ഇത് മഹാപ്രതിരോധ പര്വ്വം
ആനാവൂര് നാഗപ്പന്
കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ദൗര്ഭാഗ്യകരമായ സംഭവം ന്യായീകരണങ്ങളൊന്നുമില്ലാത്തതും തീര്ത്തും അപലപനീയവുമാണ്. ഈ വിഷയത്തില് ഖേദം പ്രകടിപ്പിച്ച് മാറി നില്ക്കുകയല്ല എസ് എഫ് ഐ ചെയ്തത്. കുറ്റക്കാരെന്ന് മനസിലാക്കിയ എസ് എഫ് ഐ പ്രവര്ത്തകരെ സംഘടനയില് നിന്ന് ഒഴിവാക്കാനും അവരെ കോളേജില് നിന്ന് പുറത്താക്കാനും അവര് തയ്യാറായി. ആക്രമണത്തിന് ഇരയായ എസ് എഫ് ഐ പ്രവര്ത്തകനെ യൂണിവേഴ്സിറ്റി കോളേജിലെ പുതിയ യൂണിറ്റില് ഉള്പ്പെടുത്തിക്കൊണ്ട് തങ്ങളുടെ പക്ഷം പ്രഖ്യാപിക്കാനും പുരോഗമന വിദ്യാര്ത്ഥി പ്രസ്ഥാനത്തിന് സാധിച്ചു. ക്യാമ്പസുകളെ ആക്രമണങ്ങള്ക്കുള്ള വേദിയാക്കുവാന് കൂട്ടുനില്ക്കില്ലെന്നും അക്രമവാസനയുള്ളവര്ക്കുള്ള താവളമല്ല എസ് എഫ് ഐ യെന്നും പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് പുരോഗമന വിദ്യാര്ത്ഥി പ്രസ്ഥാനം ശ്രമിച്ചത്. എന്നാല്, തെറ്റുതിരുത്താനും ശരിപാതയിലൂടെ നടക്കാനുമുള്ള എസ് എഫ് ഐയുടെ ശ്രമങ്ങളെ അംഗീകരിക്കാനും ആരോഗ്യപരമായി വിലയിരുത്താനും തയ്യാറാവാതെ, ആ വിദ്യാര്ത്ഥി സംഘടനയെ വളഞ്ഞുവെച്ച് ആക്രമിക്കുന്ന നിലപാടാണ് മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷം കൈക്കൊണ്ടത്. |
പുരോഗമന വിദ്യാര്ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയെ താറടിച്ചുകാണിച്ചുകൊണ്ട് കലാലയ രാഷ്ട്രീയത്തിന് തന്നെ ചരമഗീതം രചിക്കാന് സാധിക്കുമോ എന്ന അന്വേഷണത്തിലാണ് മാധ്യമങ്ങളും വലതുപക്ഷവുമുള്ളത്. ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങളുടെ ഹരിശ്രീകുറിക്കപ്പെടുന്ന വിദ്യാര്ത്ഥി രാഷ്ട്രീയകാലവും വിദ്യാലയങ്ങളിലെ തിളക്കമുള്ള ഏടുകളും ഏവര്ക്കും ഹൃദ്യമായ ഓര്മകളാണ്. അത് ചോരപുരണ്ടതും കണ്ണീരുപ്പുള്ളതുമല്ല. സര്ഗാത്മകമാണ്. അത്തരം ക്യാമ്പസുകളില് നിന്ന് ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയ നേതൃത്വം ഒരു നാടിന്റെ പുരോഗമനപരമായ വളര്ച്ചയ്ക്കും നിലനില്പ്പിനും ബലമേകുന്നതായിരിക്കും. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയമാണ് ഇത്തരം കലാലയങ്ങളില് നിന്ന് സ്വാംശീകരിക്കാനാവുക. പുരോഗമന വിദ്യാര്ത്ഥി പ്രസ്ഥാനം മുന്നോട്ടുവെച്ച സര്ഗാത്മകമായ രാഷ്ട്രീയ മുന്നേറ്റത്തിലൂടെയാണ് തീര്ത്തും പ്രതിലോമകരമായിരുന്ന വലതുപക്ഷ വിദ്യാര്ത്ഥി രാഷ്ട്രീയത്തിന്റെ തേര്വാഴ്ചയെ ക്യാമ്പസുകളില് ദുര്ബലമാക്കിയത്. ക്യാമ്പസുകളെ വിദ്യാര്ത്ഥിപക്ഷത്ത് നിര്ത്തുന്നതിനും പഠിക്കുന്നതിനും പോരാടുന്നതിനുമുള്ള വേദിയാക്കി മാറ്റുന്നതിനും എസ് എഫ് ഐക്ക് സാധിച്ചു എന്നത് ആരും അംഗീകരിക്കുന്ന