത്രയോ അപ്പുറമാണ് വിരുന്നെത്തി വീടൊരുക്കിയ നാട്ടില്‍ ഞാന്‍ കേള്‍ക്കുന്ന ഒരിക്കലും നിലയ്ക്കാത്ത ഒരു നിലവിളിപോലെയുള്ള നിശബ്ദത.

പതിവുപോലെ പുലര്‍ച്ചെവരെ നീളുന്ന മത്സരക്കമ്പമല്ല, വിളിച്ചുപറയലും ക്രിക്കറ്റിനെ വെല്ലുന്ന കമന്ററിയും ഒന്നുമില്ലാത്ത കമ്പമായിരുന്നു ഇത്തവണ നടന്നത്. വെളുപ്പിന് 3.30ഓടെ ശബ്ദമോ മര്‍ദ്ദമോ എന്നുറപ്പിക്കാനാവാത്ത ഒരു പൊട്ടിത്തെറിയാണ് അപകടത്തിന്റെ ആദ്യസൂചന തന്നത്. കിലോമീറ്ററുകള്‍ അകലെയുള്ള ഉമയനല്ലൂരിലും മയ്യനാടും വരെ അലയടിച്ച മരണകാഹളം. ക്ഷേത്രത്തില്‍ എന്തോ അഹിതം നടന്നു എന്നുമാത്രമാണ് വീട്ടിലെ സ്ത്രീകള്‍ ആദ്യം മനസിലാക്കിയത്. ഒരുവിധം എല്ലാ വീടുകളിലേയും പുരുഷന്‍മാര്‍, അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍, അതായത് കുടുംബത്തിലെ പകുതിയിലേറെ പേരും ഉത്സവപ്പറമ്പിലായിരുന്നു. ഭയം നട്ടല്ലിലുറഞ്ഞ നിമിഷങ്ങള്‍. ഫോണിലേക്ക് നോക്കാന്‍പോലും പേടിച്ച്, നോക്കാതിരിക്കാനും പേടിച്ച് ഉറ്റവരെ തിരയുന്ന പ്രജ്ഞ. ആയിരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ഇല്ല, എനിക്കൊന്നും പറ്റിയിട്ടില്ല എന്നുറപ്പിക്കാനുള്ള വെപ്രാളത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ എല്ലാം ജാം ആയി. എങ്ങനെയോ വന്ന കോളില്‍ സുരക്ഷിതനാണ് എന്ന് പ്രിയതമന്‍ അറിയിച്ചു. പതിവുപോലെ ഇരിക്കാറുള്ള കമ്പത്തറയ്ക്കടുത്ത സ്ഥലത്തുനിന്ന് നിര്‍ബന്ധിച്ച് മാറ്റിയിരുത്തിയ സുഹൃത്താണ് തുണയായത്.

ഇനിയൊരിക്കലും എടുക്കാത്ത കോളുകളുമായി പൊലിഞ്ഞുപോയവരുടേയും ഫോണുകളിലേക്ക് മൊബൈല്‍ തരംഗങ്ങള്‍ പിന്നേയും കടന്നുചെന്നിരിക്കാം. തങ്ങള്‍ അനാഥരായി എന്നറിയാതെ അന്യദേശങ്ങളില്‍ അമ്മയും മക്കളും ഉറങ്ങുന്നുണ്ടാവാം. പരിചയമുള്ള പലരും മരിച്ചിട്ടുണ്ടാവാം. സങ്കല്‍പ്പത്തിനും അപ്പുറം നടന്ന ഒരു ദുരന്തത്തില്‍ പക്ഷേ അടുത്ത ആളുകള്‍ക്ക് ഒന്നും പറ്റിയില്ല എന്ന സ്വാര്‍ഥമായ ആശ്വാസമാണ് എനിക്ക് ആദ്യം തോന്നിയത്. ഓരോ പേരുകളായി ഓര്‍ത്ത് ഫോണ്‍ ചെയ്ത് ഒന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും അപ്പോഴും.

അഞ്ചുമണിയോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. 30ഓളം പേര്‍ മരിച്ചിരിക്കണം എന്ന് വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് പറയുമ്പോഴും അയ്യോ അത്രയും പേരോ എന്നാണ് ഞാന്‍ ചിന്തിച്ചത്. മിനിറ്റുകള്‍ കഴിയുന്തോറും ഉയരുന്ന മരണസംഖ്യ. എവിടെനിന്നൊക്കെയോ എത്തിയ വിളികള്‍, അന്വേഷണങ്ങള്‍, ആശ്വാസംകൊള്ളലുകള്‍. ജീവിതത്തില്‍ ഇതുവരെ സംസാരിച്ചിട്ടില്ലാത്തവര്‍, മുഖപുസ്തക സുഹൃത്തുക്കള്‍ എല്ലാവരും വിളിക്കുന്നു. ആംബുലന്‍സുകളുടെ ശബ്ദം. വഴിവക്കുകളില്‍ പാര്‍ക്കുചെയ്തിരിക്കുന്ന ഉടമ തിരിച്ചെത്താത്ത അനാഥവാഹനങ്ങള്‍. പരിക്കുപറ്റിയതും രക്ഷാപ്രവര്‍ത്തനത്തിനിടെ ചോരപറ്റിയതുമായ പരിസരവാസികള്‍. മരണത്തില്‍ ഒരു സ്വകാര്യതയും ലഭിക്കാതെ മാംസത്തുണ്ടുകളായി ചിതറിക്കിടക്കുന്ന ജീവിതങ്ങള്‍. കരിമരുന്നിന്റെ മരണഗന്ധം. മരണത്തിന്റെ കഥകളാണ് ഇന്നീ നാട്ടില്‍ കേള്‍ക്കുന്നത്.

