ഗൃഹസന്ദര്‍ശനങ്ങളും ജനാഭിപ്രായവും

തിരുവനന്തപുരത്തെ ഒരു അഗ്രഹാര തെരുവിലെത്തിയപ്പോള്‍ പലവിധ പരാതികള്‍ കേട്ടു. അതിലൊന്ന് തങ്ങളെ 'സവര്‍ണഹിന്ദു'ക്കളെന്ന് വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. സവര്‍ണ ഹിന്ദു മേധാവിത്വ തത്ത്വശാസ്ത്രമാണ് ആര്‍ എസ് എസിന്റേതെന്ന് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടാറുണ്ട്. അത് ദാരിദ്ര്യാവസ്ഥയില്‍ ഇന്നു കഴിയുന്ന, ജന്മംകൊണ്ട് സവര്‍ണസമുദായത്തില്‍ പിറന്നവരെ അധിക്ഷേപിക്കാനല്ലെന്ന് ഞാന്‍ ഓര്‍മപ്പെടുത്തി. പഴയകാലത്ത് അധികാരവും ധനവും നിയമവുമെല്ലാം അന്ന് പ്രതാപത്തില്‍ കഴിഞ്ഞിരുന്ന ഹിന്ദുവിഭാഗത്തിലെ സവര്‍ണര്‍ക്കായിരുന്നു. അവര്‍ണര്‍ക്കാകട്ടെ അയിത്തവും അവഗണനയും. ആ വ്യവസ്ഥ പൊളിച്ചെഴുതാനാണ് ഇ എം എസ് ഉള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചത്. എന്നാല്‍, സാമൂഹ്യ അസമത്വത്തിന്റെ വ്യവസ്ഥ നിലനിര്‍ത്താനാണ് ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ യത്‌നിച്ചത്. ഈ വിഷയത്തില്‍ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പോരാട്ടം തുടരും. അതിനൊപ്പം ഇന്നത്തെ സാമൂഹ്യ യാഥാര്‍ഥ്യം മനസ്സിലാക്കി നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്. ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണ്. അതുകൊണ്ടാണ് പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിര്‍ദേശം സിപിഐ എം ദേശീയമായിത്തന്നെ വളരെമുമ്പേ ആവശ്യപ്പെട്ടത്.

പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ ഡി എഫിന് കനത്ത തോല്‍വിയുണ്ടായതിന്റെ കാരണങ്ങള്‍ ജനങ്ങളോട് ചോദിച്ചറിയുന്നതിനുവേണ്ടി സിപിഐ എം പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദറ്#ശിച്ചുവരികയാണ്. സംസ്ഥാനത്തെ എഴുപത് ലക്ഷത്തിലധികം വീടുകളില്‍ ജൂലൈ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശിക്കാനാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചത്. മുപ്പത്തയ്യായിരത്തിലധികം പാര്‍ടി ബ്രാഞ്ചുകളും 5.15 ലക്ഷം പാര്‍ടി മെമ്പര്‍മാരുമാണ് ഉള്ളത്. ഏതെങ്കിലും പ്രദേശത്ത് എല്ലായിടത്തും ഈ ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അത് വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കണം. സംസ്ഥാന നേതാക്കള്‍ മുതല്‍ ബ്രാഞ്ചംഗങ്ങള്‍വരെ ഈ പരിപാടിയില്‍ വ്യാപൃതരാകണം.

തിരുവനന്തപുരത്ത് ഭവനസന്ദര്‍ശനം നടത്തിയപ്പോള്‍ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ തുറന്ന് അഭിപ്രായങ്ങള്‍ പറയുകയും അതെല്ലാം ഞാനടക്കമുള്ള സഖാക്കള്‍ കേള്‍ക്കുകയുംചെയ്തു. വിരോധംകൊണ്ടല്ലെങ്കിലും എല്‍ ഡി എഫിന് വോട്ട് ചെയ്യാതിരുന്നത് മനഃപൂര്‍വമാണെന്ന് പറഞ്ഞവരുണ്ട്. ഇങ്ങനെയൊരു തോല്‍വിയുണ്ടാകുമെന്ന് കരുതിയില്ലെന്ന് മനസിടറി പ്രതികരിച്ചവരുമുണ്ട്. ഇതുവരെ എല്‍ ഡി എഫിനല്ലാതെ മറ്റാര്‍ക്കും വോട്ട് ചെയ്യാതിരുന്ന വോട്ടര്‍മാരില്‍ ചിലര്‍ ഇക്കുറി മാറി ചിന്തിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കേരളത്തിന് അത് ഗുണകരമാകുമെന്നും കരുതി യു ഡി എഫിന് വോട്ടുകുത്തിയെന്ന് പറഞ്ഞവരുമുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്രവിഷയങ്ങളും ഭരണപരമായ കാര്യങ്ങളും വികസന സംബന്ധമായതും ജാതിമതവിശ്വാസപരമായുള്ളതുമായ വിഷയങ്ങളൊക്കെ ജനങ്ങള്‍ ഉന്നയിച്ച അഭിപ്രായങ്ങളില്‍ തെളിഞ്ഞുവന്നു. ഇതിലൊന്നിനോടും അസഹിഷ്ണുതയും അതൃപ്തിയും നിറഞ്ഞ സമീപനം പാര്‍ടിക്കില്ല. പരിഹരിക്കേണ്ടവ പരിഹരിക്കും. തിരുത്തേണ്ടവ തിരുത്തും. കാരണം പാര്‍ടിയും ഭരണവും ജനങ്ങള്‍ക്ക് മുകളിലല്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സര്‍ക്കാരും എല്‍ ഡി എഫും സിപിഐ എമ്മും മുന്നോട്ടുപോകും.

