ഇടിമുറികള്‍ ഇനിയും അടിച്ചുതകര്‍ക്കും
എം വിജിന്
മാനേജ്മെന്റുകളുടെ ധിക്കാരം കേരളത്തില്‍ വിലപ്പോവില്ല. ഇനിയൊരു ജിഷ്ണു ഇവിടെ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ജാഗരൂകരായിരിക്കും. വിദ്യാര്‍ത്ഥി രാഷ്ടീയത്തെ സ്വാശ്രയ കോളേജുകളില്‍ നിരോധിച്ച് ഇനിയും സ്വസ്ഥമായി വിദ്യാഭ്യാസകച്ചവടവും വിദ്യാര്‍ത്ഥി പീഡനവും നടത്താമെന്ന് നിങ്ങള്‍ വ്യാമോഹിക്കേണ്ട. സ്വാശ്രയ കോളേജുകളില്‍ സംഘടനാ സ്വാതന്ത്രത്തിന് സര്‍ക്കാര്‍ സമഗ്ര നിയമനിര്‍മാണം കൊണ്ടുവരണം. അരാജകത്വ - അരാഷ്ട്രീയ കേന്ദ്രങ്ങളാക്കുന്ന കലാലയങ്ങളെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥി രാഷ്ട്രീയം തന്നെയാണ് വേണ്ടത്. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ വിദ്യാര്‍ഥി പ്രതിഷേധം മാനേജുമെന്റുകള്‍ തുടരുന്ന ധാര്‍ഷ്ട്യത്തിനെതിരെയുള്ള പൊട്ടിത്തെറിയാണ്. ജിഷ്ണുവിന്റെ മരണത്തിന് പകരമാവില്ല പൊട്ടിയ ചില്ലുകള്‍. എന്നാല്‍, ഇടിച്ചുനിര്‍ത്തിയ ഇടിമുറികള്‍ അടിച്ചു തന്നെ തകര്‍ക്കണം. |
''മരണം എപ്പോഴൊക്കെയാണോ നമ്മെ അത്ഭുതപ്പെടുത്തുന്നത്, അപ്പോഴൊക്കെ മരണത്തെ സ്വാഗതം ചെയ്യുക. നമ്മുടെ യുദ്ധകാഹളങ്ങള്‍ക്ക് ഒരു കാത് നേടാനായാല്‍ നമുക്കൊപ്പം ആയുധമേന്താന്‍ അനേകം കരങ്ങളുണ്ടാകും'' പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ ജിഷ്ണു പ്രണോയ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ട ചെഗുവേരയുടെ വരികളാണിവ. ചെഗുവേരയെ കേരളീയ മനസ്സില്‍ നിന്നും മായ്ക്കണമെന്ന് സംഘ്പരിവാറുകാര്‍ കല്‍പ്പിക്കുമ്പോഴാണ് ജിഷ്ണുവിനെപോലെ അനേകം വിദ്യാര്‍ത്ഥി യുവാക്കള്‍ ചെഗുവേരയെ വീണ്ടും വീണ്ടും ആരാധിക്കുന്നത്. ചെ വിപ്ലവകാരിയാണ്. ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച/ കൊള്ളിക്കുന്ന രക്തസാക്ഷി. ഇവിടെ ജിഷ്ണുവും വിപ്ലവകാരിയാകുന്നു. ജിഷ്ണുവിന്റെ മരണവും രക്തസാക്ഷിത്വമാണ്. ഒരു സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാനുള്ള രക്തസാക്ഷിത്വം.
