അവള്‍

''ആദ്യരാത്രിക്ക് പകരം നമുക്ക് പകലാണല്ലോ അമ്മൂ.. ഇനി കാത്തിരിക്കാന്‍ വയ്യ. എത്രയും വേഗം ആ മഞ്ഞള്‍താലി നിന്റെയീ കഴുത്തില്‍ ചാര്‍ത്തണം'' നാണത്തോടെ പതിയെ തിരിഞ്ഞ് കിടന്ന് അവന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തുമ്പോള്‍ ആരോ ശക്തമായി മുടിയില്‍ പിടിച്ച് വലിച്ചപോലെ തലവേദന തുടങ്ങി. ഒപ്പം ചുറ്റിലും നിറയുന്ന മുല്ലപ്പൂ ഗന്ധം.
രാഹുലുമായുള്ള ബന്ധമല്ല മറിച്ച് വിവാഹമെന്ന ഉടമ്പടിയാണ് അവളെ പ്രകോപിപ്പിക്കുന്നതെന്ന് വഴിയെ മനസ്സിലായി.
രാഹുലിനോട് പലവട്ടം ഇക്കാര്യം പറയാന്‍ തുനിഞ്ഞതാണ്. പക്ഷേ സാധിച്ചില്ല. അതും അവള്‍ക്കിഷ്ടമല്ലായിരുന്നു. പിന്നീട് ജീവിതം അവള്‍ നിയന്ത്രിച്ചു തുടങ്ങി. അവള്‍ക്കിഷ്ടമല്ലാത്ത ഏന്നും അവള്‍ കടന്നുവരും.

പുലര്‍കാലത്തിന്റെ സുഖമുള്ള തണുപ്പില്‍ കയ്യിലൊരു ഓട്ടുകിണ്ണവുമെടുത്ത് ആ വലിയവീടിന്റെ തെക്കിനികടന്ന് ഞാനാ കുളത്തിന്റെ പടവുകളിറങ്ങി. ചുവന്ന വെട്ടുകല്ലില്‍ പായല്‍പ്പച്ച പിടിച്ച ഒടുവിലത്തെ പടവിലിരുന്ന് കാലുകള്‍ അലസമായി നനച്ച്, ഉണങ്ങിക്കിടന്ന താളിക്കല്ലിലേക്ക് കിണ്ണം വച്ച് ഞാനിരുന്നു. അടിത്തട്ടില്‍ അലസമായി നീന്തുന്ന ആമയും അല്പം മാറി ധ്യാനത്തിലെന്നവണ്ണം ചെറുപരല്‍മീന്‍കൂട്ടം. എന്തേ പ്രകൃതിക്ക് മൗനം എന്ന് ചിന്തിക്കുമ്പോള്‍ കുളത്തില്‍ വെയില്‍പ്പൂക്കള്‍ കളമൊരുക്കുന്നു.

കാല്‍പ്പെരുമാറ്റം കേട്ട് പിന്നിലേക്ക് നോക്കുമ്പോള്‍ അമ്മമ്മ, ഒരുപിടി വാട്ടിയവെള്ളില കയ്യില്‍.
അമ്മമ്മയെന്താണ് ഈ നേരത്ത് ?
എന്നെ കണ്ടഭാവം വയ്ക്കാതെ വെള്ളില പടിക്കെട്ടിലിട്ട് പടവുകളിറങ്ങി വെള്ളത്തിലേക്ക് ഊളിയിട്ടു അമ്മമ്മ.
നാലുവട്ടം മുങ്ങിനിവര്‍ന്ന് പിന്നൊന്നിനുമില്ലാതെ നീന്തുവാന്‍ തുടങ്ങി.
''ഇതെന്തേ ഇങ്ങനെ''?
''എന്തേ എന്നോടൊന്നു മിണ്ടാത്തൂ''?
ഒരു നിമിഷം, മനസ്സൊന്ന് കലങ്ങി. കുളക്കരയിലെ ആകാശത്തോളം വലുതായ വൃക്ഷങ്ങളില്‍ നിന്നും ഭൂമിയോളം താഴെത്തില്‍ വള്ളികള്‍ ! ആ വള്ളികളില്‍ കണ്ണുകള്‍ കൊരുത്തപ്പോള്‍ മനസ്സു മന്ത്രിച്ചു.
''അവള്‍ !.....''
മെല്ലെ വീശിയ കാറ്റില്‍ എന്റെ പാവാടയുലഞ്ഞു. പതിയെ നേര്‍ത്ത കുടമുല്ലഗന്ധം പരന്നു. അവള്‍ ..... അതോ അവള്‍ തന്നെ. എന്തിനാണിവിടെ അവള്‍.....?
വേണ്ട. അവളുടെ സാന്നിദ്ധ്യം എനിക്കിനി ആവശ്യമില്ല. വേഗം തിരിച്ചുപോകാം. കിണ്ണം അവിടത്തന്നെ ഉപേക്ഷിച്ച് ഞാനെഴുന്നേറ്റു.
പക്ഷേ അമ്മമ്മ......
അമ്മമ്മ എന്തിനിങ്ങനെ നീന്തുന്നു ?
നീണ്ടനീലപ്പാവാടയുടെ വക്ക് ഒരു കല്ലില്‍ കോര്‍ത്ത് വലിയുന്നു. വീണ്ടും ചുറ്റിലും നിറയുന്ന മുല്ലയുടെ മാദകഗന്ധം.....
