മോഡി സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍

നരേന്ദ്രമോഡിയുടെ മൂന്നുവര്‍ഷത്തെ ഭരണം രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. ജനാധിപത്യത്തിന് പോറലേറ്റ, ഫെഡറല്‍ സംവിധാനത്തിന് വിലയില്ലാതായ, മതനിരപേക്ഷതയെ തൂത്തെറിയാന്‍ ശ്രമിച്ച, വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച മൂന്നുവര്‍ഷമാണ് കടന്നുപോയത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടപ്പിലാക്കാന്‍ ബി ജെ പി എന്ന സംഘപരിവാര്‍ രാഷ്ട്രീയപാര്‍ട്ടിയെ മുന്‍നിര്‍ത്തി ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ആര്‍ എസ് എസ് പരിശ്രമിക്കുന്നു. ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നയിക്കുന്നത്. ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രി, സര്‍ സംഘ ചാലകിന് മുന്നില്‍ വെറും അടിമയാണ്. സവര്‍ണ ബ്രാഹ്മണാധിപത്യത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ആര്‍ എസ് എസ് കല്‍പ്പിച്ചാല്‍, സംഘ് പ്രചാരകനായ നരേന്ദ്രമോഡിക്ക് ഭരണകൂടത്തെ ആ രീതിയില്‍ നയിച്ചേ മതിയാവുകയുള്ളു. അതാണ് കഴിഞ്ഞ മൂന്നുവര്‍ഷവും രാജ്യം കണ്ടത്.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മതനിരപേക്ഷതയെ ചവിട്ടിത്തള്ളി മോഡിയും കൂട്ടരും മുന്നോട്ടുപോവുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ തികഞ്ഞ ആശങ്കയിലാണുള്ളത്. ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും ദളിത് വിഭാഗങ്ങളും ഭയത്തോടെ ദിവസങ്ങള്‍ തള്ളിനീക്കാന്‍ നിര്‍ബന്ധിതരാവുന്ന രീതിയില്‍ നരേന്ദ്രമോഡിയും കൂട്ടരും രാജ്യത്തിന്റെ അവസ്ഥയെ മൂന്നുവര്‍ഷം കൊണ്ട് മാറ്റിമറച്ചു.

രാജ്യമാകെ സംഘപരിവാര്‍ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണങ്ങള്‍ അരങ്ങേറുകയാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജനങ്ങളില്‍ ഭീതിവിതച്ച് കൂട്ടബലാല്‍സംഗവും കലാപവും അരങ്ങേറുന്നു. അവിടെ ഒരാഴ്ചക്കിടെ എട്ടു സ്ത്രീകള്‍ കൂട്ടബലാല്‍സംഗത്തിനിരയായി. മെയ് 25ന് ഒരുകുടുംബത്തിലെ നാലു സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷനെ കെട്ടിയിട്ട് വെടിവച്ചു കൊന്നു. ദളിതുകളും ഠാക്കുര്‍ വംശജരും തമ്മില്‍ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. നരേന്ദ്ര മോഡിയുമായി ഏറ്റവും അടുപ്പമുള്ള യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന സംസ്ഥാനത്തെ സ്ഥിതി ഇതാണ്.

ബറേലിക്കടുത്ത് ബദായൂവില്‍ ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് മൂന്നംഗസംഘം യുവതിയെ ബലാത്സംഗം ചെയ്തതും മുസഫര്‍നഗറിനടുത്ത് മാനസ്പുരില്‍ റേഷന്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ കടയുടമയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതും നരേന്ദ്രമോഡിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ്. പശ്ചിമ ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ ദളിതര്‍ക്കെതിരായ ഠാക്കൂര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.

മോഡി ഭരണകാലത്ത് ഉനയില്‍നിന്ന് ആരംഭിച്ച ദളിത് പീഡനം പതിന്മടങ്ങ് വര്‍ധിച്ചു. പ്രത്യേകിച്ചും യോഗി ആദിത്യനാഥ് എന്ന ഠാക്കൂര്‍ നേതാവ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. സ്വാതന്ത്ര്യത്തിന് ശേഷം കശ്മീര്‍ ഏറ്റവും അശാന്തമായതും പോയവര്‍ഷമാണ്.പാകിസ്ഥാന്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കുന്നതിനു പകരം സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ ഉപകരിക്കുന്ന പ്രകോപനപരമായ സമീപനങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങളും തുടരുന്നു. ആഭ്യന്തര സുരക്ഷ ഇത്രയേറേ അപകടാവസ്ഥയിലെത്തിയ മറ്റൊരു കാലഘട്ടവും ഇതിന് മുമ്പ് രാജ്യത്തുണ്ടായിട്ടില്ല.