ജനുവരി 17. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ഹോസ്റ്റലില്‍ ആത്മഹത്യചെയ്തിട്ട് ഒരുവര്‍ഷം തികയുകയാണ്. രോഹിത്തിന്റെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണ്. രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ദളിത് പിന്നോക്ക വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ സമൂഹം തിരിച്ചറിഞ്ഞു. അതുപോലെ ജിഷ്ണുവിന്റെ ആത്മഹത്യ, സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തിയ കൊലപാതകം തന്നെയാണ്. ജിഷ്ണുവിന്റെ മരണത്തിലൂടെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന നീതിനിഷേധമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളുടെ ചരിത്രത്തിന് അധികം പഴക്കമില്ല. കേരളത്തിലെ യുഡി എഫ് സര്‍ക്കാരാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂണുപോലെ മുളച്ചുപൊന്താന്‍ അവസരം സൃഷ്ടിച്ചത്. വിദ്യാര്‍ഥിവിരുദ്ധ മനോഭാവത്തിലാണ് ഓരോ സ്വാശ്രയ കോളേജും കെട്ടിപ്പൊക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങളെ അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തിന് വിലക്ക് കല്‍പ്പിച്ച് അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കാനാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. 'നിങ്ങളുടെ കുട്ടികളെ ഇവിടേക്ക് അയക്കൂ, രാഷ്ട്രീയ ബോധമില്ലാത്ത വിദ്യാര്‍ഥികളായി ഞങ്ങള്‍ തിരികെ തരാം', ഇതായിരുന്നു മാനേജുമെന്റുകളുടെ പരസ്യവാചകം. സ്വാശ്രയ മാനേജുമെന്റുകളുടെ പ്രലോഭനത്തിനുമുന്നില്‍ മാതാപിതാക്കള്‍ ആകൃഷ്ടരായി. മാധ്യമങ്ങളും അരാഷ്ട്രീയ ബുദ്ധിജീവികളും അതിനെ ന്യായീകരിച്ചു. നീതി നിഷേധിക്കപ്പെട്ട്, കൊടിയ പീഡനങ്ങള്‍ക്കിരയായി, സംഘടിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട് ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നരകിക്കുകയാണെന്ന് അവര്‍ കാണാതെപോയി. കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. ഇക്കൂട്ടര്‍ക്കെല്ലാം ജിഷ്ണുവിന്റെ മരണത്തില്‍ ഉത്തരവാദിത്വമുണ്ട്.
ജിഷ്ണുവിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പാമ്പാടി നെഹ്റു കോളേജ് മാത്രമല്ല പ്രതിസ്ഥാനത്ത്. വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന കൂടുതല്‍ കോളേജുകളിലെ വിവരം പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോട്ടയം ടോംസ്, പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളേജ്, വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എന്‍ജിനീയറിങ് ആലപ്പുഴ ഇങ്ങനെ പട്ടിക നീളുകയാണ്. നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള കോളേജുകളില്‍ വിദ്യാര്‍ത്ഥി പീഡനം തുടര്‍ക്കഥയാണ്. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇന്റേണല്‍ അസെസ്സ്മെന്റിന്റെയും, അറ്റന്‍ഡന്‍സിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ നിരന്തരം പുറത്തുവരികയാണ്. മാനേജ്മെന്റുകളുടെ തിട്ടൂരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുസരിച്ചുകൊള്ളണം ഇല്ലെങ്കില്‍ സമാനകളില്ലാത്ത ക്രൂരതകളാണ്. ഷൂവിന്റെ കെട്ടഴിഞ്ഞാല്‍, താടി നീട്ടി വളര്‍ത്തിയാല്‍, യൂണിഫോം കൃത്യമല്ലെങ്കില്‍, നിശ്ചിത ദിവസത്തിനുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍, ഉറക്കെ ചിരിച്ചാലൊക്കെ പിഴ നല്‍കണം. കോളേജ് ഫെസ്റ്റുകള്‍ക്ക് നിയന്ത്രണമില്ലാതെയുള്ള പിരിവാണ്. ആണ്, പെണ് സൗഹൃദങ്ങള്‍ ക്യാമ്പസുകളില്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ സംഘംചേരാനോ, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനോ പാടില്ല. പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ് കുട്ടികളോട് നിര്‍ദ്ദേശിക്കുന്നത് ക്യാമ്പസില്‍ മാത്രമല്ല, നാട്ടില്‍ പോലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത് എന്നാണ്. വിദ്യാര്‍ത്ഥികളെ സദാ നിരീക്ഷിക്കുന്ന ക്യാമറ സംവിധാനമാണ് എല്ലായിടത്തും. ചില സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥിനികളുടെ ടോയ്ലെറ്റിന് സമീപം വരെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോട്ടം നടത്തുന്ന രോഗാതുരമായ മാനേജ്മെന്റുകളില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കേണ്ടിവരുമായിരിക്കും!
