കേരളത്തിനാവശ്യം സാര്‍വത്രികറേഷനിംഗ്

സാര്‍വത്രിക റേഷന്‍ നിലവിലിരുന്ന കാലത്ത് കാര്‍ഡില്‍ വേര്‍തിരിവുണ്ടായിരുന്നില്ല. വര്‍ഷാവര്‍ഷം പുതുക്കുന്ന കാര്‍ഡിലെ ഏഴുകള്ളികളില്‍ രേഖപ്പെടുത്തി ഓരോദിവസത്തെയും അരിവിഹിതം യൂണിറ്റടിസ്ഥാനത്തില്‍ വാങ്ങാമായിരുന്നു. കര്‍ഷകത്തൊഴിലാളികളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അന്നന്നത്തെ കൂലിക്ക് റേഷനരിവാങ്ങാന്‍ സാധിച്ചു. ഇപ്പോള്‍ റേഷന്‍വിതരണം മാസക്കണക്കിലാക്കി. ഒന്നിച്ചുവാങ്ങാനായി ഒന്നിച്ച് പണംകണ്ടെത്തേണ്ട അവസ്ഥ വന്നു. നവലിബറല്‍ നയങ്ങള്‍ ഇല്ലാതാക്കിയ യുപിഡിഎസ് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതനുസരിച്ചാകണം കേരളത്തിന്റെ ‘ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കേണ്ടത്. റേഷന്‍ വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും റേഷന്‍ നല്‍കാന്‍ സാധിക്കണം. മനുഷ്യശരീരത്തെ സംരക്ഷിക്കാനുള്ള ‘ഭക്ഷണം നല്‍കാനുള്ള ബാധ്യത  സര്‍ക്കാരിനുണ്ട്. രാഷ്ട്രത്തെ അക്രമങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള ബാധ്യതപോലെ പ്രധാനമാണ് അതും.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന മനോഭാവം തീര്‍ത്തും അപലപനീയമാണ്. കേന്ദ്രത്തിന്റെ ജനവിരുദ്ധനടപടികള്‍ കൊണ്ട് പൊറുതിമുട്ടുന്നത് പാവപ്പെട്ട ജനവിഭാഗമാണ്. തീര്‍ത്തും രാഷ്ട്രീയമായ ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മനയം കേരളത്തിലെ പൊതുവിതരണസമ്പ്രദായത്തെ തീര്‍ത്തും ദുര്‍ബലപ്പെടുത്തി. 

കേരളത്തില്‍ മെച്ചപ്പെട്ട രീതിയിലുള്ള റേഷന്‍സംവിധാനം നിലനിന്നിരുന്നു. റേഷനെന്നത് ആരും വച്ചുനീട്ടിയ ഔദാര്യമല്ല, പോരാടി നേടിയതാണ്. 1966 മുതലാണ് നിയമാനുസൃതമായ രീതിയില്‍ റേഷന്‍ നടപ്പായതെങ്കിലും അതിനുമുന്നേതന്നെ അനൌദ്യോഗിക റേഷനിങ് കേരളത്തിലുണ്ടായിരുന്നു. 1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാര്‍ തുടങ്ങിവച്ച ഔദ്യോഗികചര്‍ച്ചകളുടെ ഭാഗമായാണ് റേഷനിങ് പ്രാബല്യത്തില്‍വന്നത്. മറ്റ് സംസ്ഥാനങ്ങള്‍ റേഷനിങ്ങില്‍ പുലര്‍ത്തുന്ന പരിതാപകരമായ അവസ്ഥയെ താരതമ്യംചെയ്തുകൊണ്ട് കേരളത്തെ വിലയിരുത്തുന്ന കേന്ദ്രസര്‍ക്കാര്‍രീതി ചരിത്രബോധമില്ലായ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.