മുസ്ലീംങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളോട് പകയോടെ പെരുമാറുന്ന സംഘപരിവാര്‍ രീതിയാണ് നാട്ടിലാകെ നടമാടുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തുടങ്ങിയ ന്യൂനപക്ഷ ആക്രമണം വ്യാപിക്കുന്നതല്ലാതെ ശമിക്കുന്നില്ല. രാജസ്ഥാനിലെ അള്‍വാറിലുള്ള പെഹ്ലുഖാന്‍ എന്ന ക്ഷീരകര്‍ഷകനെ ഗോസംരക്ഷക വേഷമണിഞ്ഞ ക്രിമിനലുകള്‍ മര്‍ദിച്ചുകൊന്നു. ഈ കുറ്റവാളികളെ പിടികൂടാനോ, ശിക്ഷയ്ക്ക് വ്‌ധേയമാക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. എന്നാല്‍, പശുക്കളെ കടത്തിയെന്ന പേരില്‍ പെഹ്ലുഖാന്റെ മകനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് പീഡനം തുടരുകയുമാണ്. യു പിയില്‍നിന്ന് തുടങ്ങി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇറച്ചിക്കടകളുടെ അടപ്പിക്കലും റോമിയോവിരുദ്ധ സ്‌ക്വാഡുകളും ഗോസംരക്ഷണസേനയും എല്ലാം ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷത്തെയും ദളിതരെയുമാണ്. ഏറ്റവും അവസാനമായി യുപിയില്‍ അഖിലേഷ് സിങ് യാദവ് സര്‍ക്കാര്‍ മുസ്‌ളിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക ക്വാട്ടയും എടുത്തുകളയുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നു. ബി ജെ പി സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ വര്‍ഗീയ കലാപങ്ങള്‍ വ്യാപിക്കാനുള്ള നീക്കത്തില്‍ മുഴുകിയിരിക്കുകയാണ് ആര്‍ എസ് എസ് സംഘപരിവാരം.

രാജ്യത്ത് ഒരു ശതമാനത്തിന്റെ കൈവശമാണ് 56 ശതമാനം സമ്പത്തും കുമിഞ്ഞു കൂടിയിട്ടുള്ളത്. ബിജെപിക്ക് ലോക്‌സഭയിലുള്ള 282 എംപിമാരില്‍ ഒരു മുസ്‌ളിമോ ഒരു ക്രിസ്ത്യാനിയോ ഉണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ സത്ത തന്നെ എല്ലാവര്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളിത്തമാണ്. എന്നാല്‍, ബിജെപി ഇക്കാര്യത്തില്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ഈ വര്‍ഷമാദ്യം നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും 20 ശതമാനം വരുന്ന മുസ്‌ളിം സമുദായത്തില്‍നിന്ന് ഒരംഗത്തെപ്പോലും നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറായില്ല. 'സബ് കാ സാഥ് സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍വന്ന മോഡി ഇത് നടപ്പാക്കാന്‍ ഒരിക്കലും ആത്മാര്‍ഥത കാട്ടിയിരുന്നില്ല.

മോഡിയുടെ. പല തീരുമാനങ്ങളിലും സേച്ഛാധിപത്യത്തിന്റെ ചുവയുണ്ട്. അത്തരത്തിലുള്ള ഒന്നായിരുന്നു കഴിഞ്ഞ നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യത്തെ 90 ശതമാനം നോട്ടുകളാണ് പിന്‍വലിച്ചത്. മാര്‍ച്ച് 31 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ക്ക് സാവകാശമുണ്ടാകുമെന്നു പറഞ്ഞ മോഡി പിന്നീടത് ഡിസംബര്‍ 31 ആയി ചുരുക്കി. ജനങ്ങള്‍ നെട്ടോട്ടമോടി. ഇപ്പോഷും നോട്ടുദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം മോചിതമായിട്ടില്ല. ജനാധിപത്യ രീതികളെയെല്ലാം കാറ്റില്‍ പറത്തിയുള്ള ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത് എന്നതിന് ഇതില്‍പ്പരം ഒരുദാഹരണം വേറെവേണ്ട.