വസ്തുതയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ദൗര്ഭാഗ്യകരമായ സംഭവം ന്യായീകരണങ്ങളൊന്നുമില്ലാത്തതും തീര്ത്തും അപലപനീയവുമാണ്. ഈ വിഷയത്തില് ഖേദം പ്രകടിപ്പിച്ച് മാറി നില്ക്കുകയല്ല എസ് എഫ് ഐ ചെയ്തത്. കുറ്റക്കാരെന്ന് മനസിലാക്കിയ എസ് എഫ് ഐ പ്രവര്ത്തകരെ സംഘടനയില് നിന്ന് ഒഴിവാക്കാനും അവരെ കോളേജില് നിന്ന് പുറത്താക്കാനും അവര് തയ്യാറായി. ആക്രമണത്തിന് ഇരയായ എസ് എഫ് ഐ പ്രവര്ത്തകനെ യൂണിവേഴ്സിറ്റി കോളേജിലെ പുതിയ യൂണിറ്റില് ഉള്പ്പെടുത്തിക്കൊണ്ട് തങ്ങളുടെ പക്ഷം പ്രഖ്യാപിക്കാനും പുരോഗമന വിദ്യാര്ത്ഥി പ്രസ്ഥാനത്തിന് സാധിച്ചു. ക്യാമ്പസുകളെ ആക്രമണങ്ങള്ക്കുള്ള വേദിയാക്കുവാന് കൂട്ടുനില്ക്കില്ലെന്നും അക്രമവാസനയുള്ളവര്ക്കുള്ള താവളമല്ല എസ് എഫ് ഐ യെന്നും പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് പുരോഗമന വിദ്യാര്ത്ഥി പ്രസ്ഥാനം ശ്രമിച്ചത്. എന്നാല്, തെറ്റുതിരുത്താനും ശരിപാതയിലൂടെ നടക്കാനുമുള്ള എസ് എഫ് ഐയുടെ ശ്രമങ്ങളെ അംഗീകരിക്കാനും ആരോഗ്യപരമായി വിലയിരുത്താനും തയ്യാറാവാതെ, ആ വിദ്യാര്ത്ഥി സംഘടനയെ വളഞ്ഞുവെച്ച് ആക്രമിക്കുന്ന നിലപാടാണ് മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷം കൈക്കൊണ്ടത്.
കെ എസ് യു വും ഭൂരിപക്ഷ - ന്യൂനപക്ഷ വര്ഗീയ ശക്തികളുടെ വിദ്യാര്ത്ഥി സംഘടനകളും എസ് എഫ് ഐയെ ആക്രമിക്കുന്ന കാര്യത്തില് മത്സരിച്ചു. വാര്ത്താ ചാനലുകള് ദിവസങ്ങളോളം ചര്ച്ചകള് നടത്തി. പത്രമാധ്യമങ്ങള് പ്രത്യേകം പേജുകള് നീക്കിവെച്ച് അച്ചുകള് നിരത്തി. ഒറ്റപ്പെട്ടൊരു സംഭവത്തെ മുന്നിര്ത്തി ക്രിമിനല്വല്ക്കരിക്കപ്പെട്ട ഒരു വിദ്യാര്ത്ഥി സംഘടനയാണ് എസ് എഫ് ഐ എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു ഈ മഴവില്മഹാസഖ്യം. യൂണിവേഴ്സിറ്റി കോളേജിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കെ കരുണാകരന്റെ ഭരണകാലത്ത് തുടങ്ങിയ കോണ്ഗ്രസിന്റെയും യു ഡി എഫിന്റെയും ശ്രമങ്ങള് പല രീതികളില് അവര് തുടര്ന്നുപോരുന്നതിന് ശക്തിക്കൂട്ടാനും ഈ അവസരം വിനിയോഗിക്കപ്പെട്ടു. കെ എസ് യു എന്ന പേരില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരും മുതിര്ന്ന കോണ്ഗ്രസ് പ്രവര്ത്തകരും നീലക്കൊടികളുമായി തെരുവുകളെ കലാപഭൂമിയാക്കി മാറ്റി. പോലീസിനെ ആക്രമിച്ചു. മദ്യകുപ്പികളും കരിങ്കല്ച്ചീളുകളും ഉപയോഗിച്ച് വഴിയാത്രക്കാരെ എറിഞ്ഞുവീഴ്ത്താന് ശ്രമിച്ചു. ഇതിനൊക്കെ മാധ്യമങ്ങള് കൂട്ടുനിന്നു. അവര് എസ് എഫ് ഐ വിമര്ശനത്തിലൂടെ സിപിഐ എമ്മിനെയും സംസ്ഥാന സര്ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന് സാധിക്കുമോ എന്നുള്ള അന്വേഷണത്തിലായിരുന്നു.
