മോഡി കേരളത്തോട് മാപ്പ് പറയണം

മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് അവിടങ്ങളിലെ ഭരണ സംവിധാനം. കൊലപാതകം നടത്തിയാലും ബലാല്‍സംഗംചെയ്താലും പശുവിന്റെ പേരില്‍ അക്രമം അഴിച്ചുവിട്ടാലും അത്തരക്കാര്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. കൈയില്‍ കാവിക്കൊടി ഉണ്ടോ എന്നത് മാത്രമാണ് മാനദണ്ഡം. ആ രീതി കേരളത്തില്‍ നടപ്പില്ല. വര്‍ഗീയവിഷം തുപ്പുന്നവരെ തിരിച്ചറിയാനും കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാനും കേരളം മാതൃകാപരമായി ഇടപെടുന്നു. അക്കാര്യത്തില്‍ നരേന്ദ്ര മോഡി വിചാരിച്ചാലും കേരളത്തെ പിന്തിരിപ്പിക്കാനാകില്ല. കാരണം, ഇവിടം ഇടതുപക്ഷത്തിന് കരുത്തുള്ള ഇടമാണ്. അതുകൊണ്ട് നരേന്ദ്ര മോഡിയുടെ അപവാദ കഥകള്‍ ഈ കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. ഗീബല്‍സിന്റെ ശിഷ്യനായി പ്രധാനമന്ത്രിതന്നെ മാറുന്നത് മലയാളികള്‍ക്കു മാത്രമല്ല രാജ്യത്തിനാകെ അപമാനമാണ്. കേരളത്തെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശം പിന്‍വലിച്ച് മലയാളികളോട് മാപ്പ് പറയാന്‍ മോഡി തയ്യാറാവണം. ആര്‍ എസ് എസ് പ്രചാരകന്റെ നാവ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഭൂഷണമല്ല.

പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യമാകെ സഞ്ചരിച്ച് കേരളത്തെ കുറിച്ച് അപഖ്യാതി പറഞ്ഞുകൊണ്ട് നടക്കുകയാണ്. മലയാളി വിരോധം പ്രചരിപ്പിക്കുന്ന ഒരു ആര്‍ എസ് എസ് പ്രചാരകനെന്നുള്ള രീതിയിലാണ് പ്രധാനമന്ത്രി ഇപ്പോള്‍ അടയാളപ്പെടുത്തുന്നത്. കേരളത്തെക്കുറിച്ച് നരേന്ദ്ര മോഡി മുമ്പും പലതവണ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അട്ടപ്പാടിയെ സൊമാലിയയോട് ഉപമിച്ചത് അദ്ദേഹമാണ്. ദൈവനാമം ഉരുവിട്ടാല്‍ അറസ്റ്റ് ചെയ്യപ്പെടുന്ന നാടാണ് കേരളം എന്ന് ലജ്ജയില്ലാതെ പറഞ്ഞതും അദ്ദേഹം തന്നെയാണ്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് കേരളത്തിലെ ബിജെപിക്കാര്‍ക്ക് പുറത്തിറങ്ങിയാല്‍ തിരിച്ചെത്തും എന്ന് ഉറപ്പില്ല എന്നാണ്. “അമ്മേ ഞങ്ങള്‍ പോകുന്നു, വന്നില്ലെങ്കില്‍ കരയരുത്” എന്ന മുദ്രാവാക്യം കേരളം കേട്ടത് വിമോചന സമരകാലത്താണ്. കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടം പുഷ്‌കലമായ ഇക്കാലത്ത് ആ മുദ്രാവാക്യം നരേന്ദ്ര മോഡി ഏറ്റെടുത്തിരിക്കുകയാണ്.

