ഖുറാനിലില്ലാത്തതീ പുരുഷമേധാവിത്വം

മനോഹരമായ ഭാഷയാണ് ഖുര്‍ആന്റേത്. കവിതപോലെ നമുക്കത് വായിച്ചുപോകാം. അറബിഭാഷയിലുള്ള അറിവുകുറവുമൂലം ഖുര്‍ആന്റെ കാവ്യഭംഗി നമുക്ക് ആസ്വദിക്കാനാവുന്നില്ല. അതുകൊണ്ടാണ് നാമതിന്റെ അര്‍ഥംമാത്രം തെരഞ്ഞുപോകുന്നത്. ഉന്നതമായ ദാര്‍ശനികഭാവം മാത്രമല്ല ദൈനംദിനജീവിതത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പ്രവൃത്തികള്‍ വിവരിച്ചുകൊണ്ട് പ്രായോഗികതയും ഖുര്‍ആന് അവകാശപ്പെടാനാകും. ക്ലാസിക് നോവലുകള്‍ മുതല്‍ ഏറ്റവും പുതിയ രചനകള്‍വരെ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഏറെയുണ്ട്. വ്യക്തിത്വരൂപീകരണത്തിലോ എഴുത്തിലോ ഇതിലേതെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഖുര്‍ആനെപ്പറ്റി ചിന്തിക്കുമ്പോള്‍ അത്തരം സന്ദേഹങ്ങളില്ല. എന്റെ ഏറ്റവും പുതിയ നോവലായ പ്രകാശത്തിനുമേല്‍ പ്രകാശത്തിന്റെ തലക്കെട്ടുതന്നെ ഖുര്‍ആനോട് കടപ്പെട്ടിരിക്കുന്നു. 'ആകാശഭൂമികളുടെ താക്കോല്‍' എന്ന മറ്റൊരു നോവലിലും 'അവനെ നരകാഗ്‌നിയില്‍ എരിക്കുക' തുടങ്ങിയ ചെറുകഥകളിലും ഖുര്‍ആനിലെ ഭാഷാപ്രയോഗങ്ങള്‍ കടന്നുവരുന്നുണ്ട്.

കൗമാരം കടക്കാത്ത ബാലികമാരെ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തുനിന്നകറ്റി കിടപ്പറയിലും അടുക്കളയിലും തളച്ചിടാന്‍, ഇന്നലെവരെ പരസ്പരം പോരടിച്ചുനിന്ന സംഘടനകള്‍ കൈകോര്‍ക്കുമ്പോള്‍ ഞാന്‍ ആശ്വാസത്തിനായി ഖുര്‍ആന്‍ ചേര്‍ത്തുപിടിക്കുന്നു. കുട്ടിക്കാലം മുതല്‍ ആവര്‍ത്തിച്ചുവായിക്കുന്ന ഗ്രന്ഥമാണത്. പക്ഷേ, തിരിച്ചും മറിച്ചും പലകുറി ഓതിയ ബാല്യകൗമാരങ്ങളില്‍ ഖുര്‍ആന്‍ എന്നെ സ്വാധീനിച്ചിട്ടേയില്ല. കാരണം അന്നത്തെ പാരായണങ്ങള്‍ അര്‍ഥമറിഞ്ഞുകൊണ്ടായിരുന്നില്ല. പില്‍ക്കാലത്ത് വിവര്‍ത്തനങ്ങളിലൂടെ കടന്നുപോയപ്പോഴാണ് ഖുര്‍ആന്റെ ആഴം മനസിലാക്കാന്‍ സാധിച്ചത്. ഇന്ന് സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്ന പുരുഷമേധാവിത്വം അതിലെവിടെയും അംഗീകരിക്കപ്പെടുന്നതായി കാണുന്നില്ലല്ലോ എന്ന് മനസിലായതും അപ്പോള്‍ മാത്രമാണ്.

 