തിരുവനന്തപുരത്തെ ഒരു അഗ്രഹാര തെരുവിലെത്തിയപ്പോള്‍ പലവിധ പരാതികള്‍ കേട്ടു. അതിലൊന്ന് തങ്ങളെ 'സവര്‍ണഹിന്ദു'ക്കളെന്ന് വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. സവര്‍ണ ഹിന്ദു മേധാവിത്വ തത്ത്വശാസ്ത്രമാണ് ആര്‍ എസ് എസിന്റേതെന്ന് കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടാറുണ്ട്. അത് ദാരിദ്ര്യാവസ്ഥയില്‍ ഇന്നു കഴിയുന്ന, ജന്മംകൊണ്ട് സവര്‍ണസമുദായത്തില്‍ പിറന്നവരെ അധിക്ഷേപിക്കാനല്ലെന്ന് ഞാന്‍ ഓര്‍മപ്പെടുത്തി. പഴയകാലത്ത് അധികാരവും ധനവും നിയമവുമെല്ലാം അന്ന് പ്രതാപത്തില്‍ കഴിഞ്ഞിരുന്ന ഹിന്ദുവിഭാഗത്തിലെ സവര്‍ണര്‍ക്കായിരുന്നു. അവര്‍ണര്‍ക്കാകട്ടെ അയിത്തവും അവഗണനയും. ആ വ്യവസ്ഥ പൊളിച്ചെഴുതാനാണ് ഇ എം എസ് ഉള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചത്. എന്നാല്‍, സാമൂഹ്യ അസമത്വത്തിന്റെ വ്യവസ്ഥ നിലനിര്‍ത്താനാണ് ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ യത്‌നിച്ചത്. ഈ വിഷയത്തില്‍ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പോരാട്ടം തുടരും. അതിനൊപ്പം ഇന്നത്തെ സാമൂഹ്യ യാഥാര്‍ഥ്യം മനസ്സിലാക്കി നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്. ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണ്. അതുകൊണ്ടാണ് പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിര്‍ദേശം സിപിഐ എം ദേശീയമായിത്തന്നെ വളരെമുമ്പേ ആവശ്യപ്പെട്ടത്.

അഗ്രഹാര തെരുവിലെ ഒരു കാരണവര്‍ പറഞ്ഞു: ''ഈ അഗ്രഹാരത്തില്‍ത്തന്നെ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം. അവര്‍ക്ക് രക്ഷ നല്‍കാന്‍ നിങ്ങളെല്ലാം എന്തെങ്കിലും ചെയ്യണം.'' ഈ ആവശ്യം വളരെ ന്യായമാണ്. ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും തുടര്‍നടപടിയെടുപ്പിക്കാമെന്നും ഉറപ്പുനല്‍കി. എല്‍ ഐ സി, ബാങ്ക്, ബി എസ് എന്‍ എല്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍മാത്രം ജോലിക്ക് പോകുന്നവരാണ് ഇവിടത്തെ ബിരുദധാരികളായ സ്ത്രീകള്‍. പക്ഷേ, ആ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാനുള്ള സാധ്യത ഇപ്പോള്‍ വിരളമായി. പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് തിരിച്ചടിയായത്.

