ആത്മാവിനെ അന്വേഷിക്കുന്നവരുടെ നാടകവേദി

ജാതിയോ, മതമോ, കക്ഷിരാഷ്ട്രീയമോ, ലിംഗഭേദമോ കലയ്ക്ക് മുന്നിലില്ല. നമ്മളും നമ്മുടെ ശരീരവും മാത്രമേയുള്ളു. ശാന്തതയാണ് മനസ് ശരിയായി പ്രവര്‍ത്തിക്കുന്നതിനുള്ള അത്യാവശ്യഘടകം. അത് ധ്യാനത്തിലൂടെ കൊണ്ടുവരാന്‍ പറ്റും. ധ്യാനത്തിലൂടെ തുടങ്ങുക. അതാണ് മെഡിറ്റേറ്റീവ് തിയേറ്റര്‍ (ധ്യാനാത്മക നാടകവേദി) എന്ന വാക്കിലൂടെ പറയാനുദ്ദേശിക്കുന്നത്. ശാന്തതയില്‍ നിന്ന് അവനവനിലേക്കൊരു യാത്ര.

മെയ് 15, 16, 17തീയതികളില്‍ കോട്ടയത്ത് പിറവംറോഡ് റെയില്‍വേ സ്റ്റേഷനടുത്ത് മേവെള്ളൂരില്‍ വച്ച് നടക്കുന്ന ത്രിദിന അഭിനയക്കളരിയിലൂടെ തുടങ്ങി വക്കാന്‍ ആഗ്രഹിക്കുന്ന യാത്ര, ശാന്തതയില്‍ നിന്ന് അവനവനിലേക്കാണ്. ധ്യാനത്തില്‍ നിന്ന് തുടങ്ങി, വികാരങ്ങളുടെ ഭാവതീവ്രമായ തലങ്ങളുടെ അന്വേഷണങ്ങളിലൂടെ അവസാനിക്കുന്നത് അവനവനില്‍ തന്നെ. 

കലയും, ആത്മീയതയും തമ്മിലുള്ള ബന്ധമെന്താണ്? കലയും ആത്മീയതയും കൂടിച്ചേര്‍ന്നാല്‍ ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുന്ന രണ്ട് ധ്രുവങ്ങളാണോ? അതുമല്ലെങ്കില്‍ നാടകവും ആത്മാന്വേഷണവും തട്ടിപ്പാണോ? കലയിലൂടെ ശരിക്കും നടത്തേണ്ടതെന്താണ്, നടക്കുന്നതെന്താണ്? ഒരു ചെറിയ വാക്കില്‍ എല്ലാം ഒതുങ്ങും. ശരീരം. അതെ, ശരീരം. മനസ്സും ആത്മാവും വികാരങ്ങളും വ്യക്തിയും വ്യക്തിത്വവും സമൂഹവും ഉണ്ടായിരിക്കുന്നതും നിലനില്‍ക്കുന്നതും ഈ ബോധത്തില്‍ ആണ്.

ആത്മീയത ശരീരത്തിനതീതമായ ബോധാവസ്ഥയെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും, ശരീരമില്ലാതെ ശരീരാതീതം ഇല്ല. എല്ലാ ആത്മിയാചാര്യന്മാരും ശരീരത്തെക്കുറിച്ച് പറയുന്നുണ്ട്. ശരീരത്തെ, മനസ്സിനെ കൈപ്പിടിയിലൊതുക്കുന്നതിനുള്ള വിദ്യകള്‍ പകര്‍ന്നു തന്നിട്ടുണ്ട്. യോഗയും, മെഡിറ്റേഷനും എന്തിന് ആയുര്‍വേദവും, ആധുനിക ചികിത്സയും, നമ്മളുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാം നമ്മുടെ ശരീരവുമായും വികാരങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷേ മനുഷ്യന്റെ ശ്രദ്ധ പലപ്പോഴും പുറത്താണ്. ചില കാര്യങ്ങള്‍ കിട്ടിയാല്‍ മാത്രമേ സന്തോഷമാവുകയുള്ളു. ചിലത് ഇല്ലെങ്കില്‍ ദുഃഖം. പക്ഷേ, ഇതെല്ലാം വികാരങ്ങളുടെ കളികളാണ് എന്ന് മനസ്സിലാക്കുന്നിടത്ത് ശരീരബോധവും, വികാരങ്ങളെ പ്രകടമാക്കിക്കൊണ്ടും, നിയന്ത്രിച്ചുകൊണ്ടും കളിക്കുന്ന “തത്സമയകലകളും' ~ഒരു ഏകകത്തില്‍ അളക്കാന്‍ സാധിക്കും.

