എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ 2016 സപ്തംബര്‍ 29ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭൂരഹിത-ഭവനരഹിത കണ്‍വെന്‍ഷന്‍ സംസ്ഥാനത്തെ നിസ്വവര്‍ഗത്തിന്റെ കൂടിച്ചേരലായിരുന്നു. ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വാഗ്ദാനം പാലിക്കാനായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഭൂരഹിതരുടെയും ഭവന രഹിതരുടെയും യഥാര്‍ത്ഥ ലിസ്റ്റ്, ഒരു ചോര്‍ച്ചപോലുമില്ലാതെ തയ്യാറാക്കാനാണ് കര്‍ഷക തൊഴിലാളി യൂണിയന്‍ മുന്നോട്ടുവരുന്നത്. സംസ്ഥാന കണ്‍വെന്‍ഷനെ തുടര്‍ന്ന് ജില്ലാ കണ്‍വെന്‍ഷനുകളും തുടര്‍ന്ന് വില്ലേജ് തല കണ്‍വെന്‍ഷനുകളും വിളിച്ച് ചേര്‍ത്ത് ഭൂരഹിതരെയും ഭവനരഹിതരെയും കോളനി നിവാസികളെയും വീട് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരെയും അടയാളപ്പെടുത്തുന്നതിനുള്ള വിപുലമായ സര്‍വ്വെ, വാര്‍ഡ് തലത്തില്‍ യൂണിയന്‍ സംഘടിപ്പിക്കും. ഈ ജനകീയ സര്‍വ്വെയില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ദുര്‍ബല ജനവിഭാഗങ്ങളും സഹകരിക്കും. നവകേരളത്തിന്റെ അടിത്തറപാകാനുള്ള ചരിത്രപരമായ ഇടപെടലിനാണ് ഈ സര്‍വ്വെയിലൂടെ കേരളം സാക്ഷിയാവുക. ഈ മുന്നേറ്റത്തില്‍ അണിചേരാന്‍ കേരളത്തിന്റെ സമഗ്രവികസനത്തിനായി ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.

എല്ലാവര്‍ക്കും ഭൂമിയും വീടും. എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള ആര്‍ജ്ജവം ഇപ്പോള്‍ കേരളത്തിനുണ്ട്. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ തീര്‍ച്ചയായും ജനതയ്ക്ക് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താം. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് യാഥാര്‍ത്ഥ്യമാക്കുമെന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതീക്ഷ തീര്‍ച്ചയായും സാര്‍ത്ഥകമാവും. എല്‍ ഡി എഫ് പ്രകടന പത്രികയിലെ മുപ്പത്തിയഞ്ചിന പരിപാടികളില്‍ പാര്‍പ്പിടത്തെ പറ്റി പറയുന്നുണ്ട്: “ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കും. ഇ എം എസ് പാര്‍പ്പിട പദ്ധതി, എം എന്‍ ലക്ഷംവീട് പദ്ധതി എന്നിവ പുനരുജ്ജീവിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീടും കക്കൂസും ഉറപ്പുവരുത്തും. ഭൂപരിഷ്‌കരണ നിയമം സംരക്ഷിക്കും.” എല്‍ ഡി എഫ് കേരളത്തിന് കൊടുത്ത ആ ഉറപ്പാണ്, ഭൂരഹിതര്‍ക്കെല്ലാം ഭൂമിയും ഭവനരഹിതര്‍ക്ക് കിടപ്പാടവും വീടും യാഥാര്‍ത്ഥ്യമാക്കാനുള്ള പരിപാടികള്‍ നടപ്പിലാക്കുന്നതിലൂടെ പിണറായി സര്‍ക്കാര്‍ പാലിക്കുന്നത്.