അവള്‍ എത്തുംമുമ്പ് ഇവിടെനിന്ന് മാറണം. പക്ഷേ ഇതെന്താണ് പടവുകള്‍ തീരാത്തത്. കയറുമ്പോഴും പടവുകളുടെ എണ്ണം കൂടുന്നു. താഴെ കുളത്തിലെ ജലം താണ് താണ്... അതാ അങ്ങ് ദൂരെ ഒരു പൊട്ടുപോലെ അമ്മമ്മ നീന്തുന്നു.... ഇതെന്തൊക്കെയാണ് ആകെ ഭയമാകുന്നു.

ഇന്നലെ.... ഇന്നലെ രാത്രി ചെവിയിലേക്ക് വീണ മുടിയിഴകള്‍ മാടിയൊതുക്കി, നിശ്വാസവായു ചെിവിയില്‍തട്ടിച്ച് കുതറിയപ്പോള്‍ നെഞ്ചോട് ചേര്‍ത്തമര്‍ത്തി ''ഈ മുല്ലപ്പൂ ഗന്ധം എന്നെ മത്ത് പിടിപ്പിക്കും പെണ്ണേ'' എന്ന് രാഹുല്‍ പറഞ്ഞതും അത്‌കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ചുറ്റും നോക്കി രാഹുലിനെ ഭയപ്പെടുത്താ തിരിക്കാന്‍ ഉള്ളിലെ ഭയമടക്കി അവന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്നതും, മുറുക്കിപ്പിടിക്ക് എന്ന് കൊഞ്ചിയതും ഭയം കൊണ്ടാണെന്ന് മനസ്സിലാക്കാതെ, ''കുറുമ്പിപ്പെണ്ണേ'' എന്നവന്‍ പുന്നാരിച്ചതും ഓര്‍മ്മയിലൊരു അവ്യക്ത ചിത്രമാണ്.
''ആദ്യരാത്രിയാണിത് പൊന്നേ'' കാല്‍വിരലുകളില്‍ മൃദുവായ് വിരലോടിച്ച്, ചെറുമുത്തം നല്‍കിയാണ് വായ് വിരലോടിച്ച്, ചെറു മുത്തം നല്‍കിയാണ് രാഹുലത് പറഞ്ഞത്. അപ്പോഴാണ് ഞാനും അതേക്കുറിച്ച് ചിന്തിച്ചത്.
വിവാഹമെന്ന ഉടമ്പടി ആഗ്രഹിച്ചതല്ല. പ്രണയം, വിവാഹം, പിന്നെ പതിവ്രതാ നാട്യങ്ങള്‍.... വയ്യ ആ അഭിനയം തീരെ വയ്യ. കാലങ്ങള്‍ ഒരാണിനെ സകല ദുര്‍ഗന്ധങ്ങളോടും കൂടിയും സഹിച്ച് കാലം പോക്കല്‍ ''വേണ്ട രാഹുല്‍ അത് ശരിയാവില്ല. നിന്നെ വെറുക്കുന്നതെനിക്ക് ഓര്‍ക്കാനാവില്ല. കെട്ടുകള്‍ നമ്മെ അതില്‍ നിന്ന സ്വതന്ത്രരാകുവാന്‍ പ്രേരിപ്പിക്കും. അതുകൊണ്ട് ആ ഉടമ്പടി വേണ്ട'' അവന്റെ തോളില്‍ തലചായ്ച്ച് അസ്മനസൂര്യനെ കണ്ടിരുന്ന് ഇത്രയും പറഞ്ഞത് എന്താണ്?
എന്നിട്ടും വിവാഹം ... അതെങ്ങനെ ?

''ഇതെന്താണ് പടികള്‍ കയറിയിട്ടും കയറിയിട്ടും കഴിയാത്തത് ?
''അമ്മമ്മേ.... അമ്മമ്മേ... ഒന്ന് കയറിവരൂ. രുക്കുവാണ് വിളിക്കുന്നത്. എനിക്ക് പേടിയാകുന്നു. അമ്മമ്മേ...''
''ഇല്ല മറുപടിയില്ല. അതങ്ങനെ കേട്ടഭാവം പോലുമില്ലാതെ അഗാധതയിലേക്ക് ആണ്ട് പോകുന്ന കുളത്തില്‍ അമ്മമ്മ.....

''നോക്ക് രുക്കൂ ഇത് വാശിയാണ്. വെറും വാശി''
''അതേ രാഹുല്‍ വാശിതന്നെ വിവാഹം കഴിക്കാനെനിക്കാകില്ല''
''ലോകത്താരും വിവാഹം കഴിക്കുന്നില്ലേ''
''മറ്റുള്ളവരുടെ കാര്യമല്ല. ഞാന്‍ എന്നെക്കുറിച്ചാണ് പറയുന്നത്. എനിക്ക് നിന്നെ നഷ്ടപ്പെട്ട്, നിന്നെ വെറുത്ത് ജീവിക്കാനാകില്ല. ഇല്ല രാഹുല്‍ എന്റെ ഭയങ്ങള്‍... അതിനെ അതിജീവിച്ചൊരു വിവാഹം... പറ്റില്ല. എന്നെ നിര്‍ബന്ധിക്കരുത്.''
''രുക്കൂ, എനിക്ക് നിന്നെ വിട്ട് ഒരു ജീവിതം ഇതുവരെയില്ല. ഇനി ഉണ്ടാവുകയുമില്ല. അത് നിനക്കറിയാം. എന്നിട്ടും.....''