ശരീരമില്ലെങ്കില്‍ ജീവിതവുമില്ല, ശരീരം കൊണ്ടു ചെയ്യുന്ന കലയുമില്ല. ഭക്ഷണം കൊണ്ട് പ്രയോജനപ്പെടണമെങ്കില്‍ അതു കഴിക്കാന്‍ പറ്റുന്ന ശരീരം വേണം. ശരീരം എല്ലാമടങ്ങിയിരിക്കുന്ന ഒരു മനുഷ്യജന്മത്തിന്റെ വാഹനമാണ്. ശരീരത്തിന്റെ സാധ്യതകളെ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന കലകളിലൊന്നായ നാടകം മറ്റു കലകളില്‍ നിന്ന്, അതിന്റെ ചലനങ്ങളുടെയും, ഭാഷയുടെയും രംഗചിത്രങ്ങളുടെയും സ്വാതന്ത്ര്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

നാടകത്തില്‍ അസാധ്യമായി ഒന്നുമില്ല എന്ന് ഡ്രാമാസ്‌കൂളില്‍ പഠിക്കുമ്പോള്‍ കേട്ടിട്ടുണ്ട്. പല പരിശീലനങ്ങള്‍ക്കും യോഗയും മെഡിറ്റേഷനുമൊക്കെ ആവശ്യമായി വന്നിട്ടുമുണ്ട്. അതിനുമപ്പുറം, ശരീരാതീതമായി മനസ്സിനെ പഠിക്കുമ്പോള്‍ വികാരങ്ങള്‍ മനസ്സ് ഉണ്ടാക്കുകയും, ബുദ്ധി നിയന്ത്രിക്കുകയും, ശരീരത്തില്‍ പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നതെന്ന് മനസ്സിലായി. ഭഗവത്ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്; ശരീരം രഥമായി സങ്കല്‍പ്പിച്ചാല്‍ ആത്മാവ് അതിലിരുന്ന് കര്‍മ്മം ചെയ്യേണ്ട അര്‍ജ്ജുനനാണ്. ബുദ്ധിയാകട്ടെ തേരാളിയും, തേരാളി മനസ്സാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നു. കലയും ഒരു കര്‍മ്മമാണ്. നടന്‍ കഥാപാത്രമായി കര്‍മ്മം ചെയ്യേണ്ട വ്യക്തിയും, എങ്കില്‍ ഒരു കഥാപാത്രമായി അരങ്ങിലെത്തുമ്പോള്‍ ഒരു ബിന്ദുവില്‍ നിന്നും തുടങ്ങി, അല്ലെങ്കില്‍ ഒരു സമയ ബിന്ദുവില്‍ നിന്നും തുടങ്ങി നിശ്ചിത സമയത്തിനുള്ളില്‍ തന്റെ വികാരങ്ങളെ മനസ്സാകുന്ന കടിഞ്ഞാല്‍ കൊണ്ടു നിയന്ത്രിച്ച്, ബുദ്ധി പറയുന്ന വഴിയിലൂടെ കഥാപാത്രമായി മാറുന്ന കര്‍മ്മം ചെയ്യുകയാണ് ചെയ്യുന്നത്. ഇതും ഒരു ആത്മപ്രക്രിയ ആണ്.