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി നിരന്തരസമരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ്. യൂണിയന്റെ 2012 സപ്തംബറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ ഭൂരഹിത-ഭവനരഹിത വിഷയം പ്രക്ഷോഭമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 2012 ഒക്‌ടോബറില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ച പാലക്കാട് കണ്‍വെന്‍ഷനില്‍ കര്‍ഷക സംഘവും പട്ടികജാതി, ആദിവാസി ക്ഷേമസമിതികളും പങ്കാളികളായി. ഭൂസംരക്ഷണ സമിതി രൂപീകരിച്ചു. അവിടെവെച്ചാണ് ഭൂസമരത്തിന് നാന്ദി കുറിക്കുന്നത്. പതിനാല് ജില്ലകളിലും പതിനായിരങ്ങള്‍ ഭൂമിക്കായുള്ള സമരത്തില്‍ അണിചേര്‍ന്നു. സമരം കത്തിപ്പടര്‍ന്നപ്പോള്‍ 2013 ജനുവരി 16ന് യു ഡി എഫ് സര്‍ക്കാര്‍, ഭൂസംരക്ഷണസമിതിയുടെ ഭാരവാഹികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായി. അന്ന് ഞങ്ങളുടെ മുദ്രാവാക്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ആ വാക്ക് പാലിക്കാന്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ അനുഭാവപൂര്‍ണമായ ഉറപ്പുകള്‍ തരികയും പിന്നീട് അത് പാലിക്കാതിരിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു വലതുപക്ഷത്തിന്റേത്. തുടര്‍ന്നാണ് 2015 ഏപ്രില്‍ 28ന് ആലുവ ടൗണ്‍ഹാളില്‍ കെ എസ് കെ ടി യു ഭൂരഹിത-ഭവനരഹിത സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

ആലുവയില്‍ അവതരിപ്പിച്ച രേഖയില്‍, 1957 മുതല്‍ക്കിങ്ങോട്ട് കര്‍ഷക തൊഴിലാളികളടക്കമുള്ള നിസ്വവര്‍ഗത്തിന്റെ അടിസ്ഥാനാവശ്യങ്ങളെ മുതലാളിത്ത ശക്തികള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന വലതുപക്ഷത്തെയും വിശിഷ്യാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തുറന്നുകാട്ടിയിട്ടുണ്ട്. കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോയപ്പോഴൊക്കെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുമായി സന്ധി ചെയ്യാന്‍ വരികയും തുടര്‍ന്ന് വാക്ക് പാലിക്കാതെ ഭൂരഹിതരെയും ഭവനരഹിതരെയും തീര്‍ത്തും വഞ്ചിക്കുകയും ചെയ്ത യു ഡി എഫ് സര്‍ക്കാരിന്റെ പ്രഹസനങ്ങളില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സോണിയാഗാന്ധി വരെ നിറഞ്ഞാടി. സെക്രട്ടേറിയറ്റിന് സമീപം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ പരിപാടി ഉദ്ഘാടനം ചെയ്തത് എ ഐ സി സി അധ്യക്ഷയായിരുന്നു. പക്ഷെ, സോണിയ നല്‍കിയത് വ്യാജപട്ടയമായിരുന്നുവെന്നത് വൈകാതെ മാധ്യമങ്ങള്‍ തുറന്നുകാട്ടി. ഈ വഞ്ചനയ്‌ക്കെതിരായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതിയത്.

ഭൂപരിഷ്‌കരണവും മിച്ചഭൂമി വിതരണവും 57ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്തുമുതല്‍ അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇടതുപക്ഷം പരിശ്രമിക്കുന്നുണ്ട്. നായനാര്‍ സര്‍ക്കാര്‍ ഭവന രഹിതരായ ജനവിഭാഗങ്ങള്‍ക്ക് വീടുകള്‍ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. വി എസ് സര്‍ക്കാര്‍ ഇ എം എസ് ഭവന നിര്‍മാണ പദ്ധതി പോലുള്ള സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ദരിദ്രനാരായണന്‍മാര്‍ക്ക് വീടുകള്‍ വെച്ചുനല്‍കി. ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്ക് മണ്ണും വീടും ലഭ്യമാക്കാന്‍ യത്‌നിച്ചു. ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോഴെല്ലാം ഭൂരഹിതരുടെയും ഭവനരഹിതരുടെയും പ്രശ്‌നങ്ങളെ ആത്മാര്‍ത്ഥതയോടെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇടതുമുന്നണി അധികാരത്തിലെത്തുമ്പോഴൊക്കെ നടപ്പിലാക്കുന്ന ഇത്തരം ഇടപെടലുകള്‍ വലതുപക്ഷം അധികാരത്തിലെത്തുമ്പോള്‍ അട്ടിമറിക്കും. ഭൂപ്രമാണിമാരും കോര്‍പ്പറേറ്റുകളും റിയല്‍എസ്റ്റേറ്റ്-ഭൂമാഫിയകളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷവുമായി കൈകോര്‍ക്കും. പാവപ്പെട്ടവര്‍ വീണ്ടും വഴിയാധാരമാവും. അതാണ് തുടര്‍ന്നുവരുന്ന രീതി. അതിന് മാറ്റം വേണം.