അന്ന് ആ രാത്രി നിറഞ്ഞ നിലാവില്‍ അവന്റെ കരവലയത്തില്‍ നിന്നെണീറ്റ് ഫ്‌ളാറ്റിന്റെ പത്താം നിലയുടെ കയ്യെത്തും ദൂരത്ത് നിന്ന് അമ്പിളിമാമനെ തൊടാനാണ്. പിന്നൊരു പൊട്ടിച്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് വീണ് രോമങ്ങളില്‍ വിരലോടിച്ച് ഒരു മുളിപ്പാട്ട് മൂളിക്കിടക്കുമ്പോള്‍ തോന്നി സമ്മതം മൂളാം വിവാഹത്തിന് എന്ന്. അതു പറയുവാന്‍ ചുണ്ടുകള്‍ കൊണ്ടവന്റെ ചെവി പരതി മെല്ലെ മന്ത്രിക്കാനൊരുങ്ങുമ്പോള്‍ ചുറ്റും മുല്ലപ്പൂ ഗന്ധം നിറഞ്ഞു ഒപ്പം ആരോ പിടിച്ചു വലിക്കുന്നപോലെ ശക്തമായ തലവേദനയും. ''അവള്‍?'' സപ്ത നാഡികളും തളര്‍ന്ന് അവന്റെ ശരീരത്തിലേക്ക് വീഴുമ്പോള്‍ സ്വയം തിരുത്തി ഇല്ല..... വിവാഹം, അതുണ്ടാകില്ല.... സത്യം.
ഓരോ വീക്കെന്‍ഡിലും ആവര്‍ത്തിക്കുന്ന ചോദ്യോത്തരങ്ങള്‍ ഒരിക്കലും അനുകൂലമായി പ്രതികരിച്ചില്ല. രാഹുല്‍ അടുത്തില്ലാത്ത ദിവസങ്ങളില്‍ ഫോണില്‍ രാത്രി വൈകിയും ചൂടുപിടിപ്പ് കിടക്കുമ്പോള്‍ പോലും അതെ എന്ന് പറഞ്ഞില്ല. കമ്പനിയിലെ തിരക്കില്‍ നിന്നൊഴിവായി ''വരൂ നമുക്കൊരു യാത്ര പോകാം'' എന്ന് പറഞ്ഞത് അവനാണ്. അതിന്നവന്‍ തിരഞ്ഞെടുത്തതോ ''രാമേശ്വരം''. ഒട്ടൊരു ആശ്ചര്യത്തോടെ ആ യാത്രക്ക് ഞാനും തയ്യാറായി.
അവിടെ മൊട്ടത്തലയും നിറഞ്ഞ പുഞ്ചിരിയുമായി ''ഗുണ'' എന്ന ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ കാത്ത് നിന്നു. അയാളുടെ ഒറ്റമുറി കേട്ടേജിലെ തുറന്നിട്ട ജാലകത്തിലൂടെ അരിച്ചെത്തിയ തെരുവു വെളിച്ചത്തില്‍ ഞങ്ങള്‍ പരസ്പരം ചേര്‍ന്ന് കിടന്ന് ക്ഷേത്ര ഗോപുലം കണ്ടു. ഒഴുകിയിറങ്ങിയ വിയര്‍പ്പില്‍ കുതിര്‍ന്ന്, ''നമ്മളൊന്നല്ലേ? ഇനിയും വൈകേണ്ടതുണ്ടേ? നമ്മുടെ കുഞ്ഞ്.....'' എന്നവര്‍ മന്ത്രിച്ചപ്പോള്‍ മറുത്തൊന്നും പറയാനായില്ല. ആ ആവേശത്തില്‍ കഴിക്കാനൊരുങ്ങിയ 'ഐപില്‍' തട്ടി ദൂരയെറിഞ്ഞെന്റെ നഗ്‌നമായ അടിവയറ്റില്‍ മുഖമമര്‍ത്തി അവന്‍ രാവുവെളുക്കുവോളം ഒരു കുഞ്ഞായി. പിറ്റേന്ന് അന്നോളമില്ലാത്ത വണ്ണം വലതുകൈകൊണ്ടെന്ന ചേര്‍ത്തു പിടിച്ച് രാമേശ്വരന്റെ മുന്നില്‍ ..... ആ സന്ധ്യയില്‍ ഒരു മുഴം കനാകാംബരം വാങ്ങി എന്റെ മുടിക്കെട്ടില്‍ ചൂടി ഒരു മൂക്കുത്തിയുടെ കുറവ് എന്ന് പുന്നാരിച്ചപ്പോള്‍ അതുവരെ തോന്നാതിരുന്ന ലജ്ജയില്‍ എന്റെ മുഖം ചുവന്നു.
എം.ബി.എ. അവാസന പരീക്ഷയുടെ അന്ന് ഒന്നും മിണ്ടാതെ അവന്റെ ബൈക്കില്‍ കയറിയിരുന്നതും ''നോക്കണ്ട, എനിക്കറിയാം നിനക്കെനോടുള്ള ഇഷ്ടം'' എന്ന് പറഞ്ഞതും അന്ന് അവന്റെ വീടിന്റെ ബാല്‍ക്കണിയില്‍ വച്ച് അവനെന്നെ അപ്രതീക്ഷിതമായി ചുംബിച്ചപ്പോഴും ഒന്നു തോന്നാത്ത ലജ്ജ......
''രുക്കൂ.... നിനക്കാ ഫോണ്‍.'' അമ്മയാണ്.