മഞ്ഞബോര്‍ഡില്‍ കറുത്ത അക്ഷരത്തിലെഴുതിയ റേഷന്‍ കടകള്‍ നവഉദാരവല്‍ക്കരണനയങ്ങളുടെ ഭാഗമായാണ് പൊതുവിതരണകേന്ദ്രങ്ങളായി മാറുന്നത്. സ്കൂള്‍ ഉച്ചഭക്ഷണ വിതരണം, ദാരിദ്യ്രനിര്‍മാര്‍ജന പരിപാടി, അങ്കണവാടികള്‍, ദുരിതാശ്വാസനടപടികള്‍, ദുര്‍ബലവിഭാഗങ്ങളുടെ ഹോസ്റ്റലുകള്‍, ആശുപത്രിഭക്ഷണം തുടങ്ങിയവയ്ക്കൊക്കെ കേരളത്തില്‍ റേഷനരി ഉപയോഗിക്കപ്പെട്ടിരുന്നു. ഓരോന്നോരോന്നായി വെട്ടിമാറ്റുന്ന കാഴ്ചയും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. 1994ഓടെയാണ് കേരളത്തിലെ കരുത്തുറ്റ സാര്‍വത്രിക പൊതുവിതരണസംവിധാനം ഇല്ലാതായത്. പകരംവന്ന ലക്ഷ്യാധിഷ്ഠിത പൊതുവിതരണസംവിധാനം എല്ലാ ജനവിഭാഗങ്ങള്‍ക്കും കരുതല്‍ പകരാന്‍ ഉതകിയില്ല. ബിപിഎല്‍-എപിഎല്‍ ലിസ്റ്റിന്റെ യാന്ത്രികനിര്‍മിതിയില്‍ കരുതല്‍ ആവശ്യമുള്ള ജനവിഭാഗങ്ങള്‍ തഴയപ്പെട്ടു. ആദിവാസി കോളനികളില്‍വരെ എപിഎല്‍ റേഷന്‍കാര്‍ഡുള്ളവരുണ്ടായി. കെഎസ്കെടിയു ഈ നീതികേടിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയപ്പോഴാണ് കുറച്ചെങ്കിലും തിരുത്തല്‍ വന്നത്.

2013ല്‍ ഭക്ഷ്യഭദ്രതാനിയമം നടപ്പായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസായിരുന്നു ഭക്ഷ്യമന്ത്രി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ റേഷന്‍ ദുര്‍ബലാവസ്ഥയ്ക്ക് പരിഹാരമാകും എന്നാണ് കോണ്‍ഗ്രസുകാരടക്കമുള്ളവര്‍ അന്ന് പറഞ്ഞത്. എന്നാല്‍, കേരളത്തിന്റെ തിരിച്ചുപോക്ക് അവര്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കാനുള്ള ഔദ്യോഗികനടപടിയൊന്നും പൂര്‍ത്തിയാക്കിയില്ല. റേഷന്‍കാര്‍ഡ് പുതുക്കുന്നതിനും മുന്‍ഗണനാവിഭാഗത്തെ കണ്ടെത്തുന്നതിനുമുള്ള നടപടിക്രമം ഒന്നിച്ച് നടപ്പാക്കാന്‍ 2014ല്‍ 11-ാം നമ്പര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അതുപ്രകാരം 2015 ജൂലൈ 31ഓടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകണമായിരുന്നു. പക്ഷേ, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളജനതയെ വഞ്ചിച്ചു. അവരുടെ മുന്‍ഗണനയില്‍ റേഷന്‍സംവിധാനവും പാവപ്പെട്ട ജനവിഭാഗങ്ങളുമില്ലായിരുന്നു. കേന്ദ്രം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യുഡിഎഫ് സര്‍ക്കാര്‍ പുറംതിരിഞ്ഞിരുന്നു. ഇന്നത്തെ റേഷന്‍പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സമീപനമാണ്.