വിവിധ മതവിഭാഗങ്ങളിലെ സന്യാസിവര്യരെയും ഞങ്ങള്‍ കണ്ടു. അതില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മേജര്‍ ആര്‍ച്ച് ബിഷപ് സൂസപാക്യം, സിഎസ്‌ഐ ബിഷപ് ധര്‍മരാജ് റസാലം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സഭയും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞതിനെപ്പറ്റി സന്തോഷപൂര്‍വം അവര്‍ പ്രതികരിച്ചു. ഇടതുപക്ഷം കേരളത്തില്‍ ശക്തമായതുകൊണ്ടാണ് വടക്കേ ഇന്ത്യയില്‍ ഉണ്ടായതുപോലുള്ള വര്‍ഗീയ കുഴപ്പങ്ങള്‍ ഇവിടെയുണ്ടാകാത്തതെന്നും അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാന്‍ സഭാനേതൃത്വം ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തില്ലെന്നും അവര്‍ പറഞ്ഞു. ഓഖി, പ്രളയം തുടങ്ങിയവ വലിയ നഷ്ടമാണ് തീരദേശത്തുണ്ടാക്കിയത്. ഇതിനെപ്പറ്റി ശ്രദ്ധയോടെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറായെന്ന് സൂസപാക്യം പറഞ്ഞു. സര്‍ക്കാര്‍തലത്തില്‍ ഭരണനടപടികള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ ഇനി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ അടിസ്ഥാനവര്‍ഗമാണെന്നും അവരെ അടിസ്ഥാന തൊഴിലാളികളായിക്കണ്ട് കമ്യൂണിസ്റ്റുകാര്‍ സംരക്ഷിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികളെയും കുടുംബാംഗങ്ങളെയും കൂടുതല്‍ വിദ്യാസമ്പന്നരാക്കാനും അവരെ വ്യത്യസ്ത തൊഴില്‍മേഖലകളിലെത്തിക്കാനുമുള്ള പരിപാടികള്‍ സര്‍ക്കാരുമായി സഹകരിച്ച് നടപ്പാക്കാനും സഭകള്‍ മുന്‍കൈയെടുക്കണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അതിനോട് സൂസപാക്യം യോജിച്ചു.

സാമൂഹ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്കുപുറമെ വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങളുടെ ആവശ്യകത ക്ലീമിസ് തിരുമേനി വിവരിച്ചു. വിദ്യാര്‍ഥികളുടെ കുറവ് കാരണം സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ നല്ലൊരു പങ്ക് പൂട്ടപ്പെടുകയോ, തകര്‍ച്ചയിലോ ആണ്. അതിനാല്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നിലവാരമുയര്‍ത്താന്‍ പ്രത്യേകം ശ്രദ്ധവേണം. നിലവിലെ എന്‍ജിനിയറിങ് കോളേജുകളിലെ നല്ല നിലവാരമുള്ളവയെ സ്വയംഭരണ സ്ഥാപനങ്ങളാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ക്ലീമിസ് ബാവ നിര്‍ദേശിച്ചു. സഭയും കമ്യൂണിസ്റ്റുകാരും രണ്ട് ധ്രുവത്തില്‍ നില്‍ക്കേണ്ടവരാണെന്ന പഴയ ചിന്താഗതി ഇന്ന് പൊളിഞ്ഞുവീണിട്ടുണ്ടെന്നും പഴയ അകല്‍ച്ച മാറിയെങ്കിലും താഴേതട്ടില്‍ എല്ലായിടത്തും പൊളിച്ചെഴുത്ത് ഉണ്ടായിട്ടില്ലെന്നും ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. സിഎസ്‌ഐ സഭാംഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബിഷപ് റസാലവും വിശദീകരിച്ചു.

എല്‍ ഡി എഫിന് വോട്ടുചോര്‍ച്ചയുണ്ടായതില്‍ 'ശബരിമല' ഒരു ഘടകമാണെന്ന് ചിലര്‍ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാര്‍ തുറന്നുപറഞ്ഞു. ശക്തമായ അതൃപ്തിയുണ്ടെങ്കിലും വോട്ട് എല്‍ ഡി എഫിനുതന്നെ ചെയ്‌തെന്ന് പറഞ്ഞവരുമുണ്ട്. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി എല്‍ ഡി എഫ് സര്‍ക്കാരിന്റെ സൃഷ്ടിയല്ല. വിധി വന്നപ്പോള്‍ ബി ജെ പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചു. പിന്നീട് അവര്‍ നിലപാടില്‍ മാറ്റംവരുത്തിയപ്പോള്‍ ഒരു രാഷ്ട്രീയസമരമായി മാറുന്നുവെന്ന് കണക്കിലെടുത്ത് ഇടപെടാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ലെന്ന് ചിലര്‍ കുറ്റപ്പെടുത്തി. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകള്‍, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികള്‍ കരുതുന്ന സ്ത്രീകള്‍, ക്ഷേത്രത്തില്‍ കയറിയത് സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങളുണ്ടായി.

സ്ത്രീപുരുഷസമത്വമെന്ന ഭരണഘടനയുടെ മൗലികാവകാശം ഉള്‍ക്കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് ശബരിമല വിഷയത്തില്‍ വിധി പ്രഖ്യാപിച്ചത്. അത് അസാധുവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന എല്‍ ഡി എഫ് വാദം ഇന്ന് ബോധ്യമാകുന്നതായി ചില വീട്ടമ്മമാര്‍തന്നെ വ്യക്തമാക്കി. കോടതിവിധി മറികടക്കാന്‍ നിയമനിര്‍മാണത്തിന് ശശി തരൂര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടപ്പോള്‍ ഭരണഘടനാബെഞ്ചിന്റെ വിധി മറികടന്ന് നിയമനിര്‍മാണം സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി. എന്നിട്ടാണ് അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്ത് നിയമസഭയില്‍ നിയമനിര്‍മാണം നടത്തുമെന്ന യുഡിഎഫിന്റെ പ്രചാരണം. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശബരിമലനയം ജനങ്ങളെ കബളിപ്പിച്ച് വോട്ടുനേടാനുള്ള നുണുക്ക് വിദ്യയാണ്. അത് ജനങ്ങളില്‍ നല്ലൊരുവിഭാഗം തിരിച്ചറിഞ്ഞു തുടങ്ങുന്നു.

ജനങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിനോ വിശ്വാസം പുലര്‍ത്തുന്നതിനോ ആചാരാനുഷ്ഠാനത്തിനോ സിപിഐ എം എതിരല്ല. എന്നാല്‍, ശത്രുവര്‍ഗ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ചില ജാതിമതസമുദായ സംഘടനകളുടെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ഇടപെടല്‍വഴി വിശ്വാസസ്വാതന്ത്ര്യത്തിനും ഭക്തജനങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിനും എല്‍ഡിഎഫ് എതിരാണെന്ന തെറ്റിദ്ധാരണ വലിയ തോതില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളില്‍നിന്ന് ബോധ്യമായി.

പല കാരണങ്ങളാല്‍ എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തവര്‍തന്നെ പിണറായി വിജയന്‍ നയിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുവില്‍ വലിയ മതിപ്പാണ് പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങള്‍ ചിലപ്പോഴെല്ലാം ഉണ്ടാകുന്നതായും അത് തിരുത്തപ്പെടണമെന്നുമുള്ള നിര്‍ദേശങ്ങളുണ്ടായി. പൊലീസ് പ്രവര്‍ത്തനങ്ങളില്‍ നടത്തേണ്ട ജാഗ്രതകളെപ്പറ്റിയും അഭിപ്രായങ്ങളുയര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബ്രാഞ്ചുകള്‍ ഉപരികമ്മിറ്റികള്‍ മുഖാന്തരം സംസ്ഥാന കമ്മിറ്റിയില്‍ എത്തിക്കും. ആഗസ്തില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. ജനങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളില്‍ പാര്‍ടിയും മുന്നണിയും സര്‍ക്കാരും പരിശോധിക്കേണ്ട ചില വിമര്‍ശനങ്ങളും നിര്‍ദേശങ്ങളുമുണ്ട്. അവ പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

പ്രാദേശികമായും സംസ്ഥാനതലത്തിലും പരിഹരിക്കണ്ട വികസനപ്രശ്‌നങ്ങളെപ്പറ്റിയുള്ള പരാതികളും നിര്‍ദേശങ്ങളും വന്നിട്ടുണ്ട്. ആവശ്യമായവയില്‍ ഭരണ ഇടപെടലും തുടര്‍നടപടികളും ഉണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പരിശോധന അതത് സ്ഥലങ്ങളിലുണ്ടാകും. പാര്‍ടിയുടെയും മുന്നണിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാംവിധത്തില്‍ മികച്ചതാക്കണം, തിരുത്തപ്പെടേണ്ട തെറ്റുകള്‍ ഏതെല്ലാം ഇക്കാര്യങ്ങള്‍ പരിശോധിക്കും. ഒരാഴ്ചത്തെ ഗൃഹസന്ദര്‍ശനപരിപാടി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയൊരു അനുഭവം പ്രദാനംചെയ്തിരിക്കുകയാണ്. ജനമനസ്സ് അറിയാനുള്ള ദൗത്യമായിരുന്നു. ജനങ്ങളില്‍നിന്ന് പഠിക്കുക, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, പാര്‍ടി ഘടകങ്ങളുടെയും വര്‍ഗബഹുജന സംഘടനകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുക. ഇതിന് ഊര്‍ജം പകരുന്നതാണ് ഇപ്പോഴത്തെ ബഹുജനസമ്പര്‍ക്ക പരിപാടി.

26-Jul-2019

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More