''അമ്മയോ? അതെന്താ നീ വഴി''
''ഒന്നുമില്ല വിവാഹത്തിന് നീ സമ്മതിച്ചവിവരം ഞാന്‍ പറഞ്ഞിരുന്നു''
''ഉം''
''ഹലോ അമ്മേ, എന്തുപറ്റി രാഹുലിന്റെ ഫോണില്‍''?
''ഹൊ.. എന്റെ രുക്കൂ ഒടുവില്‍ നീ സമ്മതിച്ചലോ രക്ഷപ്പെട്ടു. ഒരാഡംബരവും വേണ്ട. പക്ഷേ വിവാഹം നടക്കണം മോളൂ.... നോക്ക് അമ്മമ്മയുണ്ടായിരുന്നെങ്കില്‍ ഇത് നടന്നുകാണാന്‍ ഏറ്റവും ആഗ്രഹിക്കുക അമ്മയാകുമായിരുന്നു.''
''അമ്മ..... അത് നിങ്ങള്‍ തീരുമാനിക്ക്. അധികം ആളുകള്‍ പാടില്ല''
''ശരി നിന്റെ ഇഷ്ടം''
ശരിക്കും ഇതെന്തൊരു കഷ്ടമാണ്. വേണ്ടീരുന്നില്ല. സമ്മതിക്കേണ്ടായിരുന്നു. പക്ഷേ തടയാന്‍ അവളും വന്നില്ല. അമ്മാ, അമ്മ പറഞ്ഞതെന്താണ് ? അമ്മാമ എവെട പോയി എന്നാണ്? അമ്മക്കെന്ത് പറ്റാന്‍ ? തലകറങ്ങുന്നു..... രാഹുല്‍.... എന്നെ ചേര്‍ത്ത് പിടിക്ക് എനിക്ക് വയ്യ''
''കഷ്ടം തന്നെ വിപ്ലവം പറച്ചില്‍ ഗംഭീരം. പക്ഷേ എല്ലാറ്റിനും ഞാന്‍ തന്നെ വേണം. അല്ലേ കാന്താരി...''
ആ കൊഞ്ചലില്‍ കൊഴിഞ്ഞകന്ന ഭയത്തിന് പകരം അവന്റെ കീഴ്ചുണ്ടിലൊരു കടികൊടുത്ത് കണ്ണുകള്‍ മുറുകെ പൂട്ടി ഉറങ്ങാന്‍ ശ്രമിച്ചു. കണ്ണടച്ചു കഴിഞ്ഞപ്പോള്‍ അസാധാരണമാം വിധം ഒരാളുടെ സാന്നിദ്ധ്യം ആ മുറിയില്‍ നിറഞ്ഞു. രാഹുലിനെ മുറുകെ പുണര്‍ന്ന് കിടക്കുമ്പോള്‍ വിരല്‍ത്തുമ്പില്‍ ഒരു തണുപ്പ്.... ഹിമത്തോളം തണുത്ത ഒരു വിരല്‍സ്പര്‍ള്‍ം.... ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ കുടമുല്ലപ്പൂ ഗന്ധം... അതേ അവള്‍.

കുട്ടിക്കാലത്ത് ഓരോ അവധിക്കാലത്തും ഓടിക്കളിക്കാനും, കഥകള്‍ കേള്‍ക്കാനും പിന്നെ അമ്മമ്മയുടെ മടയില്‍ കിടന്നുറങ്ങാനുമൊക്കെ തിടുക്കപ്പെടുമ്പോള്‍ അച്ഛന്റെ മുഖത്തെ തൃപ്തികേട് വായിച്ചെടുക്കാനാകും. ''അച്ഛാ, എന്ന അമ്മാത്ത് കൊണ്ടോവുക?'' എന്ന ചോദ്യം തന്നെ അച്ഛന് ദേഷ്യമാണ്. പക്ഷേ, പെറ്റതള്ളയാണ്. എനിക്ക് പോയേ തീരൂ എന്ന അമ്മയുടെ ഒറ്റപ്പറച്ചിലില്‍ അച്ഛന്‍ കീഴടങ്ങും. പിന്നെ അവധിക്കാലം. ചുമരുകള്‍ വലിയൊരു കോട്ടയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നത്. അങ്ങനെ ആ വലിയവീടിന്റെ വിശാലതയില്‍ കളിച്ച് ഉല്ലസിച്ച് നടക്കുന്നതിനിടയിലാണ് ''അവളെ''കുറിച്ച് ആദ്യമായി അറിഞ്ഞത്.
''അമ്മമ്മേ, അമ്മമ്മയ്ക്ക് ഈ വലിയവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയാകില്ലേ?''
സന്ധ്യക്ക് യക്ഷിക്ക് നിവേദ്യം വച്ച് തൊഴാന്‍ മച്ചിനകത്തേക്ക് കടക്കുമ്പോഴായിരുന്നു ആ ചോദ്യം ചോദിച്ചത്. ആ ചോദ്യം കേട്ട് ഒപ്പമുണ്ടായിരുന്ന അടിച്ചുതളിക്കാരി ഒന്ന് ഞെട്ടി. പിന്നെ ''അമ്മേ ഞാന്‍ പോണൂട്ടോ'' എന്ന് പറഞ്ഞ് തിടുക്കത്തില്‍ മടങ്ങിപ്പോയി.
''പറയൂ അമ്മമ്മേ, പേടിയില്ലേ''?