അവനവനെ അറിഞ്ഞാല്‍ മാത്രമേ, മറ്റൊരു വ്യക്തയെ അറിയുമ്പോലെ കഥാപാത്രത്തേയും അതിന്റെ വികാരങ്ങളുടെ യാത്രയെക്കുറിച്ചും ശരിയായ രീതിയില്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു. ഇത്തരം ചിന്തകളുടെ അടിസ്ഥാനത്തിലാണ് ഭാരതീയചിന്തയുടെ പ്രയോഗവശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കലയുടെ ഭ്രമണപഥങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചത്. അവനവനെ തേടുക, അവനവനെ അറിയുക. എത്ര സുന്ദരമായ കാര്യമാണ്. മറ്റൊരാളില്‍ അല്ല നമ്മുടെ സന്തോഷം ഇരിക്കുന്നത്. മറിച്ച് സന്തുഷ്ടനായ വ്യക്തിയുടെ സന്തോഷം മറ്റൊരാളുമായി പങ്കുവെക്കപ്പെടുകയാണ് ചെയ്യുന്നത്. സന്തുഷ്ടനല്ലാത്ത വ്യക്തി അവനവനു പുറത്ത് അലഞ്ഞ്, വേറൊരാളായി സ്വന്തം ശരീരത്തെ അറിയാതെ, തന്നെ തന്നെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരിക്കും. വികാരങ്ങളുടെ കുത്തൊഴുക്കിന് കല സഹായകമാകുന്നതുപോലെ, കലാപരിശീലനം പല തരത്തില്‍ നമ്മളെ ശാന്തരാക്കും. അത്തരത്തിലുള്ള അന്വേഷണമാണ് കലയിലൂടെ പ്രത്യേകിച്ച് നാടകത്തിലൂടെ നമ്മിലേക്ക് എന്ന ആശയം രൂപപ്പെടുത്തിയത്.

ജാതിയോ, മതമോ, കക്ഷിരാഷ്ട്രീയമോ, ലിംഗഭേദമോ കലയ്ക്ക് മുന്നിലില്ല. നമ്മളും നമ്മുടെ ശരീരവും മാത്രമേയുള്ളു. ശാന്തതയാണ് മനസ് ശരിയായി പ്രവര്‍ത്തിക്കുന്നതിനുള്ള അത്യാവശ്യഘടകം. അത് ധ്യാനത്തിലൂടെ കൊണ്ടുവരാന്‍ പറ്റും. ധ്യാനത്തിലൂടെ തുടങ്ങുക. അതാണ് മെഡിറ്റേറ്റീവ് തിയേറ്റര്‍ (ധ്യാനാത്മക നാടകവേദി) എന്ന വാക്കിലൂടെ പറയാനുദ്ദേശിക്കുന്നത്. ശാന്തതയില്‍ നിന്ന് അവനവനിലേക്കൊരു യാത്ര.

മെയ് 15, 16, 17തീയതികളില്‍ കോട്ടയത്ത് പിറവംറോഡ് റെയില്‍വേ സ്റ്റേഷനടുത്ത് മേവെള്ളൂരില്‍ വച്ച് നടക്കുന്ന ത്രിദിന അഭിനയക്കളരിയിലൂടെ തുടങ്ങി വക്കാന്‍ ആഗ്രഹിക്കുന്ന യാത്ര, ശാന്തതയില്‍ നിന്ന് അവനവനിലേക്കാണ്. ധ്യാനത്തില്‍ നിന്ന് തുടങ്ങി, വികാരങ്ങളുടെ ഭാവതീവ്രമായ തലങ്ങളുടെ അന്വേഷണങ്ങളിലൂടെ അവസാനിക്കുന്നത് അവനവനില്‍ തന്നെ. അവനവനില്‍ നിന്ന് അവനവനില്‍ തന്നെ അവസാനിക്കുന്ന യാത്രയിലേക്കുള്ള കലയുടെ വാതില്‍ തുറക്കുന്നതിനുള്ള എളിയ ശ്രമം. അതാണ് തീയേറ്റര്‍ ഓഫ് സീക്കേഴ്‌സ് എന്ന നാടകവേദിയും പ്രണയകുലം എന്ന റിട്രീറ്റ്‌മെന്റ് സെന്ററും കൂടി സാക്ഷാത്കരിക്കുന്നത്. അവനവനിലേക്കുള്ള വാതില്‍ തുറക്കാന്‍ പ്രേരിപ്പിക്കുന്ന തിയറ്റര്‍ ഓഫ് സോള്‍ സീക്കേഴ്‌സ് എന്റെ എന്നിലേക്കുള്ള സ്വപ്നമായിരുന്നു. ആത്മാന്വേഷകരുടെ നാടകവേദിയിലെ ആദ്യ കര്‍ട്ടന്‍ നവരസ അഭിനയക്കളരിയിലൂടെ ഞങ്ങള്‍ പതിയെ ഉയര്‍ത്തുന്നു. സ്വാഗതം. 

14-May-2015

മനയോല മുന്‍ലക്കങ്ങളില്‍

More