കേരളത്തിന്റെ അരിവിഹിതം 14.25ലക്ഷം മെട്രിക് ടണ്ണായി കേന്ദ്രം കണക്കാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല.  ബിപിഎല്‍ വിഹിതം കഴിച്ചാല്‍ അരിവിഹിതത്തില്‍ ബാക്കിവരിക നാലുലക്ഷം ടണ്ണോളം അരിയാണ്. 1.7 കോടിയോളംവരുന്ന എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇതെങ്ങനെ വീതിച്ചുനല്‍കുമെന്ന ചോദ്യത്തിന് യുഡിഎഫ് ഇപ്പോഴും മറുപടി തന്നിട്ടില്ല. ആ സ്ഥിതിവിശേഷമാണ് കേരളത്തില്‍ റേഷന്‍പ്രതിസന്ധിയുണ്ടാക്കിയത്. കേരളത്തെ ബുദ്ധിമുട്ടിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും പരിശ്രമിച്ചു. അവര്‍ സംസ്ഥാനവുമായി പ്രത്യേകം ചര്‍ച്ചചെയ്യാനുള്ള അവസരം ഇല്ലാതാക്കി. കേരളത്തിന് ആവശ്യമായ അരിവിഹിതം നിര്‍ണയിക്കാതെ, കേന്ദ്രത്തിന് തോന്നിയതുപോലെ അരിവിഹിതം നേരത്തെ തീരുമാനിക്കുകയും അതിനനുസരിച്ച് ഗുണഭോക്താക്കളെ കേരളം കണ്ടെത്തണമെന്ന് നിര്‍ദേശിക്കുകയുംചെയ്തു. ചെരിപ്പിനൊത്ത് കാലുമുറിക്കണമെന്ന ബി ജെപി സര്‍ക്കാരിന്റെ നിര്‍ദേശം കേരളത്തിലെ സംഘപരിവാറുകാര്‍ അറിയാഞ്ഞിട്ടല്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രസര്‍ക്കാരുമായി നിരവധിതവണ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടു. റേഷനിങ് മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കാര്യങ്ങള്‍ നടപ്പാക്കി. ദേശീയ ഭക്ഷ്യഭദ്രതാനിയമം അനുശാസിക്കുന്ന റേഷന്‍സാധനങ്ങളുടെ വാതില്‍പ്പടി വിതരണത്തിന്റെയും പുതുക്കിയ റേഷന്‍കാര്‍ഡ് വിതരണത്തിന്റെയും ആരംഭം കുറിച്ചു. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുമ്പോഴും പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് റേഷന്‍വിതരണ ശൃംഖലയില്‍നിന്ന് ഒരാളുപോലും ഒഴിവാക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. എഎവൈ, മുന്‍ഗണനാവിഭാഗം, മുന്‍ഗണനേതര സംസ്ഥാന സബ്സിഡി വിഭാഗം, മുന്‍ഗണനേതര സബ്സിഡിരഹിത വിഭാഗം, മുന്‍ഗണനേതര സംസ്ഥാന മുന്‍ഗണനാവിഭാഗം എന്നിങ്ങനെ റേഷന്‍കാര്‍ഡുകള്‍ തരംതിരിച്ച് എല്ലാവര്‍ക്കും റേഷന്‍വിതരണം ഉറപ്പുവരുത്തുന്നു. പക്ഷേ, അളവിലും വിലയിലും മാറ്റമുണ്ട്. ആ മാറ്റം ഇല്ലാതാക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോടുള്ള മനോഭാവം മാറ്റണം.

സാര്‍വത്രിക റേഷന്‍ നിലവിലിരുന്ന കാലത്ത് കാര്‍ഡില്‍ വേര്‍തിരിവുണ്ടായിരുന്നില്ല. വര്‍ഷാവര്‍ഷം പുതുക്കുന്ന കാര്‍ഡിലെ ഏഴുകള്ളികളില്‍ രേഖപ്പെടുത്തി ഓരോദിവസത്തെയും അരിവിഹിതം യൂണിറ്റടിസ്ഥാനത്തില്‍ വാങ്ങാമായിരുന്നു. കര്‍ഷകത്തൊഴിലാളികളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അന്നന്നത്തെ കൂലിക്ക് റേഷനരിവാങ്ങാന്‍ സാധിച്ചു. ഇപ്പോള്‍ റേഷന്‍വിതരണം മാസക്കണക്കിലാക്കി. ഒന്നിച്ചുവാങ്ങാനായി ഒന്നിച്ച് പണംകണ്ടെത്തേണ്ട അവസ്ഥ വന്നു. നവലിബറല്‍ നയങ്ങള്‍ ഇല്ലാതാക്കിയ യുപിഡിഎസ് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതനുസരിച്ചാകണം കേരളത്തിന്റെ ‘ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കേണ്ടത്. റേഷന്‍ വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും റേഷന്‍ നല്‍കാന്‍ സാധിക്കണം. മനുഷ്യശരീരത്തെ സംരക്ഷിക്കാനുള്ള ‘ഭക്ഷണം നല്‍കാനുള്ള ബാധ്യത  സര്‍ക്കാരിനുണ്ട്. രാഷ്ട്രത്തെ അക്രമങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള ബാധ്യതപോലെ പ്രധാനമാണ് അതും.