അമ്മമ്മ ആദ്യം ഒന്നും മിണ്ടല്ലേ എന്ന് ആഗ്യം കാണിച്ചു. പിന്നെ ചോദ്യത്തിന് ശേഷം പുറത്തിറങ്ങി മൂക്ക് വിടര്‍ത്തി ഏതോ ഗന്ധം ആവോളം ഏറ്റുവാങ്ങുന്നത് പോലെ നിന്നു. അപ്പോള്‍ അമ്മമ്മയുടെ മുഖത്തിന് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. തുമ്പുകെട്ടിയ നീണ്ടുനരച്ച മുടിക്കെട്ടില്‍ നിന്ന് ഈറന്‍വെള്ളം ഇറ്റിറ്റ് വീണു.
''അമ്മമ്മേ.... പറയൂ....''
''ങ്‌ഹേ?''
അന്നും അമ്മമ്മ മറുപടി നല്‍കിയില്ല. പക്ഷേ അവളെ കുറിച്ച് ഓരോ അവധിക്കാലത്തും ഞാന്‍ കൂടുതല്‍ അറിഞ്ഞു. അതും അമ്മമ്മ പറയാതെ പറയുന്ന മൗനങ്ങളില്‍ നിന്നും.
എനിക്ക് പതിനേഴു തികഞ്ഞ അവധിക്കാലം. അത് ശരിക്കും കണ്ടെത്തിയത് അപ്പോഴാണ്. ഒരു ദിവസം ഉച്ചതിരിഞ്ഞ് അമ്മമ്മയെ അന്വേഷിച്ച് വടക്കിനിയിലും തെക്കേപ്പറമ്പിലും എന്നുവേണ്ട മച്ചിനകം വരെ അന്വേഷിച്ചിട്ടും കണ്ടെത്താതെയാണ് ഒടുവില്‍ കുളക്കരയിലേക്ക് ഓടിയത്. നോക്കുമ്പോള്‍ അമ്മമ്മ കുളപ്പടവിലുണ്ട്. ആരോടാ സംസാരിക്കുകയാണ്. ഇത്രവശ്യമായ സംസാരം ആരോടാകും? ആരേയും കാണുന്നില്ല. കുളത്തിലെ ജലംപോലും നിശ്ചലം. പിന്നെ ഇതാരോടാണ്? ഒന്ന് ദീര്‍ഘശ്വാസം വിട്ട് കുളത്തിന്റെ അരമതിലിനു പിന്നില്‍ മറഞ്ഞിരിക്കാന്‍ നിശ്ചയിച്ചു.
''എന്റെ ഉണ്ണിക്കുറുമ്പേ പിണങ്ങാതെ നിനക്കുള്ളതൊക്കെ മുടങ്ങാണ്ടെ ചെയ്യുന്നില്ലേ ഞാന്‍? .....ന്നിട്ടും.....?''
''...................''
''ഉം, ശരിയാണ്. നിന്റൊപ്പം നീന്തണില്ല. അറയില്‍ കടന്നിരിക്കുന്നില്ല. രാവില്‍ പാലപൂക്കുന്നത് കാണാന്‍ കൂട്ടിരിക്കുന്നില്ല. കിന്നരിക്കുന്നില്ല....... ഇതൊക്കെയല്ലേ പരാതികള്‍?
ഒന്ന് ക്ഷമിക്കെന്റ മുത്തേ..... ആ കുട്ടി അടുത്ത ദിവസം മടങ്ങും. നമ്മുടെ കുട്ട്യല്ലേ അവള്‍... നോക്കൂ നീയിപ്പോ പോകു. കുട്ടിയെന്ന തിരയുന്നുണ്ടാകും''. മറുഭാഗത്തുള്ളയാളിനെ കാണാനുള്ള ആകാംക്ഷയില്‍ എഴുന്നേറ്റ് നോക്കിയതും അമ്മമ്മ എന്നെ കണ്ടതും ഒന്നിച്ച്. അന്നാദ്യമായി കോപമോ ഞെട്ടലോ എന്ന് വേര്‍തിരിച്ചറിയാനാകാത്ത ഒരു വികാരം അമ്മമ്മയുടെ മുഖത്ത് കണ്ടു. ചെയ്തത് തെറ്റാണെന്ന ചിന്തയില്‍ തിരിഞ്ഞോടി.
പിറ്റേന്ന് പുലര്‍ച്ചെ അടുക്കളയില്‍ ചെല്ലുമ്പോള്‍ അമ്മമ്മയ്ക്ക് പ്രത്യേക ഗന്ധം... കുടമുല്ലപ്പൂവിന്റെ ഗന്ധം... !
''കുട്ടീ വേഗം എണ്ണതേച്ച് കുളത്തിലേക്ക് പോന്നോളൂട്ടോ. ഇന്ന് മേടത്തിലെ മുപ്പട്ടു വെള്ളിയാണ്. എനിക്ക് നിലവറയില്‍ പ്രത്യേകം പൂജയും നേദ്യവും ഉള്ളതാ. വേഗം പോരൂട്ടോ''
അടുപ്പിന്‍തിണ്ണയിലെ ചെറിയ എണ്ണക്കിണ്ണത്തില്‍ ഒഴിച്ചുവച്ച നീലഭൃംഗാദിക്ക് ഇളംചൂട്. എണ്ണവിരല്‍ത്തുമ്പില്‍ തൊട്ട് നെറുകയില്‍ തേച്ച്, ഞാനും കുളത്തിലേക്ക് നടന്നു. അമ്മമ്മ കുളിച്ചു കഴിഞ്ഞിരിക്കുന്നു. ഈറനുടുത്ത് പടികയറുകയാണ്. കുളത്തിലെ പടിക്കെട്ട് തുള്ളിച്ചാടി ഞാന്‍ കുളത്തിലേക്കിറച്ചി. ഹൗച്ച്... എന്തൊരു തണുപ്പ്... ! അത് കേട്ട് അമ്മമ്മ ചിരിച്ചു. ഈ പ്രായത്തിലും അമ്മമ്മക്ക് എന്തൊരു ഭംഗിയാണ്. കുളപ്പടവിലെ കല്ലിലരച്ചു ഒരിത്തിരി ചന്ദനം നെറ്റിയില്‍ ചേരുമ്പോള്‍ ആ മുഖത്തിനെന്തൊരു ഐശ്വര്യം! തീക്ഷ്ണമായ കണ്ണുകള്‍.... ചിലപ്പോള്‍ ആ കണ്ണുകള്‍ ധ്യാനത്തിലെന്നവണ്ണം നിശ്ചലമാകും. നോക്കിയിരുന്നാല്‍ പേടിയാകും. ഒരു ദിവസം ചോദിക്കുകയും ചെയ്തു. അമ്മമ്മ എന്താ ഓര്‍ക്കുന്നത് ?
മറ്റേതോ ലോകത്തില്‍ നിന്നെന്നവണ്ണം ഒരുവാക്ക് മറുപടി തന്നു.... ''അവള്‍''
തലേന്ന് ഉച്ചതിരിഞ്ഞുള്ള സംഭവത്തിന് ശേഷം പരസ്പരം അധികമൊന്നും മിണ്ടിയിട്ടില്ല. വൈകിട്ട് അല്‍പ്പസമയം മുറ്റത്ത് ഉലാത്തിയതൊഴിച്ചാല്‍ അമ്മമ്മ 'ക്ഷീണം' എന്ന് പറഞ്ഞ് അകത്തെ മുറിയില്‍ കിടപ്പായിരുന്നു. വായിക്കാനും പഠിക്കാനും ധാരാളമുണ്ടായിരുന്നത് കൊണ്ടും ജാള്യതകൊണ്ടും ഞാനും മുറിയില്‍ തന്നെ കൂടി. രാത്രിയില്‍ ആരോടാകും അമ്മമ്മ സംസാരിക്കുക എന്ന ആകാംഷ മാത്രം ഇടയ്ക്കിടെ ഉള്ളില്‍ വന്നും പോയുമിരുന്നു. അത്താഴം കഴിഞ്ഞപ്പോള്‍ അമ്മമ്മ പറഞ്ഞു. ''കുട്ടി വേഗം കിടന്നോളൂ, കുറേ പഠിച്ചതല്ലേ? നല്ല ക്ഷീണമുണ്ടാകും''
അത് ശ്രദ്ധിക്കാതെ വായിക്കാനുള്ള പുസ്തകമെടുക്കുമ്പോള്‍ അല്‍പ്പം ബലമായി പുസ്തകം വാങ്ങി മേശമേല്‍ വച്ച്, കണ്ണുകളിലെക്ക് നോക്കി അമ്മമ്മ പറഞ്ഞു. 'രുക്കൂന് നന്നായി ഉറക്കം വരുന്നുണ്ട്. സുഖമായി ഉറങ്ങൂ നാളെ പഠിക്കാം. നീ ഉറങ്ങൂ....''
''നീ ഉറങ്ങൂ..' എന്ന വാക്കുകള്‍ ഏതോ ഗഹ്വരത്തില്‍ നിന്നെണ്ണവണ്ണമാണ് പുറപ്പെട്ടത്. മെല്ലെ കണ്‍പോളകള്‍ക്ക് കനമേറി. ഉറക്കിലേക്ക് ആണ്ടുപോയി.
നിലവറയില്‍ വിളക്ക് കൊളുത്തിയശേഷം ഉമ്മറത്തിരിക്കുന്ന അമ്മമ്മയുടെ മടിയില്‍ തലവച്ച് കൊണ്ട് യാതൊരു മുഖവുരയു മില്ലാതെ ഞാന്‍ വീണ്ടുമാ ചോദ്യം ചോദിച്ചു. ''പറയൂ അമ്മമ്മേ ആരാണാ ''അവള്‍''?
പുറത്തേക്ക് നോക്കിയിരുന്ന അമ്മമ്മ ഒന്ന് മൂളി. പിന്നെ ''രുക്കൂ കൂടുതല്‍ ചോദിക്കണ്ട. പറയില്ല. പറയുന്നതവള്‍ക്കിഷ്ടമല്ല. ഒന്നറിയാം ഈ വലിയ വീട്ടില്‍ അവളാണെനിക്ക് കൂട്ട്. ഒരു ദിവസം പോലും ഇവിടം വിട്ട് നില്‍ക്കാനെനിക്കാകില്ല. അവള്‍ക്ക് ഞാനേയുള്ളൂ. ഞാന്‍ പോകുവോളം അവള്‍ എന്നോടൊപ്പമുണ്ടാകും. പക്ഷേ നീ ഒരാവശ്യവുമില്ലാതെ അവളെക്കുറിച്ചന്വേഷിക്കുന്നു. അത് വേണ്ട. വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട എന്ന് തന്നെയാണതിന്റെ അര്‍ത്ഥം മനസ്സിലായോ''?
''ശരി പക്ഷേ ഒരു ചോദ്യം. ഒരേ ഒരു ചോദ്യം. അതിന് മറുപടി നല്‍കണം അമ്മമ്മ''
''ഉം...''?
''അവളെ കാണാന്‍ കഴിയുമോ അമ്മമ്മയ്ക്ക്''?
അല്‍പ്പനേരം പുറത്തേക്ക് മിഴിനട്ടശേഷം അസാധാരണമായ ശാന്തതയോടെ പറഞ്ഞു, 'അവള്‍ക്ക് കുടമുല്ലപ്പൂവിന്റെ ഗന്ധമാണ്.' അന്ന് രാത്രി അമ്മമ്മയെ മുറുകെ പുണര്‍ന്ന് കൊഞ്ചി. 'അമ്മമ്മേ ഒരു കഥ പറയുന്നേ.'
അമ്മമ്മ കഥ പറഞ്ഞു തുടങ്ങി. ഏഴ് മലകളും കടന്ന് ഏഴു കടലുകളും താണ്ടി രാജകുമാരിയെ രക്ഷിച്ച രാജകുമാരന്റെ കഥ. ആ രാജകുമാരനെ ഓര്‍ത്ത് ചെറുനാണപ്പുഞ്ചിരി ചുണ്ടിലൊളിപ്പിച്ച് ഉറക്കത്തിലേക്ക്....
ഉറക്കത്തിലെപ്പോഴോ തന്നെ പൊതിയുന്ന കുടമുല്ലപ്പൂമണം അതായിരുന്നു ആരംഭം.
ആ രാത്രി അമ്മുമ്മയോടൊപ്പമുള്ള അവസാനരാവായിരുന്നുവെന്ന് അന്ന് അറിഞ്ഞിരുന്നില്ല. ഡിഗ്രി ഒന്നാംവര്‍ഷ പരീക്ഷയുടെ പഠനാവധിക്കാലത്ത് പെട്ടെന്ന് ഒരു ഫോണ്‍കോള്‍. ചുണ്ടൊന്നു വിതുമ്പാതെ, മിഴിയൊന്ന് നിറയാതെ അമ്മ. മൂന്ന് പേര്‍ ആ കാറിന്റെ മൂന്ന് വശങ്ങളിലിരുന്ന് നാട്ടിലേക്ക്.
''ഉറക്കമാണെന്നേ പറയൂ. എന്തൊരു തേജസാണാ മുഖത്ത്''! തൂവെള്ള തുണി പുതച്ച് നെറ്റിയില്‍ നീണ്ട ഭസ്മക്കുറിയിട്ട് അമ്മമ്മ ഉറങ്ങുന്നു. ഉറങ്ങട്ടെ ശല്യം ചെയ്യണ്ട എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കുളക്കരിയിലേക്ക്. വെയിലേറ്റ് തിളങ്ങുന്ന ഓളപ്പരപ്പിനു കീഴില്‍ നീന്തി മറയുന്ന കുഞ്ഞാമകള്‍. തിരക്കിട്ട് നീന്തുന്ന പരല്‍മീനുകള്‍...
തെക്കേപ്പറമ്പില്‍ അമ്മമ്മയെ അഗ്‌നിക്ക് സമര്‍പ്പിച്ച് എല്ലാവരും മടങ്ങി.
മെല്ലെവന്ന് അമ്മമയുടെ മുറി തുറന്ന് മേക്കട്ടിക്കട്ടിലില്‍ കയറി കിടന്നു. പെട്ടെന്ന് മൊബൈല്‍ ശബ്ദിച്ചു. രാഹുലാണ്. ''ഡാ.. സങ്കടപ്പെടാതെ. അധികദിവസം അവിടെ നില്‍ക്കണ്ട. വേഗം വരണം. പെട്ടെന്ന് കരച്ചില്‍ വന്നു. മറുഭാഗത്ത് ആശ്വാസവാക്കുകള്‍. പതിയെ ഉറക്കിത്തിലേക്ക്. പതിയെ അമ്മമ്മയുടെ രൂപം തെളിഞ്ഞുവന്നു. മുടിയിഴകള്‍ കാറ്റില്‍ പറക്കുന്നു. എന്തൊരു ഭംഗി അമ്മമ്മയ്ക്ക് എന്നോര്‍ക്കുമ്പോള്‍ തൊട്ടടുത്ത് അവ്യക്തമായി മറ്റൊരു രൂപം! ആ രൂപത്തിന്റെ കണ്ണുകള്‍ മാത്രം ഞാന്‍ വ്യക്തമായി കണ്ടു. അസഹ്യമായ തലവേദനയോടെ ഉണര്‍ന്നെണീക്കുമ്പോള്‍ മുറിയില്‍ നേര്‍ത്ത മുല്ലപ്പൂഗന്ധം. അതായിരുന്നു ആരംഭം.