മാനേജ്മെന്റിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന അധ്യാപകന്, പി ആര് ഒ, പ്രിന്‍സിപ്പാള്‍/വൈസ് പ്രിന്‍സിപ്പാള്‍ ഇത്തരത്തിലുള്ള സംഘങ്ങളാണ് മിക്ക സ്വാശ്രയ കോളേജുകളെയും നിയന്ത്രിക്കുന്നത്. ഹോസ്റ്റല്‍ സംവിധാനത്തിന് യാതൊരു സുതാര്യതയുമില്ല. കോട്ടയം ടോംസ് കോളേജിന്റെ ചെയര്മാന്, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അര്‍ധരാത്രികളില്‍പോലും പരിശോധനയ്ക്ക് എത്താറുണ്ടെന്നും ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെടുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കേണ്ടിവരും. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അധ്യാപകന്റെ ക്രൂരമായ ശിക്ഷ നടപടികള്‍ക്ക് വിധേയമാകേണ്ടിവരും വിദ്യാര്‍ഥികള്‍ അധ്യാപകരെയോ, മാനേജ്മെന്റിനെയോ ചോദ്യം ചെയ്താല്‍ കോട്ടിട്ട സെക്യൂരിറ്റിമാരും മാനേജ്മെന്റ് വൈദഗ്ധ്യമുള്ള പി ആര് ഒ ഗുണ്ടകളും മര്‍ദ്ദിക്കും. അതിനായി വെളിച്ചം പോലും കടന്നുവരാത്ത പ്രത്യേക ഇടിമുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ലാബും ലൈബ്രറിയും കമ്പ്യൂട്ടര്റൂമും കോണ്‍ഫെറന്‍സ് ഹാളും കോളേജുകള്‍ക്ക് ആവശ്യമാണ്. എന്തിനാണ് കോളേജുകള്‍ക്ക് ഇടിമുറികള്‍? ഹിറ്റ്ലര്‍ ഭരണത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ കോളേജുകളെ കോണ്സെന്ട്രേഷന് ക്യാമ്പുകളാക്കുകയാണ് മാനേജുമെന്റുകള്‍.
ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ വിദ്യാര്‍ഥി പ്രതിഷേധം മാനേജുമെന്റുകള്‍ തുടരുന്ന ധാര്‍ഷ്ട്യത്തിനെതിരെയുള്ള പൊട്ടിത്തെറിയാണ്. ജിഷ്ണുവിന്റെ മരണത്തിന് പകരമാവില്ല പൊട്ടിയ ചില്ലുകള്‍. എന്നാല്‍, ഇടിച്ചുനിര്‍ത്തിയ ഇടിമുറികള്‍ അടിച്ചു തന്നെ തകര്‍ക്കണം. മാനേജുമെന്റ് നിലപാടുകള്‍ക്കെതിരെ വിദ്യാര്‍ഥി രോഷം അണപൊട്ടിയപ്പോള്‍ സ്വാഭാവികമായും വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു. അതിനെ പ്രധിരോധിക്കണമെന്നാണ് മാനേജുമെന്റ് അസോസിയേഷന് കണക്കുക്കൂട്ടിയത്. അതിന്റെ ഭാഗമായി ഒരു ദിവസം കോളേജ് അടച്ചിട്ട് പ്രതിഷേധിച്ചു. കോളേജുകള്‍ അടച്ചിടാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം നല്‍കിയത്? വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കാന്‍ പാടില്ലെന്ന് വാദിക്കുന്നവര്‍ക്ക് പഠനം നിഷേധിക്കാന്‍ എന്ത് അവകാശമാണുള്ളത്? കേരളത്തില്‍ സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമം പാസ്സാക്കിയപ്പോള്‍, മതസമുദായങ്ങളെയും കോടതിയെയും കരുവാക്കി നിങ്ങള്‍ നടത്തിയ പൊറാട്ടുനാടകങ്ങള്‍ കേരളം മറന്നിട്ടില്ല. ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളെ നിരീക്ഷിക്കുമെന്ന് തീരുമാനിച്ചതിന് ശേഷമാണ് നിങ്ങള്‍ കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. മാനേജ്മെന്റുകളുടെ ധിക്കാരം കേരളത്തില്‍ വിലപ്പോവില്ല. ഇനിയൊരു ജിഷ്ണു ഇവിടെ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ജാഗരൂകരായിരിക്കും. വിദ്യാര്‍ത്ഥി രാഷ്ടീയത്തെ സ്വാശ്രയ കോളേജുകളില്‍ നിരോധിച്ച് ഇനിയും സ്വസ്ഥമായി വിദ്യാഭ്യാസകച്ചവടവും വിദ്യാര്‍ത്ഥി പീഡനവും നടത്താമെന്ന് നിങ്ങള്‍ വ്യാമോഹിക്കേണ്ട. സ്വാശ്രയ കോളേജുകളില്‍ സംഘടനാ സ്വാതന്ത്രത്തിന് സര്‍ക്കാര്‍ സമഗ്ര നിയമനിര്‍മാണം കൊണ്ടുവരണം. അരാജകത്വ - അരാഷ്ട്രീയ കേന്ദ്രങ്ങളാക്കുന്ന കലാലയങ്ങളെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥി രാഷ്ട്രീയം തന്നെയാണ് വേണ്ടത്. ഇടിമുറികള്ക്കെതിരായുള്ള പോരാട്ടം എസ്എഫ് ഐ തുടരുക തന്നെ ചെയ്യും.
17-Jan-2017
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി