ഭക്ഷ്യസമരം യുദ്ധകാലത്തെ മലബാര്‍ കര്‍ഷകരുടെ മുന്നേറ്റം

കോളറപോലെ വ്യാപകമായ പകര്‍ച്ചവ്യാധിയുടെ നിവാരണവും ഇവിടെ ഒരു ജനകീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലൂടെ സാധ്യമായി. മുപ്പതിനായിരം കോളറ മരണം സംഭവിച്ച മലബാറില്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള വ്യാപകപ്രവര്‍ത്തനങ്ങള്‍ നടന്നു. രോഗികളെ ശുശ്രൂഷിക്കാനും പരിചരിക്കാനും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാനും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനുമെല്ലാം ഗ്രാമഗ്രാമാന്തരങ്ങളില്‍ ജനകീയ കമ്മിറ്റികളുണ്ടായി. വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് ഈ കമ്മറ്റികള്‍ ഏറ്റെടുത്ത് നടത്തിയത്. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും കഴിഞ്ഞു. കാവുമ്പായി, ചീമേനി, തിമിരി തുടങ്ങിയ സമരങ്ങളിലെല്ലാം ശക്തമായ സ്ത്രീ സാന്നിദ്ധ്യവും സ്വാധീനവും പ്രകടമാണ്. പുരമേയാനുള്ള പുല്ലുപറിച്ചതിനെതിരെ കണ്ടക്കൈ ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ സമരം നയിച്ച കുഞ്ഞാക്കമ്മയുടെയും അവരോടൊപ്പം നിന്ന കര്‍ഷകസ്ത്രീകളുടെയും പങ്കാളിത്തവും ധീരതയും മാതൃകാ പരമായിരുന്നു.

മാനവരാശിയുടെ മേല്‍ തീരാദുരിതം വിതച്ചുകൊണ്ട് കടന്നുപോയ ലോകചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്നാണ് രണ്ടാം ലോകയുദ്ധം. ഒന്നാം ലോകയുദ്ധത്തിന്റെ ദുരിതങ്ങളകലുന്നതിന് മുമ്പ് തന്നെ അതിന്റെ തുടര്‍ച്ചയായി വന്നുപെട്ട ഈ മഹാദുരന്തം ലോകജനതയെ ഒന്നടങ്കം തീരാദുരിതത്തിലേക്ക് തള്ളിവിട്ടു. യുദ്ധത്തിലെ വിജയികളും പരാജിതരും ഒന്നടങ്കം അതിന്റെ ദുരിതം പേറേണ്ടിവന്നെങ്കിലും കോളനി രാജ്യങ്ങളില്‍ യുദ്ധക്കെടുതികള്‍ പതിന്മടങ്ങ് ശക്തിയോടെയാണ് അരങ്ങുതകര്‍ന്നത്. പൊതുവെ ദുര്‍ബ്ബലരായ ജനതയുടെ മേല്‍ ക്ഷാമവും പട്ടിണിയും പകര്‍ച്ചവ്യാധികളും താണ്ഡവമാടി. ബ്രിട്ടീഷ് കോളനി രാജ്യമായ ഇന്ത്യയിലെ സ്ഥിതി ഭീതിജനകമായിരുന്നു. യു.പിയില്‍ മാത്രം ക്ഷാമത്തിന്റെയും പകര്‍ച്ചവ്യാധിയിടെയും ഫലമായി പത്ത് ലക്ഷം പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ഈ സംഖ്യ ഇരുപത് ലക്ഷമായിരുന്നു. മദ്ധ്യേന്ത്യയിലും തെക്കേ ഇന്ത്യയിലുമായി ഇരുപത്തയ്യായിരം ഗ്രാമങ്ങള്‍ ഭീകരമായ ക്ഷാമത്തിന്റെ പിടിയില്‍ പെട്ടു. 1943 -ല്‍ മലബാറില്‍, മുപ്പതിനായിരം കോളറ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

ഇത്രയും ഭീകരമായ അവസ്ഥ നേരിടാന്‍ യാതൊരു തയ്യാറെടുപ്പും കോളോണിയല്‍ ഭരണാധികാരികള്‍ നടത്തിയില്ല. മനുഷ്യരും മൃഗങ്ങളും ഒരുപോലെ ചത്തൊടുങ്ങിയ ഈ പരിതസ്ഥിതി നേരിടാന്‍ പഴയ മലബാറില്‍ വിപുലവും ശക്തവുമായ മുന്നേറ്റങ്ങളുണ്ടായി. കര്‍ഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും സംഘടനകള്‍ അഹമഹമികയാ രംഗത്തുവന്ന അവസ്ഥ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

ഔദ്യോഗികമായി ഗവണ്‍മെന്റ് പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പെട്ടെന്ന് തന്നെ ബോദ്ധ്യമായി. ഒരിഞ്ച് പോലും വിടാതെ കൃഷി ചെയ്ത് ഉല്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ഗവണ്‍മെന്റ് അതിനാവശ്യമായ യാതൊരു സൗകര്യവും ചെയ്തുകൊടുത്തില്ല. പകര്‍ച്ചവ്യാധിയിലും പട്ടിണിയിലും വലയുന്ന ജനതയെ സഹായിക്കാന്‍ യാതൊരു നടപടിയും ഗവണ്‍മെന്റ് സ്വീകരിച്ചില്ല. ചികിത്സാ സൗകര്യങ്ങള്‍ തികച്ചും ദുര്‍ബ്ബലമായിത്തന്നെ തുടര്‍ന്നു. അത് നവീകരിക്കാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഈ അവസ്ഥയെ മറികടക്കാന്‍ കര്‍ഷക തൊഴിലാളി സംഘടനകളും കമ്മ്യൂണിസ്റ്റ് പാര്‍ടിയും മാത്രമാണ് മുന്നോട്ടു വന്നത്. യുദ്ധത്തിന്റെ കെടുതികളായ ക്ഷാമവും പകര്‍ച്ചവ്യാധികളും ഏറെ അനുഭവിച്ച ജനത അതിനെമറികടക്കുന്നതില്‍ നൂതനമായ സമര മാര്‍ഗങ്ങള്‍ അവലംബിച്ചു. മുഖ്യമായും ഇവര്‍ ശ്രദ്ധയൂന്നിയത്. ആറുതരത്തിലുള്ള മുന്നേറ്റങ്ങളിലാണ്.

1. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും എതിരെയുള്ള ജനകീയക്കൂട്ടായ്മകള്‍

2. പുനം കൃഷി നടത്താനുള്ള ജനകീയ മുന്നേറ്റങ്ങള്‍

3. കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനത്തിനുള്ള കൂട്ടുകൃഷി സംരംഭങ്ങള്‍

4. പുതിയ സഹകരണസ്ഥാപനങ്ങളുടെ സൃഷ്ടി- ജനകീയതലത്തില്‍ ഐക്യനാണയ സംഘങ്ങള്‍

5. അനൗദ്യോഗിക റേഷനിംഗ് സമ്പ്രദായം

6. പകര്‍ച്ച വ്യാധികളെ ചെറുക്കാനുള്ള ജനകീയ പരിപാടികള്‍

ഈ സമര രൂപങ്ങളില്‍ ആദ്യത്തെ ഒന്നും രണ്ടും ഏറെ പരിചിതങ്ങളാണ്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഏറെ വ്യാപകമായ നാളുകളില്‍ അതിനെതിരെ കര്‍ഷകരുടെ ധീരമായ മുന്നേറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണല്ലോ കരിവെള്ളൂര്‍ സമരം. രണ്ട് കമ്മ്യൂണിസ്റ്റ് കര്‍ഷക വളണ്ടിയര്‍മാരുടെ രക്ത സാക്ഷിത്വത്തിനിട വരുത്തിയ ഈ സമരം കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.

പുനം കൃഷിചെയ്യാനുള്ള അവകാശം ലഭിക്കാന്‍ കൃഷിക്കാര്‍ നടത്തിയ ധീരോദാത്തമായ സമരങ്ങളുടെ ഉദാഹരണങ്ങളാണ് കാവുമ്പായി, കൂത്താളി, എള്ളെരിഞ്ഞി, നെടിയേങ്ങ, തോലമ്പ്ര, തിമിരി, ചീമേനി തുടങ്ങിയവ. അഞ്ച് ധീരരായ കര്‍ഷകരാണ് കാവുമ്പായിയില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചത്.

