മാധ്യമ പ്രവർത്തകർക്ക് നട്ടെല്ലുണ്ട്

ഇവിടെ, എ കെ ശശീന്ദ്രൻ വേട്ടക്കാരനല്ല. വേട്ടക്കാർ മംഗളം മാനേജുമെന്റാണ്. ഇടതുപക്ഷത്തതിന് ഒന്നും മറച്ചുവെയ്ക്കാനില്ലാത്തത് കൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആദ്യംതന്നെ പ്രഖ്യാപിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി പൊതുസമൂഹത്തിനൊപ്പം മാധ്യമസമൂഹവും, മംഗളം അധികൃതർ  ഗൂഡാലോചന നടത്തി തയ്യാറാക്കിയ 'ഹണിട്രാപ്പി' നെതിരായി രംഗത്തിറങ്ങി. അതൊരു പ്രതീക്ഷതന്നെയാണ്. പത്രപ്രവർത്തനം പത്രവ്യവസായമായ സാഹചര്യത്തിലും സത്യസന്ധതയും വസ്തുതാ പരിശോധനയും ഓരോ മാധ്യമപ്രവർത്തകന്റെയും നട്ടെല്ലായി നിലനിൽക്കട്ടെ.
മാധ്യമപ്രവർത്തകർ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ്. അവിടെ സത്യസന്ധതയും നൈതികതയും നീതിനിഷ്ഠയുമെല്ലാം സമൂഹം നിഷ്ക്കര്ഷിക്കുന്നതുമാണ്. അത് തകർന്നാൽ മഞ്ഞപ്പത്രസംസ്‌ക്കാരത്തിലേക്കാവും അത് നയിക്കപ്പെടുക. അത്തരത്തിൽ മഞ്ഞപ്പത്ര സംസ്ക്കാരത്തിലേക്ക് മാധ്യമപ്രവർത്തനം മാറിയതിന്റെ ദുരവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം ചർച്ച ചെയ്തത്. മാധ്യമപ്രവർത്തകരുൾപ്പടെയുള്ള   സമൂഹം, മംഗളത്തിന്റെ ഈ ക്രിമിനൽ പ്രവർത്തനത്തെ തള്ളിപ്പറഞ്ഞുകഴിഞ്ഞതാണ്.
 
മംഗളത്തിന്റെ ഏറ്റുപറച്ചിലോടുകൂടി എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ വ്യഥയും ഗൗരവമായി ചർച്ചകളുയർത്തും. കേരളത്തിന്റെ മനസ്സ് അശ്ലീലവത്ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും അതിനൊത്ത  വാർത്തകൾ സൃഷ്ടിച്ച് ചാനലിന്റെ റേറ്റിങ് കൂട്ടാമെന്നും ചിന്തിക്കുന്ന മാധ്യമപ്രവർത്തകർ സാക്ഷര-സാംസ്ക്കാരിക കേരളത്തിന് തീർത്തും അപമാനമാണ്. തനിനിറം മോഡൽ മാധ്യമപ്രവർത്തനം കേരളം എന്നെ തിരസ്ക്കരിച്ചതാണ്.
 
മംഗളത്തിന്റെ സ്ത്രീവിരുദ്ധപ്രവർത്തനം കാരണം വനിതാ മാധ്യമപ്രവർത്തകർക്കടക്കമുള്ളവർക്ക് ആ മാധ്യമത്തിൽ നിന്നും രാജിവെച്ച് ഒഴിയേണ്ടിവന്നു. വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചുവരുന്ന വനിതാമാധ്യമപ്രവർത്തകർ മംഗളത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ഇങ്ങനെയുള്ള വാർത്തകൾ മാത്രമേ  മലയാളികൾ സ്വികരിക്കൂ  എന്ന് തീരുമാനിച്ച് ഒരു ചാനലിന്റെ തുടക്കം ഇത്തരം വാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചുകൊണ്ടാക്കിയവർ  ഫലത്തിൽ മലയാളികളെയാകെയാണ് അപമാനിച്ചത്. എന്നിട്ടും ധാർമ്മികത ഉയർത്തിപ്പിടിച്ച് എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചു. ഇടതുപക്ഷം ആയതുകൊണ്ടാണ് പരാതിക്കാരി ഇല്ലാതിരുന്നിട്ടും രാഷ്ട്രീയധാർമ്മികത  ഉയർത്തിപ്പിടിച്ച് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.
 
യു ഡി എഫ് സർക്കാർ കാലത്ത് മുഖ്യമന്ത്രിയടക്കം നാല് മന്ത്രിമാരെക്കുറിച്ചും ചില യു ഡി എഫ്  എം എൽ എ മാരെക്കുറിച്ചും യു ഡി എഫിലെ ചില നേതാക്കളെക്കുറിച്ചും ഒരു സ്ത്രീയുടെ പരാതിയോട് കൂടിയ ലൈംഗികാരോപണം ഉയർന്നുവന്നിരുന്നു. അധാർമ്മിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരായതുകൊണ്ട് അക്കാലത്ത് ആരും രാജിവെച്ചിരുന്നില്ല. മംഗളം സംപ്രേഷണം ചെയ്ത ഫോൺ സംഭാഷണത്തെക്കുറിച്ച് ഒരുവീട്ടമ്മയും പരാതിപ്പെട്ടിരുന്നില്ല. ഇവിടെ'വീട്ടമ്മ' തന്നെ മാധ്യമസൃഷ്ടിയായിരുന്നു. പരാതിയാവട്ടെ, സ്ത്രീ സമൂഹത്തെ അപമാനിച്ച മംഗളത്തിനെതിരെയായിരുന്നു. അതിന്മേലാണ് പോലീസ് കേസെടുത്തതും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും എന്നതും കാണണം. 
 
04-Apr-2017