1925 ല്‍ ആര്‍എസ്എസ് രൂപംകൊണ്ട ഘട്ടത്തില്‍തന്നെ മലബാറിലേക്കും തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും അവര്‍ പ്രചാരകരെ അയച്ചിരുന്നു. സംഘത്തിന് മലയാളത്തില്‍ വേരുറപ്പിക്കാനുള്ള അവരുടെ ശ്രമം ആ കാലത്ത് തന്നെ പരാജയപ്പെട്ടു. വര്‍ഗീയവിദ്വേഷം വമിപ്പിക്കുന്ന പ്രസംഗങ്ങളുമായി അതിന്റെ സ്ഥാപകനേതാക്കള്‍ മലയാളികള്‍ക്കിടയിലൂടെ സഞ്ചരിച്ചു. ഒരുഘട്ടത്തിലും മലയാളി അതിനു ചെവികൊടുക്കാന്‍ തയ്യാറായില്ല. ചില ജാതി സംഘടനകളെയും അവയുടെ നേതാക്കളെയും ദേശീയപാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങളെയും കൂട്ടുപിടിച്ച് അനേകം നീക്കങ്ങള്‍ നടത്തിയെങ്കിലും ആര്‍എസ്എസ് കേരളത്തില്‍ പച്ചതൊട്ടില്ല. തലശ്ശേരിയില്‍ വര്‍ഗീയകലാപം സൃഷ്ടിച്ച് കേരളത്തിന്റെ മണ്ണില്‍ വേരൂന്നാനുള്ള ശ്രമവും ദയനീയമായി പരാജയപ്പെട്ടു. കാലപത്തിന് പറ്റുന്ന മണ്ണായി കേരളത്തെ മാറ്റി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ അവര്‍ കേരളത്തില്‍ നടത്തുന്നത്. പല ഘട്ടങ്ങളിലും അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന വര്‍ഗീയ അജണ്ടകളുടെ കൂടെ കോണ്‍ഗ്രസും മുസ്ലീം ലീഗ് അടക്കമുള്ള യു ഡി എഫിനലെ വര്‍ഗീയ കക്ഷികളും പിന്തുണ നല്‍കുന്നു.

കേരളത്തില്‍ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊലപാതകങ്ങളും അക്രമരാഷ്ട്രീയവും ചില മാധ്യമങ്ങളുടെ സഹായത്തോടെ മറച്ചുവച്ച്, തങ്ങളാണ് ആക്രമങ്ങള്‍ക്ക് ഇരയാകുന്നവരെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസ് സംഘപരിവാരം ദേശീയ തലത്തില്‍ നടത്തുന്നത്. സ്വന്തം കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ബോംബ് പൊട്ടിത്തെറിച്ച് മരിച്ച ആര്‍എസ്എസുകാരെപോലും ബലിദാനികള്‍ ആക്കി ഡല്‍ഹിയില്‍ നടത്തിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് ബിജെപി അധ്യക്ഷന്‍തന്നെ ആയിരുന്നു. നുണകളാണ് സംഘപരിവാറിന്റെ അസ്തിവാരം.

ഇത്തരം നുണപ്രചരണങ്ങള്‍ ഏറ്റെടുത്ത് കേരളത്തിന്റെ പ്രബുദ്ധതയെ വെല്ലുവിളിക്കാന്‍ പ്രധാനമന്ത്രിതന്നെ തയ്യാറാവുന്ന ദുരവസ്ഥയും രാജ്യം കാണുന്നുണ്ട്. പ്രധാനമന്ത്രി എന്നത് രാജ്യത്തിന്റെ ഭരണനിര്‍വഹണ സംവിധാനത്തെ നയിക്കുന്ന പദവിയാണ്. ആര്‍എസ്എസ് പ്രചാരക സ്ഥാനത്തിരിക്കുന്ന ആളാണ് എങ്കിലും നരേന്ദ്ര മോഡി രാജ്യത്തിന്റെ ആകെ പ്രധാനമന്ത്രിയാണ്. അദ്ദേഹംതന്നെ ഒരു സംസ്ഥാനത്തെക്കുറിച്ച്, മലയാളികളെ കുറിച്ച്, വര്‍ഗീയതയ്‌ക്കെതിരെ മലയാളികള്‍ സ്വീകരിക്കുന്ന ഇച്ഛാശക്തിയുള്ള നിലപാടിനെ കുറിച്ച് രാജ്യമാസകലം തെറ്റായ പ്രചാരണം നടത്തുന്നു എന്നത് അങ്ങേയറ്രം ഗുരുതരമായ ഒരു സംഭവവികാസമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആര്‍ എസ് എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് സംഘികള്‍ തന്നെ അവകാശപ്പെടുന്ന തലശ്ശേരി താലൂക്കില്‍പോലും ആര്‍എസ്എസിന് പറയത്തക്ക അടിവേരില്ല. ഗണ്യമായ ജനപിന്തുണയുമില്ല. അതുകൊണ്ടാണ് സ്വന്തം നിലയില്‍ ഒരു തെരഞ്ഞെടുപ്പിലും അവര്‍ക്ക് വിജയം നേടാന്‍ സാധിക്കാത്തത്. ഏറ്റവുമൊടുവില്‍ കേരള നിയമസഭയില്‍ സംഘപരിവാര്‍ പ്രതിനിധിയായി ഒരാളെ എത്തിക്കാന്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മൊത്തക്കച്ചവടം നടത്തേണ്ടിവന്നു.

ആര്‍എസ്എസ് സംസ്ഥാനത്ത് കൊന്നുതള്ളിയ സിപിഐ എം പ്രവര്‍ത്തകരുടെ എണ്ണം 209 ആണ്. കോണ്‍ഗ്രസുകാരെയും മുസ്ലിംലീഗുകാരെയും ഇതര പാര്‍ടി പ്രവര്‍ത്തകരെയും ഒരു രാഷ്ട്രീയവും ഇല്ലാത്തവരെയും അവര്‍ കൊന്നിട്ടുണ്ട്. തൊഴില്‍ശാലകളിലും കലാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും എന്തിന് വീടുകളില്‍ കയറിപോലും ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. സമാനതകളില്ലാത്ത ഇത്തരം ക്രൂരകൃത്യങ്ങള്‍കൊണ്ടാണ് കേരളീയര്‍ ഏറ്റവുമധികം വെറുക്കുന്ന സംഘമായി ആര്‍എസ്എസ് മാറിയത്. ആ സംഘടനയുടെ പ്രചാരകനായ പ്രധാനമന്ത്രി കേരളത്തിന്റെ ചെറുത്തുനില്‍പ്പിനെ നുണകള്‍ കൊണ്ടു നേരിടാമെന്ന് കരുതുന്നത് വലിയ അപായ സൂചനയാണ് നല്‍കുന്നത്. ആര്‍ എസ് എസ് ഏതുവിധേനയും കേരളത്തെ ഇല്ലാത്#ാക്കാന്‍ ശ്രമിക്കുമെന്നുള്ളതിന്റെ ലക്ഷണമാണ് ഇത്.