പുനംകൃഷിക്കു വേണ്ടിയുള്ള സമരവും കൂട്ടുകൃഷിയും ഭക്ഷ്യധാന്യശേഖരണവും കരിഞ്ചന്ത തടയാനുള്ള ശ്രമങ്ങളും മുന്നേറ്റങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോള്‍തന്നെ കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും ഭക്ഷ്യധാന്യങ്ങല്‍ വിതരണം ചെയ്യാനുമായി ജനങ്ങള്‍ നിരവധി സഹകരണസ്ഥാപനങ്ങള്‍ക്ക് രൂപം കൊടുത്തു. നൂറിലധികം പി.സി.സി സൊസൈറ്റികള്‍ ഇക്കാലത്ത് രൂപീകരിക്കപ്പെട്ടു. ഉല്‍പ്പാദകരുടെയും ഉപഭോക്താക്കളുടെയും സഹകരണസംഘം എന്നറിയപ്പെട്ട ഈ സ്ഥാപനങ്ങള്‍ കര്‍ഷക ജനസാമാന്യത്തിന്റെ മുന്നേറ്റത്തിനുള്ള ശക്തമായ ഉപകരണങ്ങളായി മാറി. ഐക്യനാണയ സംഘങ്ങള്‍ എന്ന പേരിലറിയപ്പെട്ട ജനകീയ ബാങ്കിംഗ് സംവിധാനം കുറഞ്ഞ പലിശയ്ക്ക് ജനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു തുടര്‍ച്ച സാധാരണക്കാരായ തൊഴിലാളി- കര്‍ഷക ജനതയുടെ ദുരിതമകറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

പി.സി.സി സൊസൈറ്റികള്‍ തന്നെയാണ് റേഷനിംഗ് സമ്പ്രദായത്തിന്റെ ചുക്കാന്‍ പിടിച്ചത്. മിച്ചനെല്ല് സൊസൈറ്റിയിലേക്ക് അളന്നെടുക്കുകയും അത് ന്യായവിലക്ക് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. നെല്ല് സംഭരണത്തിന് തടസ്സം നില്‍ക്കുന്ന ജന്മിമാര്‍ക്കും ഭൂപ്രഭുക്കള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായി.

കോളറപോലെ വ്യാപകമായ പകര്‍ച്ചവ്യാധിയുടെ നിവാരണവും ഇവിടെ ഒരു ജനകീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലൂടെ സാധ്യമായി. മുപ്പതിനായിരം കോളറ മരണം സംഭവിച്ച മലബാറില്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള വ്യാപകപ്രവര്‍ത്തനങ്ങള്‍ നടന്നു. രോഗികളെ ശുശ്രൂഷിക്കാനും പരിചരിക്കാനും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാനും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനുമെല്ലാം ഗ്രാമഗ്രാമാന്തരങ്ങളില്‍ ജനകീയ കമ്മിറ്റികളുണ്ടായി. വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് ഈ കമ്മറ്റികള്‍ ഏറ്റെടുത്ത് നടത്തിയത്.

ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും കഴിഞ്ഞു. കാവുമ്പായി, ചീമേനി, തിമിരി തുടങ്ങിയ സമരങ്ങളിലെല്ലാം ശക്തമായ സ്ത്രീ സാന്നിദ്ധ്യവും സ്വാധീനവും പ്രകടമാണ്. പുരമേയാനുള്ള പുല്ലുപറിച്ചതിനെതിരെ കണ്ടക്കൈ ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ സമരം നയിച്ച കുഞ്ഞാക്കമ്മയുടെയും അവരോടൊപ്പം നിന്ന കര്‍ഷകസ്ത്രീകളുടെയും പങ്കാളിത്തവും ധീരതയും മാതൃകാ പരമായിരുന്നു.

ഇത്തരം ചെറുത്തു നില്‍പുകളും സമരങ്ങളും നമ്മുടെ ചരിത്രത്തിലെ അപൂര്‍വതകളിലൊന്നാണ്. മലബാറിലെ തൊഴിലാളി കര്‍ഷക പ്രസ്ഥാനത്തിന്റെ പുതിയകുതിപ്പിന് വഴിതെളിച്ച ഈ മുന്നേറ്റങ്ങള്‍ നമ്മുടെ ജനകീയ ചരിത്രധാരയിലെ പുതിയ അദ്ധ്യായവുമാണ്. അന്തമില്ലാത്ത ദുരിതങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ടപ്പോള്‍പോലും മുന്നേറാനുള്ള വഴികള്‍ അന്വേഷിക്കുക മാത്രം ചെയ്ത ജനകീയ കൂട്ടായ്മകള്‍ ചരിത്രത്തിന്റെ കുതിപ്പിലെ സൂര്യതേജസ്സാണ്.

06-Dec-2013

ചിരസ്മരണ മുന്‍ലക്കങ്ങളില്‍

More