കേരളത്തിലെ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കുവാന്‍ പരിശ്രമിച്ചവരായിരുന്നു ജന്‍മിത്വഭൂപ്രഭുത്വം. ഭൂപരിഷ്‌കരണത്തെ തുടര്‍ന്ന് ജന്‍മിത്വഭൂപ്രഭുത്വം ഇല്ലാതായി. ഇന്ന് മുതലാളിത്ത ഭൂപ്രഭുത്വമാണ് നവലിബറല്‍ നയങ്ങളുടെ ഒത്താശയോടെ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കുന്നത്. നവലിബറല്‍ നയങ്ങളെ പിന്‍പറ്റി ഭരണം നടത്തുന്ന ഭരണകൂടങ്ങള്‍ മുതലാളിത്ത ഭൂപ്രഭുത്വത്തിന്റെ കൂടെയാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ നേതൃത്വത്തിലുള്ള വലതുപക്ഷ മുന്നണിയും എല്ലാ കാലത്തും ലക്ഷക്കണക്കിന് ജനങ്ങളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമായി കേരളത്തില്‍ നടപ്പില്‍ വരുത്തപ്പെട്ട ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ്. അതുകൊണ്ടാണ് മിച്ചഭൂമി വിതരണം കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കാതെ പോയത്.

കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍, മുന്‍ യു പി എ സര്‍ക്കാരിനെ മാതൃകയാക്കി നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുകയാണ്. മുതലാളിത്ത ഭൂപ്രഭുത്വത്തിന്റെ ദല്ലാളന്‍മാരാണ് ഇക്കൂട്ടര്‍. ഭൂമാഫിയകള്‍ക്കും കോര്‍പ്പറേറ്റ് മുതലാളിത്തത്തിനും മുന്നില്‍ കേന്ദ്രഭരണകൂടം വണങ്ങിനില്‍ക്കുമ്പോള്‍ രാജ്യത്ത് ഭൂരഹിതരും ഭവനരഹിതരും പെരുകുന്നു. ജനസംഖ്യയുടെ നാല്‍പ്പത് ശതമാനത്തോളം പേര്‍ക്ക് സ്വന്തമായി ഭൂമിയോ, പാര്‍പ്പിടമോ ഇല്ലാത്ത അവസ്ഥയാണുള്ളത്. രാജ്യ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഒരുലക്ഷത്തിലേറെ കുടുംബങ്ങള്‍ വീടില്ലാത്തവരാണ്. കൊടിയ തണുപ്പിലും ചൂടിലും വെയിലിലും മഴയിലും കടത്തിണ്ണയിലും പുറമ്പോക്കിലും ജീവിക്കേണ്ടിവരുന്ന പട്ടിണിപ്പാവങ്ങളുടെ നാട് എന്ന വിശേഷണം ഇന്നും ഇന്ത്യയ്ക്കുമേലുണ്ട്. അത്തരമൊരു രാജ്യത്ത്, എല്ലാവര്‍ക്കും വീട് എന്നത് ഒരു സ്വപ്നം മാത്രമായേ കണക്കാക്കാനാവൂ. എന്നാല്‍, ആ സ്വപ്നം നിറവേറ്റാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അതിന് ശ്രമിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നോട്ടുപോകുന്നതും ആ സ്വപ്ന സാഫല്യത്തിനുവേണ്ടിയാണ്.