യൂണിവേഴ്സിറ്റി കോളേജില് നടന്ന അക്രമ സംഭവത്തെ നിശിതമായി വിമര്ശിച്ചവര് വര്ക്കല കോളേജില് എസ് എഫ് ഐ നേതാവിനെ കുത്തിവീഴ്ത്തിയത് കണ്ടില്ലെന്ന് നടിച്ചവരാണ്. ശ്വാസകോശത്തിന് മാരകമായ പരിക്കേറ്റ് രണ്ട് മാസത്തോളമാണ് ആ വിദ്യാര്ത്ഥി മെഡിക്കല് കോളേജില് ചികിത്സയിലിരുന്നത്. ആ സംഭവം മാധ്യമങ്ങള് തമസ്കരിച്ചത് കുത്തിക്കൊല്ലാന് ശ്രമിച്ചത് കെ എസ് യു നേതാവായിരുന്നു എന്ന ഒറ്റകാരണത്താലാണ്. ആ കെ എസ് യു ക്രിമിനലിനെ ജില്ലാ സെക്രട്ടറിയാക്കിക്കൊണ്ട് തങ്ങള് ആക്രമ രാഷ്ട്രീയത്തിന്റെ പതാകവാഹകരാണെന്ന് കെ എസ് യു തെളിയിച്ചപ്പോള് ഇവിടുള്ള മാധ്യമങ്ങള് നിശബ്ദരായിരുന്നു.
ധനുവച്ചപുരം വി ടി എം എന് എസ് എസ് കോളേജില് നവാഗതരെ മധുരം നല്കി സ്വീകരിക്കുകയായിരുന്ന വിദ്യാര്ത്ഥിനിയെ ബിയര് ബോട്ടില് ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പ്പിച്ചത് എ ബി വി പി നേതാവാണ്. അയാള്ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന് എ ബി വി പി തയ്യാറായില്ല. ധനുവച്ചപുരം കോളേജില് കഴിഞ്ഞ ഒരു വര്ഷത്തിനിടെ ആര് എസ് എസ് - എ ബി വി പി ആക്രമണം ഭയന്ന് ഒമ്പത് കുട്ടികളാണ് ടി സി വാങ്ങി പോയത്. അവിടെ പതിനൊന്ന് വിദ്യാര്ത്ഥികള് ആക്രമണത്തിനിരയായി. എട്ട് വിദ്യാര്ത്ഥികളുടെ വീടുകള് ആക്രമിക്കപ്പെട്ടു. തിരുവനന്തപുരം എം ജി കോളേജില് നിരവധി വിദ്യാര്ത്ഥികള് ആര് എസ് എസ് എ ബി വി പി ക്രിമിനലുകളാല് ആക്രമിക്കപെട്ടു. അധ്യാപകര്ക്ക് നേരെ വരെ അവിടെ ആക്രമണം അരങ്ങേറുന്നു. മാധ്യമങ്ങള് എസ് എഫ് ഐയെ ക്രൂശിക്കാന് ന്യൂസ്നൈറ്റുകള് നടത്തുന്ന ദിവസമാണ് എം ഇ എസ് കോളേജില് ദേശീയ കായികതാരമായ വിദ്യാര്ത്ഥിയെ എം എസ് എഫുകാര് ക്രൂരമായ റാഗിംഗിന് വിധേയനാക്കിയത്. ആ വിദ്യാര്ത്ഥിയുടെ കര്ണ്ണപടം മുസ്ലീംലീഗിന്റെ വിദ്യാര്ത്ഥി സംഘടന അടിച്ച് തകര്ത്തു. പക്ഷെ, മാധ്യമങ്ങള്ക്ക് അത് വാര്ത്തപോലുമല്ലായിരുന്നു. തലശ്ശേരി ബ്രണ്ണന് കോളേജിലെ പ്രിന്സിപ്പല് ഇതെന്റെ മരണമൊഴിയാണെന്ന് പറഞ്ഞുകൊണ്ട് പോലീസിന് മൊഴി നല്കിയത് എ ബി വി പിയുടെ വധഭീഷണിയെ കുറിച്ചാണ്. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില് കെ എസ് യു നടത്തിയ നിരാഹാര സമരത്തില് ഒരു കൊടുംക്രമിനല് പങ്കെടുത്തിരുന്നു. കെ എസ് യു വിന്റെ സംസ്ഥാന ജനറല് സെക്രട്ടറി നബീല്. 2017 ഡിസംബറില് കോണ്ഗ്രസിന്റെ 'പടയൊരുക്കം' എന്ന പരിപാടിയുടെ സമാപന സമ്മേളനത്തില് പങ്കെടുത്ത് മടങ്ങുന്ന കെ എസ് യുക്കാര് ഗ്രൂപ്പ് തിരിഞ്ഞ് പരസ്പരം അടിപിടിയായി. അന്ന് കെ എസ് യു ജില്ലാ സെക്രട്ടറിയായിരുന്ന ആദേഷിനെ കുത്തിക്കൊല്ലാന് ശ്രമിച്ച കെ എസ് യു നേതാവാണ് നബീല്. ആ വധശ്രമത്തോടെയാണ് നബീലിനെ കെ എസ് യുവിന്റെ ജനറല്സെക്രട്ടറിയാക്കി ഉയര്ത്തിയത്. പക്ഷെ, അതൊന്നും മാധ്യമങ്ങള്ക്ക് വാര്ത്തയായിരുന്നില്ല. കെ എസ് യുവിന്റെയും എ ബി വി പിയുടെയും മറ്റ് വലതുപക്ഷ വര്ഗീയ വിദ്യാര്ത്ഥി സംഘടനകളുടെയും അക്രമ പേക്കൂത്തുകള്ക്ക് ഒശാനപാടുകയാണ് മാധ്യമങ്ങള്. എന്നാല്, അതേ മാധ്യമങ്ങള് എസ് എഫ് ഐയെ അകാരണമായി നിരന്തരം വേട്ടയാടുന്നു. വാര്ത്തകള് ഉണ്ടാക്കാനായി യൂണിവേഴ്സിറ്റി കോളേജിനകത്ത് മദ്യകുപ്പികളുമായി ചെല്ലുന്നു. പഴയ ഉത്തരപേപ്പറുകള് കോളേജിലെ ചില ജീവനരക്കാരെ സ്വാധീനിച്ച് സംഘടിപ്പിച്ച് യൂണിയന് മുറിയില് കൊണ്ടുപോയി വെച്ച് വാര്ത്തകള് ഉണ്ടാക്കുന്നു. വിവാദങ്ങള് കൊഴുപ്പിക്കുന്നു. ഇതാണോ മാധ്യമ നൈതീകത?