ക്ഷേമപദ്ധതികള്‍ക്ക് ഉള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കുന്നതിലും മോഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവം മറനീക്കി പുറത്തുവരികയാണ്. അതോടൊപ്പം പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കാനുള്ള കരുനീക്കങ്ങളും മോഡി സര്‍ക്കാര്‍ നടത്തുകയുണ്ടായി. രാജ്യസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതുകൊണ്ടു തന്നെ ഉപരിസഭയെ നിയമവിരുദ്ധമായി മറികടക്കാനുള്ള നീക്കവും ബിജെപി ആരംഭിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമം ധനബില്ലായി അവതരിപ്പിച്ച് രാജ്യസഭയെ മറികടന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചാണ് നിയമസഭയില്‍ ന്യൂനപക്ഷമായിട്ടും മണിപ്പുരിലും ഗോവയിലും ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചത്. ജനഹിതത്തെ ചവിട്ടിയരച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു ഇത.് മാത്രമല്ല കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന അരുണാചല്‍പ്രദേശിലെ എംഎല്‍എമാരെയും മറ്റും പരസ്യമായി വിലയ്‌ക്കെടുത്ത് ബിജെപി ഭരണം നേടാനും തയ്യാറായി.

മോഡി ഭരണക്കാലത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും ആക്കംകൂട്ടി, സര്‍വകലാശാലകള്‍ക്ക് റാങ്കിങ് സമ്പ്രദായത്തിനും തുടക്കമിട്ടു. വിദ്യാഭ്യാസ രംഗത്ത് മോഡിഭക്തരെ തിരുകിക്കയറ്റുന്ന പ്രക്രിയക്ക് ആക്കം കൂട്ടിയതിനൊപ്പം വിദ്യാര്‍ഥി പ്രതിഷേധങ്ങളെയും മറ്റും അടിച്ചമര്‍ത്താനും നീക്കമുണ്ടായി. ജെഎന്‍യു പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ച് ഗവേഷണപ്രവര്‍ത്തനങ്ങളെയും മറ്റും തടയാനുള്ള നീക്കവും മോഡി സര്‍ക്കാരില്‍നിന്നുണ്ടായി.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ചെലവും 50 ശതമാനവും ചേര്‍ത്തുള്ള താങ്ങുവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും അധികാരത്തില്‍ വന്നതോടെ മോഡി മറന്നു. വാഗ്ദാനലംഘനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. വിദേശനയരംഗത്തും മോഡിസര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം തീര്‍ത്തും വഷളാണിന്ന്. ചൈനയുടെ ഒരുമേഖല ഒരു പാത പദ്ധതി ഉച്ചകോടിയില്‍നിന്ന് ഇന്ത്യ പൂര്‍ണമായും വിട്ടുനിന്നത് ഈ ഒറ്റപ്പെടല്‍ വര്‍ധിപ്പിച്ചു. അഞ്ചുവര്‍ഷത്തിനകം ഒരു കോടി തൊഴില്‍ എന്ന മോഡിയുടെ പ്രഖ്യാപനം ജലരേഖയായി. കഴിഞ്ഞ വര്‍ഷം 2.3 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കാനായത് എന്നാണ് കണക്ക്.

നരേന്ദ്രമോഡിയുടെ മൂന്നുവര്‍ഷത്തെ ഭരണം രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. ജനാധിപത്യത്തിന് പോറലേറ്റ, ഫെഡറല്‍ സംവിധാനത്തിന് വിലയില്ലാതായ, മതനിരപേക്ഷതയെ തൂത്തെറിയാന്‍ ശ്രമിച്ച, വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച മൂന്നുവര്‍ഷമാണ് കടന്നുപോയത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടപ്പിലാക്കാന്‍ ബി ജെ പി എന്ന സംഘപരിവാര്‍ രാഷ്ട്രീയപാര്‍ട്ടിയെ മുന്‍നിര്‍ത്തി ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ആര്‍ എസ് എസ് പരിശ്രമിക്കുന്നു. ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നയിക്കുന്നത്. ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രി, സര്‍ സംഘ ചാലകിന് മുന്നില്‍ വെറും അടിമയാണ്. സവര്‍ണ ബ്രാഹ്മണാധിപത്യത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ആര്‍ എസ് എസ് കല്‍പ്പിച്ചാല്‍, സംഘ് പ്രചാരകനായ നരേന്ദ്രമോഡിക്ക് ഭരണകൂടത്തെ ആ രീതിയില്‍ നയിച്ചേ മതിയാവുകയുള്ളു. അതാണ് കഴിഞ്ഞ മൂന്നുവര്‍ഷവും രാജ്യം കണ്ടത്. കേന്ദ്രഭരണത്തിന്റെ ജനാധിപത്യ, മതനിരപകേഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ ജനകീയ കൂട്ടായ്മകള്‍ പടുത്തുയര്‍ത്തിയില്ലെങ്കില്‍ രാജ്യം അപഭ്രംശത്തിന്റെ പടുകുഴിയിലേക്കാണ്ടുപോകുമെന്നതില്‍ സംശയംവേണ്ട.

02-Jun-2017