പൊതുവിപണിയില്‍ അരിവില വാണംപോലെ കയറുന്നത് റേഷന്‍സംവിധാനം തകരുമ്പോഴാണ്. രാജ്യത്ത് ‘ഭക്ഷ്യധാന്യ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സാര്‍വത്രിക റേഷനിങ് കാലത്തേക്കാള്‍ ഉല്‍പ്പാദനവര്‍ധനയുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ധാന്യോല്‍പ്പാദനവും സംഭരണവും വര്‍ധിച്ചതുകൊണ്ടാണ് ധാന്യ കോര്‍പറേഷനുകളുടെ ഗോഡൌണുകളില്‍ അരി പുഴുത്തിരിക്കുന്നത്. കൊല്ലങ്ങള്‍ പഴക്കമുള്ള ധാന്യങ്ങളാണ് മിക്കവാറും റേഷന്‍വിതരണത്തിനായി ലഭ്യമാകുന്നത്. പാവങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടേണ്ട അരിയടക്കമുള്ള ധാന്യങ്ങള്‍ ലേലംചെയ്യപ്പെടുകയും അത് വന്‍കിടമില്ലുകാര്‍ വാങ്ങി പോളിഷ് ചെയ്ത് പൊതുകമ്പോളത്തില്‍ കൂടിയ വിലയ്ക്ക് എത്തിക്കുകയുംചെയ്യുന്നു. ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് ധാന്യം കയറ്റി അയക്കുന്നത് ബിപി എല്‍ വിലയേക്കാള്‍ കുറഞ്ഞവിലയ്ക്കാണെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. അതായത് സാര്‍വത്രിക റേഷനിങ് സംവിധാനം വഴി രാജ്യമാകെ വിതരണംചെയ്യാന്‍ പാകത്തിനുള്ള ധാന്യങ്ങള്‍ രാജ്യത്ത് കെട്ടിക്കിടപ്പുണ്ട്. ആ അരി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നതെന്തിനാണ്?

കേന്ദ്രാവിഷ്കൃതപദ്ധതികള്‍ക്കുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ കണക്കിലെടുത്താല്‍ കേരളത്തിന് ഒന്നുംകിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതിന്റെ നാലിരട്ടി കൂലി കേരളത്തില്‍ കായികാധ്വാനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ലഭിക്കും. ആ വരുമാനം കേന്ദ്രാനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കുറവായി മാറുന്നത് നീതിയല്ല. നാം നേടിയ സാമൂഹ്യനേട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ട് മാനദണ്ഡങ്ങള്‍ പുനരാവിഷ്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശംവേണം. അല്ലെങ്കില്‍ ദരിദ്രര്‍ അതേ അവസ്ഥയില്‍ തുടരും. വസ്തുനിഷ്ഠമായ കണക്കുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമ്പോള്‍ കേരളം പരിഗണിക്കപ്പെടണം. കേന്ദ്രസഹായത്തിന് വേണ്ടി കേരളത്തിന് നവോത്ഥാനകാലത്തിനും പിറകിലേക്ക് നടക്കാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയസമവായം ഉണ്ടാകണം. കോണ്‍ഗ്രസും ബിജെപിയും സങ്കുചിത രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മാറ്റിവച്ച് കേരളത്തിന്റെ ഗുണപരമായ മാറ്റത്തിനായി മുന്നോട്ടുവരണം. മലയാള മാധ്യമങ്ങള്‍ വ്യാജവിവാദങ്ങളില്‍ അഭിരമിക്കാതെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും ചിന്തിക്കണം.

28-Apr-2017