യൂണിവേഴ്സിറ്റി കോളേജിനെ ഇല്ലാതാക്കുക എന്ന അജണ്ടയോടൊപ്പം മാധ്യമങ്ങള് മുന്നോട്ടുവെച്ച് മറ്റൊരു അജണ്ടയായിരുന്നു പി എസ് സിയുടെ വിശ്വാസ്യത തകര്ക്കുക എന്നത്. എസ് എഫ് ഐയില് നിന്നും പുറത്താക്കിയ വിദ്യാര്ത്ഥികള് പി എസ് സിയുടെ റാങ്ക്ലിസ്റ്റില് വന്നതിനെ ക്രമവിരുദ്ധമെന്ന് പറഞ്ഞ് തൊഴിലില്ലാത്ത യുവജനങ്ങളില് ആശങ്കയുണ്ടാക്കാനുള്ള ശ്രമം കള്ളവാര്ത്തകളുടെയും വ്യാഖ്യാനങ്ങളുടെയും പിന്ബലത്തില് മാത്രമായിരുന്നു. ഇതൊക്കെ പ്രതിപക്ഷത്തിനും ബി ജെ പിയടക്കമുള്ള രാഷ്ട്രീയ എതിരാളികള്ക്കും മുതലെടുപ്പ് നടത്താനുള്ള സാമൂഹ്യപരിസരം സൃഷ്ടിക്കാന് ഉതകുന്നതുമായിരുന്നു. മാധ്യമങ്ങള് നേതൃത്വം നല്കിയ പുരോഗമന പ്രസ്ഥാനങ്ങള്ക്കെതിരായ ഈ വേട്ടയാടല് ബി ജെ പിയുടെ മിഷന് കേരളയുടെ ഭാഗമാണെന്ന ആരോപണത്തിന് ഒരു മാധ്യമവും മറുപടി പറഞ്ഞിട്ടില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
യൂണിവേഴ്സിറ്റി കോളേജ് എന്നും പ്രതിരോധത്തിന്റെ കേന്ദ്രമായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് എതിരായി കേരളത്തില് ആദ്യത്തെ പ്രകടനം നടന്നത് യൂണിവേഴ്സിറ്റി കോളേജില് നിന്നാണ്. വിദ്യാഭ്യാസ കച്ചവടത്തിന് യു ഡി എഫ് സര്ക്കാരുകള് നടത്തിയ നീക്കങ്ങള്ക്ക് എതിരായി അതിശക്തമായ പ്രതിഷേധം ഉയര്ത്തിയ സമരകേന്ദ്രം കൂടിയായിരുന്നു യൂണിവേഴ്സിറ്റി കോളേജ്. സ്ഥാപിത പിന്തിരിപ്പന് ശക്തികള്ക്ക് എതിരായ നിരവധി പോരാട്ടങ്ങളുടെ വേദിയായി ഈ കോളേജ് എന്നും തലയെടുപ്പോടെ നിന്നിട്ടുണ്ട്. അതിനാലാണ് ഈ കോളേജ് മാറ്റാനായി കെ കരുണാകരന് അടക്കമുള്ളവര് ശ്രമിച്ചത്. ബി ജെ പിയുടെ കൂടെക്കൂടിയാണ് യുണിവേഴ്സിറ്റി കോളേജിനെതിരായ നീക്കങ്ങള്ക്ക് കോണ്ഗ്രസും യു ഡി എഫും ചുക്കാന് പിടിക്കുന്നത്. ഇതൊരു വെല്ലുവിളിയാണ്.
എസ് എഫ് ഐയേയും, യൂണിവേഴ്സിറ്റി കോളേജിനേയും തകര്ക്കാന് ഈ നാട് ഒരിക്കലും അനുവദിക്കില്ല. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വിളനിലങ്ങളായ കലാലയങ്ങളെ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില് ഇല്ലാതാക്കാന് സാധിച്ചാല് വിജയിക്കുന്നത് പ്രതിലോമ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. അത് പ്രബുദ്ധകേരളം അനുവദിച്ചുകൊടുക്കില്ല. ജൂലൈ 25ന് യൂണിവേഴ്സിറ്റി കോളേജിന് മുന്നില് തീര്ത്ത മഹാപ്രതിരോധം സര്ഗാത്മക രാഷ്ട്രീയത്തിന്റെ പച്ചപ്പിനായി യത്നിക്കുന്നവരുടെ കൂട്ടായ്മയായിരുന്നു. പുരോഗമന മൂല്യങ്ങളോടെ ഈ നാടിനെ നിലനിര്ത്തണമെന്നാഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്ത്ഥികളും, പൂര്വ്വ വിദ്യാര്ത്ഥികളും മഹാപ്രതിരോധത്തില് അണിനിരന്നു. തെറ്റിനേക്കാള് വലിയ ശരിയാണ് ഞങ്ങളെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് എസ് എഫ് ഐ പ്രവര്ത്തകര് ഇരമ്പിയാര്ത്തപ്പോള് തിരുവനന്തപുരം ഒറ്റക്കെട്ടായി അവര്ക്കൊപ്പം തന്നെയായിരുന്നു.
26-Jul-2019
പ്രീജിത്ത് രാജ്
ആനാവൂര് നാഗപ്പന്
എം വി ഗോവിന്ദന്മാസ്റ്റര്
വിനീത മോഹൻ
ആർ.കെ. ബേബി