എം.ബി.എ.യുടെ പരീക്ഷകഴിഞ്ഞ് ജോലിക്ക് പ്രവേശിക്കുന്നതിന്റെ ഇടവേളയിലൊരു ദിനം. രാഹുലിന്റെ വീട്ടില്‍ അവന്റ കൈക്കുള്ളില്‍ കിടക്കുമ്പോള്‍ പിന്‍കഴുത്തിലുമ്മ വച്ച് പതിയെ ചെവിയില്‍ ചുണ്ടുചേര്‍ത്തവന്‍ മന്ത്രിച്ചു. ''ആദ്യരാത്രിക്ക് പകരം നമുക്ക് പകലാണല്ലോ അമ്മൂ.. ഇനി കാത്തിരിക്കാന്‍ വയ്യ. എത്രയും വേഗം ആ മഞ്ഞള്‍താലി നിന്റെയീ കഴുത്തില്‍ ചാര്‍ത്തണം'' നാണത്തോടെ പതിയെ തിരിഞ്ഞ് കിടന്ന് അവന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തുമ്പോള്‍ ആരോ ശക്തമായി മുടിയില്‍ പിടിച്ച് വലിച്ചപോലെ തലവേദന തുടങ്ങി. ഒപ്പം ചുറ്റിലും നിറയുന്ന മുല്ലപ്പൂ ഗന്ധം.
രാഹുലുമായുള്ള ബന്ധമല്ല മറിച്ച് വിവാഹമെന്ന ഉടമ്പടിയാണ് അവളെ പ്രകോപിപ്പിക്കുന്നതെന്ന് വഴിയെ മനസ്സിലായി.
രാഹുലിനോട് പലവട്ടം ഇക്കാര്യം പറയാന്‍ തുനിഞ്ഞതാണ്. പക്ഷേ സാധിച്ചില്ല. അതും അവള്‍ക്കിഷ്ടമല്ലായിരുന്നു. പിന്നീട് ജീവിതം അവള്‍ നിയന്ത്രിച്ചു തുടങ്ങി. അവള്‍ക്കിഷ്ടമല്ലാത്ത ഏന്നും അവള്‍ കടന്നുവരും.
അന്ന് രാമേശ്വരത്ത് വച്ച് അത് ഞാന്‍ സമ്മതിക്കുന്നത് എന്തേ അവള്‍ തടഞ്ഞില്ല? കാത്തുകാത്തിരുന്ന് എന്റെ സമ്മതം കിട്ടിയത് രാഹുല്‍ ഉടനെ തന്നെ വീട്ടുകാരെ അറിയിച്ചു. അങ്ങയൊണ് തീരുമാനമായത്. ഒരു നിബന്ധനമാത്രം മുന്നോട്ടുവച്ചു. വിവാഹം തറവാട്ടില്‍ വച്ച് തന്നെവേണം. ഒരു രാത്രി അവിടെ തങ്ങി പിറ്റേന്ന് മടക്കം... വിവാഹദിവസം പകല്‍ അവള്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചില്ല. ഒരു ചെറുകാറ്റുപോലും വീശിയിരുന്നില്ല. രാഹുല്‍ എന്റെ കഴുത്തില്‍ താലിചാര്‍ത്തി. പൊന്തിവന്ന അസ്വസ്ഥത അവഗണിച്ചു. അവള്‍ ഇടപെട്ടില്ല ഇതുവരെ. പക്ഷേ, രാത്രി വിവാഹരാത്രിയുടെ ആവേശ തളര്‍ച്ചകള്‍ക്കൊടുവില്‍ ആരാണ് അതിരാവിലെ കുളപ്പടവിലേക്ക് വരണം എന്ന് പറഞ്ഞത്? എന്തിനാണൊരു ഓട്ടുകിണ്ണവുമെടുത്ത് ഞാനീ കുളപ്പടവിലേക്ക് വന്നത്?

പടിയിറങ്ങിവന്നത് തെക്കേപ്പറമ്പില്‍ അഗ്‌നിക്ക് സമര്‍പ്പിച്ച അമ്മമ്മയല്ലേ? ങ്‌ഹേ.....! അമ്മമ്മ താഴെ കുളത്തില്‍ മലര്‍ന്ന് കിടന്ന് നീന്തുന്നു. പോണം. ഭയമാകുന്നു. എനിക്ക് പോണം. പക്ഷേ ഈ പടി കെട്ടുകള്‍ എന്താണിങ്ങനെ ഉയര്‍ന്നു പൊങ്ങുന്നത്? ഞാനീ പടികളെങ്ങനെയാണു കയറുക. താഴെ അഗാധതയിലാണ് കുളമിപ്പോള്‍. ചെറുമീന്‍പോലെ അതില്‍ നീന്തിത്തുടിക്കുന്ന അമ്മമ്മ.
അതാ.. അതവളല്ലേ? ആ പടിക്കെട്ട് ഇറങ്ങിവരുന്നത് ? എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്?! പെട്ടെന്ന് ഈറനുടുത്തു കൊണ്ട് അമ്മമ്മ കയറിവരുന്നു. ഇപ്പോള്‍ അവളില്ല. അമ്മമ മാത്രം... "രാഹുല്‍ ... രാഹുല്‍... വേഗം വരൂ എനിക്ക് ശ്വാസം കിട്ടുന്നില്ല.." 
ഇപ്പോള്‍ ആദ്യമായൊരു പരിഭവം മാറുന്നു. അമ്മമ്മ എന്റെ ഒരു കൈ മുറുകെപിടിച്ചിട്ടുണ്ട്. ഞങ്ങള്‍ കുളത്തിന്റെ അടിത്തട്ട് തൊടുകയാണ്. മത്സ്യങ്ങളെപ്പോലെ. ദാ ഇപ്പോള്‍ ധ്യാനത്തിലിരുന്ന പരല്‍ മീനുകള്‍ എന്റ തുറന്ന കണ്ണുകള്‍ക്ക് മേല്‍ നൃത്തം ചെയ്യുന്നു.

16-Jan-2017

കഥകൾ മുന്‍ലക്കങ്ങളില്‍

More