പ്രാണന്‍ പോകുന്ന വേദനയില്‍ തറയില്‍നിന്നെടുത്തുയര്‍ത്തിയ ആളുടെ വയറുമുതല്‍ കാല്‍മുട്ടുവരെ മാന്തിക്കൂറിയ സ്ത്രീയുടെ കഥ. വാഹനമോടിക്കുന്ന െ്രെഡവറുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് മരണത്തിലേക്ക് വലിഞ്ഞുമുറുകിപ്പോയ അജ്ഞാതന്‍. ഒന്നര കിലോമീറ്റര്‍അപ്പുറത്തുനിന്നിട്ടും മരണം കോണ്‍ക്രീറ്റ് പാളിയുടെ രൂപത്തില്‍ പറന്നെത്തിയ സാധുമനുഷ്യന്‍. 150 മീറ്റര്‍ അകലെയിരുന്നിട്ടും പോറലേല്‍ക്കാതെ തിരിച്ചെത്തിയ ഭര്‍ത്താവിനെയോര്‍ത്ത് ആശ്വസിക്കുമ്പോഴും മരണം എന്ന വലിയ സത്യം അപ്പോഴേക്കും എന്റെ മനസിനെ ഏറ്റെടുത്തിരുന്നു. കരിയും കരിമരുന്നും വേണ്ട എന്നു പറഞ്ഞ മഹാഗുരുവിന്റേതായി ക്ഷേത്രത്തിനു സമീപം നിന്നിരുന്ന പ്രതിമയെപ്പോലും തകര്‍ത്തെറിഞ്ഞ ദുരന്തം ഇനിയൊരിക്കലും നീങ്ങാത്ത ഒരു കരിമ്പടം എന്റെ പ്രാണനില്‍ പുതപ്പിച്ചിരുന്നു.

ഒരപകടം നടന്നുകഴിഞ്ഞാല്‍ പിന്നിലേക്ക് സഞ്ചരിച്ച് അന്വര്‍ഥങ്ങള്‍ കണ്ടെത്തുന്നതില്‍ കാര്യമില്ല. പക്ഷേ മുന്നിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. അറബിക്കടലിനോട് ചേര്‍ന്ന് ഉറങ്ങിക്കിടന്നിരുന്ന ഒരു നഗരഗ്രാമം ഇന്ന് ലോക ദുരന്തഭൂപടത്തില്‍ മറ്റൊരു കണ്ണുനീര്‍തുള്ളിയാണ്. പെരുമണ്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ അഷ്ടമുടിയുടെ എട്ടുമുടികളിലൊന്നിലേക്ക് ചൂളംവിളിച്ചുകൊണ്ട് കൂപ്പുകുത്തുന്ന ഐലന്റ് എക്‌സ്പ്രസാണ് 1988 ജൂലൈ 8 കഴിഞ്ഞ് 28 വര്‍ഷമാകുമ്പോഴും നമ്മുടെ മനസിലേക്കെത്തുന്നത്. അത്തരമൊരു മരണക്കമ്പമായി പരവൂര്‍ എന്ന പേരും എഴുതപ്പെട്ടിരിക്കുന്നു. ഒരു ജന്മത്തിന്റെ മുഴുവന്‍ ചോരയും നീരും സ്വപ്നവും പ്രതീക്ഷയും ആര്‍ത്തിയും വിരക്തിയും സകല വിശപ്പുകളും എല്ലാ നിറവുകളും വെറുപ്പും സ്‌നേഹവും എ്ല്ലാമെല്ലാം ഒരു ചെറിയ മഞ്ഞ കവറില്‍ വാരിക്കൂട്ടാവുന്നതേയുള്ളു എന്ന സത്യമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. സമയമില്ല കളയാന്‍, സമയമില്ല, മാറാതിരിക്കാന്‍. ഈ നാടിന്റെ ദുരന്തം ഒരു പാഠമാകുന്നില്ല എങ്കില്‍, അതാണ് നമുക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം.


(ക്ഷേത്രത്തില്‍നിന്ന് ഒരുകിലോമീറ്ററില്‍താഴെ ദൂരെ പരവൂര്‍ ജംക്ഷനിലാണ് ലേഖികയുടെ വീട്.)

 

18-Apr-2016

ആത്മാംശം മുന്‍ലക്കങ്ങളില്‍

More