മതനിരപേക്ഷത തകര്‍ക്കുക എന്നത് എക്കാലത്തെയും ആര്‍എസ്എസിന്റെ അജന്‍ഡയാണ്. കേരളത്തിന്റെ മനസ്സ് മതനിരപേക്ഷതയ്‌ക്കൊപ്പം അടിയുറച്ചു നില്‍ക്കുന്നത് ഇവിടത്തെ ജനങ്ങള്‍ ആര്‍എസ്എസിനെ കൃത്യമായി തിരിച്ചറിയുന്നതുകൊണ്ട് കൂടിയാണ്. ആര്‍ എസ് എസിനെ മാറ്റി നിര്‍ത്താനുള്ള ബോധനിലവാരം കേരളത്തിലെ ജനതയ്ക്ക് വന്നത് അവര്‍ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെയും നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും തുടര്‍ന്ന് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളിലൂടെയും നടുനിവര്‍ത്തി നില്‍ക്കുന്ന ജനതയായതുകൊണ്ടാണ്. ആ പാരമ്പര്യം തുടിച്ചുനില്‍ക്കുന്ന കാലത്തോളം കേരളം സംഘികള്‍ക്കന്യമാണ്.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ പതിമൂന്നാം സ്ഥാനത്താണ് കേരളം. ഭൂവിസ്തൃതിയില്‍ ഇരുപത്തിരണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഈ കൊച്ചുസംസ്ഥാനം പിടിച്ചടക്കാന്‍ ആര്‍എസ്എസ് സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് തുടരെത്തുടരെ ശ്രമിക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല. തങ്ങളെ രാഷ്ട്രീയമായി തുറന്നുകാട്ടുകയും തുറന്നെതിര്‍ക്കുകയും നെഞ്ചുവിരിച്ചു പ്രതിരോധിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന് കേരളത്തിന്റെ മനസ്സിലുള്ള സ്ഥാനവും വേരോട്ടവുമാണ് വെകിളിപിടിച്ച ഈ പരാക്രമങ്ങള്‍ക്ക് ഹേതു. കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള ഒരു ആര്‍എസ്എസ് പ്രചാരകന് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ മൈക്കിന് മുന്നില്‍നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരുകോടി ഇനാം പ്രഖ്യാപിക്കാനുള്ള അവിവേകം ഉണ്ടായത് ഈ നുണപ്രചാരണത്തിന്റെ ഫലമായാണ്.

കേരളത്തില്‍ കൃത്യമായി നിയമവാഴ്ച നടക്കുന്നുണ്ട്. കുറ്റം ചെയ്തവര്‍ ആരായാലും നിയമത്തിനുമുന്നില്‍ എത്തുന്നുണ്ട്. അതിന്റെ ഫലമായി തന്നെയാണ് സംസ്ഥാനം നിയമസമാധാനപാലനത്തിലും സമാധാനത്തിലും രാജ്യത്തെതന്നെ ഏറ്റവും മികച്ച നിലയില്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് അവിടങ്ങളിലെ ഭരണ സംവിധാനം. കൊലപാതകം നടത്തിയാലും ബലാല്‍സംഗംചെയ്താലും പശുവിന്റെ പേരില്‍ അക്രമം അഴിച്ചുവിട്ടാലും അത്തരക്കാര്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു.

കൈയില്‍ കാവിക്കൊടി ഉണ്ടോ എന്നത് മാത്രമാണ് മാനദണ്ഡം. ആ രീതി കേരളത്തില്‍ നടപ്പില്ല. വര്‍ഗീയവിഷം തുപ്പുന്നവരെ തിരിച്ചറിയാനും കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാനും കേരളം മാതൃകാപരമായി ഇടപെടുന്നു. അക്കാര്യത്തില്‍ നരേന്ദ്ര മോഡി വിചാരിച്ചാലും കേരളത്തെ പിന്തിരിപ്പിക്കാനാകില്ല. കാരണം, ഇവിടം ഇടതുപക്ഷത്തിന് കരുത്തുള്ള ഇടമാണ്. അതുകൊണ്ട് നരേന്ദ്ര മോഡിയുടെ അപവാദ കഥകള്‍ ഈ കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. ഗീബല്‍സിന്റെ ശിഷ്യനായി പ്രധാനമന്ത്രിതന്നെ മാറുന്നത് മലയാളികള്‍ക്കു മാത്രമല്ല രാജ്യത്തിനാകെ അപമാനമാണ്. കേരളത്തെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശം പിന്‍വലിച്ച് മലയാളികളോട് മാപ്പ് പറയാന്‍ മോഡി തയ്യാറാവണം. ആര്‍ എസ് എസ് പ്രചാരകന്റെ നാവ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഭൂഷണമല്ല.

17-May-2019