ചില ആയത്തുകള്‍ ഞാന്‍ ഈയിടെ വീണ്ടും വായിക്കുകയുണ്ടായി. പ്രത്യേകിച്ചും ഇരുപത്തിനാലാമത്തെ അധ്യായം. അറുപത്തിനാല് സൂക്തങ്ങളുള്ള ആ അധ്യായത്തിന്റെ പേര് അന്നൂര്‍ എന്നാണ്. അന്നൂര്‍ എന്നാല്‍ പ്രകാശം. ഇതിലെ വിധികള്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പതിവ്രതകളായ സ്ത്രീകളുടെ പേരില്‍ തെളിവുകളും സാക്ഷികളുമില്ലാതെ ആരോപണങ്ങള്‍ കൊണ്ടുവരുന്നതിനെ കഠിനമായ ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി ഖുര്‍ആന്‍ കാണുന്നു. ഒരാള്‍ തന്റെ ഭാര്യയുടെമേല്‍ വ്യഭിചാരക്കുറ്റം ആരോപിക്കുകയും അതിന് സാക്ഷികള്‍ ഇല്ലാതിരിക്കുകയുംചെയ്യുന്ന ഒരു സാഹചര്യത്തില്‍ ഭര്‍ത്താവ് കളവുപറയുന്നതായി അല്ലാഹുവിനെ മുന്‍നിര്‍ത്തി നാലുപ്രാവശ്യം അവള്‍ സത്യംചെയ്യുന്ന പക്ഷം സ്ത്രീയെ ശിക്ഷിക്കാന്‍ സാധ്യമല്ല. പതിവ്രതകളും ദുര്‍ന്നടപ്പിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളുടെ പേരില്‍ ദുര്‍ന്നടപ്പ് ആരോപിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടവരത്രെ! അവര്‍ക്ക് വേദനാപൂരിതമായ ശിക്ഷയാണ് ഖുര്‍ആന്‍ വിധിക്കുന്നത്. സ്ത്രീ ഏതുസമയത്തും വിശ്രമിക്കുമ്പോള്‍ അവളുടെ മുറിയിലേക്ക് ഭര്‍ത്താവിനുപോലും കടന്നുചെല്ലാന്‍ അനുവാദമില്ല. ഇങ്ങനെ സ്ത്രീകളെ പരിരക്ഷിക്കാന്‍ പര്യാപ്തമായ തീര്‍പ്പുകള്‍ പലതും നമുക്ക് ഈ മതഗ്രന്ഥത്തില്‍ കാണാന്‍ സാധിക്കും. ഖുര്‍ആന്‍ സ്ത്രീയെ രണ്ടാംതരക്കാരിയാണെന്ന് കരുതുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍, ആധുനികകാലത്ത് ചില ആശയങ്ങള്‍ നമുക്ക് വിയോജിപ്പുണ്ടാക്കും. ബഹുഭാര്യത്വംപോലുള്ള വിഷയങ്ങളില്‍ ഖുര്‍ആനിലെ തീര്‍പ്പുകള്‍ ഒരു പ്രത്യേക കാലഘട്ടത്തെ ഉദ്ദേശിച്ചുള്ളതാണ്. സമ്പൂര്‍ണമായ ലൈംഗിക അരാജകത്വമുണ്ടായിരുന്ന സമൂഹത്തിലാണ് ബഹുഭാര്യത്വത്തില്‍തന്നെ ഒരു വ്യവസ്ഥ ഖുര്‍ആന്‍ കൊണ്ടുവന്നത്. അതിന് ഒട്ടേറെ നിബന്ധനകളുണ്ട്. ഭാര്യമാരെ സാമ്പത്തികമായും മാനസികമായും ശാരീരികമായും ഒരേ രൂപത്തില്‍ തൃപ്തിപ്പെടുത്താന്‍ കഴിയുന്നവര്‍ക്കുമാത്രമേ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാനനുവാദമുള്ളൂ. ഒരുപക്ഷേ ശാരീരികമായും സാമ്പത്തികമായും സ്ത്രീയ്ക്ക് തുല്യപരിഗണന നല്‍കാനാവുമായിരിക്കാം. എന്നാല്‍, മാനസികമായി ബഹുഭാര്യത്വത്തിന് സമ്മതിക്കാന്‍ സ്ത്രീക്ക് സാധിക്കുമോ? അങ്ങനെ വരുമ്പോള്‍ ഖുര്‍ആന്റെ നിബന്ധനകള്‍ പൂര്‍ണമായും അനുസരിച്ച് ബഹുഭാര്യത്വം സാധ്യമല്ല എന്നാണെനിക്ക് തോന്നുന്നത്. ആധുനികമായ പെരുമാറ്റരീതികളും ജീവിതശൈലിയുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 'നിങ്ങളുടേതല്ലാത്ത വീടുകളില്‍ അനുമതി കൂടാതെയും വീട്ടുകാരെ അഭിവാദ്യംചെയ്യാതെയും പ്രവേശിക്കരുത്' എന്ന ഉപദേശം ഉദാഹരണം.

മനോഹരമായ ഭാഷയാണ് ഖുര്‍ആന്റേത്. കവിതപോലെ നമുക്കത് വായിച്ചുപോകാം. അറബിഭാഷയിലുള്ള അറിവുകുറവുമൂലം ഖുര്‍ആന്റെ കാവ്യഭംഗി നമുക്ക് ആസ്വദിക്കാനാവുന്നില്ല. അതുകൊണ്ടാണ് നാമതിന്റെ അര്‍ഥംമാത്രം തെരഞ്ഞുപോകുന്നത്. ഉന്നതമായ ദാര്‍ശനികഭാവം മാത്രമല്ല ദൈനംദിനജീവിതത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പ്രവൃത്തികള്‍ വിവരിച്ചുകൊണ്ട് പ്രായോഗികതയും ഖുര്‍ആന് അവകാശപ്പെടാനാകും. ക്ലാസിക് നോവലുകള്‍ മുതല്‍ ഏറ്റവും പുതിയ രചനകള്‍വരെ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഏറെയുണ്ട്. വ്യക്തിത്വരൂപീകരണത്തിലോ എഴുത്തിലോ ഇതിലേതെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഖുര്‍ആനെപ്പറ്റി ചിന്തിക്കുമ്പോള്‍ അത്തരം സന്ദേഹങ്ങളില്ല. എന്റെ ഏറ്റവും പുതിയ നോവലായ പ്രകാശത്തിനുമേല്‍ പ്രകാശത്തിന്റെ തലക്കെട്ടുതന്നെ ഖുര്‍ആനോട് കടപ്പെട്ടിരിക്കുന്നു. 'ആകാശഭൂമികളുടെ താക്കോല്‍' എന്ന മറ്റൊരു നോവലിലും 'അവനെ നരകാഗ്‌നിയില്‍ എരിക്കുക' തുടങ്ങിയ ചെറുകഥകളിലും ഖുര്‍ആനിലെ ഭാഷാപ്രയോഗങ്ങള്‍ കടന്നുവരുന്നുണ്ട്

ബദലുകൾ മുന്‍ലക്കങ്ങളില്‍

More