ആലുവ കണ്‍വെന്‍ഷനെ തുടര്‍ന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ ഭൂരഹിതരുടെയും ഭവനരഹിതരുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാന്‍ സംസ്ഥാനത്തെ 14 ജില്ലാ കലക്ടര്‍മാര്‍ക്കും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. ഒരു ജില്ലയിലും പെട്ടെന്ന് മറുപടി നല്‍കാന്‍ പാകത്തില്‍ ലിസ്റ്റുണ്ടായിരുന്നില്ല എന്നത് ഞങ്ങളെ ഞെട്ടിപ്പിച്ചു. കലക്ടര്‍മാര്‍ ഞങ്ങളുടെ അപേക്ഷ താലൂക്കുകളിലേക്കും തഹസീല്‍ദാര്‍മാര്‍ അവ വില്ലേജുകളിലേക്കും മറുപടി ലഭ്യമാക്കാനായി അയച്ചുകൊടുത്തു. ഞങ്ങള്‍ക്ക് ലഭിച്ച മറുപടി അപൂര്‍ണമായിരുന്നു. അന്ന് കേരളം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആലംബമില്ലാത്ത ജനവിഭാഗങ്ങളെ എങ്ങിനെയാണ് പരിഗണിച്ചിരുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ജില്ലാ ഭരണകൂടങ്ങളുടെയും അവര്‍ ചുമതലപ്പെടുത്തിയവരുടെയും മറുപടികള്‍. പലയിടങ്ങളില്‍ നിന്നും തീര്‍ത്തും ധിക്കാരപരമായ മറുപടികളാണ് ലഭിച്ചത്. വലതുപക്ഷനിയന്ത്രണത്തിലുള്ള ബ്യൂറോക്രസി എങ്ങിനെയാണ് ദരിദ്രനാരായണന്‍മാരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നത് എന്ന തിരിച്ചറിവായിരുന്നു ആ ഉദ്യോഗസ്ഥ ധാര്‍ഷ്ട്യങ്ങള്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ ഭൂരഹിതരുടെയും ഭവനരഹിതരുടെയും യഥാര്‍ത്ഥ കണക്ക് തിട്ടപ്പെടുത്താന്‍ തയ്യാറാവണം. കര്‍ഷക തൊഴിലാളി യൂണിയന്‍ അതിന് വേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്‍കും. റവന്യു വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്താനുള്ള സര്‍വ്വെ നടത്തണം. വില്ലേജിലും പഞ്ചായത്തിലും സര്‍വ്വേകള്‍ നടത്തി ജില്ലാ തലത്തില്‍ ഭൂമിയും വീടുമില്ലാത്തവരുടെ കൃത്യമായ വിശദാംശങ്ങള്‍ ഉണ്ടാക്കണം. ജില്ലാ പഞ്ചായത്തിലും കലക്‌ട്രേറ്റിലും ഉള്ള കണക്കുകള്‍ ഒന്നായിരിക്കണം. ചോര്‍ച്ചയില്ലാത്തതായിരിക്കണം. യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായങ്ങള്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാനത്തൊട്ടാകെ നല്‍കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തങ്ങളുടെ ഉദാസീനതയിലും നിസാരവല്‍ക്കരണത്തിലും പെടുത്തി സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ പാടില്ല.

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ 2016 സപ്തംബര്‍ 29ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭൂരഹിത-ഭവനരഹിത കണ്‍വെന്‍ഷന്‍ സംസ്ഥാനത്തെ നിസ്വവര്‍ഗത്തിന്റെ കൂടിച്ചേരലായിരുന്നു. ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വാഗ്ദാനം പാലിക്കാനായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഭൂരഹിതരുടെയും ഭവന രഹിതരുടെയും യഥാര്‍ത്ഥ ലിസ്റ്റ്, ഒരു ചോര്‍ച്ചപോലുമില്ലാതെ തയ്യാറാക്കാനാണ് കര്‍ഷക തൊഴിലാളി യൂണിയന്‍ മുന്നോട്ടുവരുന്നത്. സംസ്ഥാന കണ്‍വെന്‍ഷനെ തുടര്‍ന്ന് ജില്ലാ കണ്‍വെന്‍ഷനുകളും തുടര്‍ന്ന് വില്ലേജ് തല കണ്‍വെന്‍ഷനുകളും വിളിച്ച് ചേര്‍ത്ത് ഭൂരഹിതരെയും ഭവനരഹിതരെയും കോളനി നിവാസികളെയും വീട് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരെയും അടയാളപ്പെടുത്തുന്നതിനുള്ള വിപുലമായ സര്‍വ്വെ, വാര്‍ഡ് തലത്തില്‍ യൂണിയന്‍ സംഘടിപ്പിക്കും. ഈ ജനകീയ സര്‍വ്വെയില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ദുര്‍ബല ജനവിഭാഗങ്ങളും സഹകരിക്കും. നവകേരളത്തിന്റെ അടിത്തറപാകാനുള്ള ചരിത്രപരമായ ഇടപെടലിനാണ് ഈ സര്‍വ്വെയിലൂടെ കേരളം സാക്ഷിയാവുക. ഈ മുന്നേറ്റത്തില്‍ അണിചേരാന്‍ കേരളത്തിന്റെ സമഗ്രവികസനത്തിനായി ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.

30-Sep-2016