ഭൂരഹിതരും സി പി ഐ - കോണ്‍ഗ്രസ് മുന്നണിയും

1972ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ 1969ലെ ബില്ലിനെ അട്ടിമറിക്കാന്‍ ഒരു ഭേദഗതി കൊണ്ടുവന്നു. അങ്ങനെ Kerala Land Reforms (Amendment) Act, 1972 പാസാക്കപ്പെട്ടു. 1969ലെ ബില്‍ ഒട്ടുമിക്ക ഇഷ്ടദാനങ്ങളെയും ഇല്ലായ്മ ചെയ്ത് കഴിയുന്നത്ര മിച്ചഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമാക്കിയെങ്കില്‍, 1972ലെ ഭേദഗതി ഇഷ്ടദാനങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ഗൂഡനീക്കമായിരുന്നു. ആ ഭേദഗതിയിലൂടെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ച ഇഷ്ടദാനങ്ങള്‍ക്ക് ഒരു കാലപരിധിയും ഏര്‍പ്പെടുത്തിയിരുന്നില്ല. സി പി ഐയും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും സുഖിപ്പിക്കാനാണ് ആ ബില്ലിന് വേണ്ടി പ്രവര്‍ത്തിച്ചത്. 1975ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ഭരിച്ചിരുന്ന സി പി ഐ - കോണ്‍ഗ്രസ് മുന്നണിക്ക് അത്യന്താപേക്ഷിതമായിരുന്നു. 1974ലെ കോടതി വിധി മറികടക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താമെന്ന് കേരള കോണ്‍ഗ്രസിന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍, 1976ല്‍ കേരള കോണ്‍ഗ്രസ് ഭരണമുന്നണിയില്‍ ചേര്‍ന്നു. മുന്നണിയുടെ ലെയിസണ്‍ കമ്മിറ്റി യോഗം 1976 ഒക്ടോബര്‍ 15ന് പ്രത്യേകമായി ചേര്‍ന്നു. പുതിയ ഇഷ്ടദാന നിയമനിര്‍മാണം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമാണ് ആ യോഗം ചേര്‍ന്നത്. ഒടുവില്‍ 1974 ലെ ഹൈക്കോടതി വിധി മറികടക്കാന്‍, കേരള കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും സമ്മര്‍ദ്ധത്തിന് വഴങ്ങി കൊണ്ടുവന്നതാണ് 1979ല്‍ പാസാക്കിയ കുപ്രസിദ്ധമായ ഇഷ്ടദാന നിയമം. 22,000 ഭൂരഹിത ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാമായിരുന്ന ഏകദേശം 14,000 ഏക്കര്‍ ഭൂമിയാണ് 1979ലെ ഇഷ്ടദാനനിയമം കാരണം നഷ്ടമായത്.

മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കാന്‍ വേണ്ടി ഇച്ഛാശക്തിയോടുകൂടി മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാരിനോട് സിപിഐ എം പറയുന്നത്. ആ പാര്‍ട്ടിയുടെ വാക്കുകള്‍ വീണ്‍വാക്കാവില്ല എന്ന് നല്ല തിരിച്ചറിവുള്ളവരാണ് മാധ്യമങ്ങളെ ഉപയോഗിച്ച് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ വേണ്ടി കുരിശ് പൊളിച്ച് ലോകമാകെ പ്രദര്‍ശിപ്പിച്ചത്.

സി പി ഐ എന്ന പാര്‍ട്ടിയും കോണ്‍ഗ്രസും യു ഡി എഫിലെ മറ്റ് കക്ഷികളും മലയാള മനോരമ, മാതൃഭൂമി തുടങ്ങിയുള്ള കുത്തക മാധ്യമങ്ങളും ഒരിക്കലും അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പമായിരുന്നില്ല. അവര്‍ ഭൂപ്രഭുക്കളുടെ, വന്‍കിടക്കാരായ കൈയ്യേറ്റക്കാരുടെ കൂടെയായിരുന്നു. മുതലാളിത്ത ശക്തികളുമായി ബാന്ധവമുള്ളതുകൊണ്ടാണ് ഈകൂട്ടര്‍ ഇ എം എസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണത്തെ അട്ടിമറിച്ചത്. അവിടെ നിന്നുവേണം മൂന്നാറിലടക്കമുള്ള കൈയ്യേറ്റങ്ങളെയും തൊഴിലാളി വഞ്ചനകളെയും വായിക്കാന്‍ തുടങ്ങാന്‍.

1957 ഏപ്രില്‍ അഞ്ചാം തീയതി അധികാരത്തില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റ്, ഏപ്രില്‍ പതിനൊന്നിന് തന്നെ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകൊണ്ട് ഭൂപരിഷ്‌ക്കരണത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കി. 1950കളുടെ ആദ്യപാതി മുതല്‍ ഭൂപരിഷ്‌കരണത്തെ സംബന്ധിച്ചുള്ള വര്‍ത്തമാനങ്ങള്‍ കേട്ട് ഭയന്ന ജന്മിമാര്‍ നിസാര ന്യായങ്ങള്‍ നിരത്തി കുടിയാന്മാരെ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. ഈ ഒഴിപ്പിക്കലുകള്‍ അടിയന്തിരമായി തടയുക എന്നതായിരുന്നു ഓര്‍ഡിനന്‍സിന്റെ മുഖ്യ ലക്ഷ്യം.

കേരളപ്പിറവി ദിനം മുതല്‍ മുന്‍കാല പ്രാബല്യത്തോടുകൂടിയാണ് ആ ഓര്‍ഡിനന്‍സ് ഒഴിപ്പിക്കലുകള്‍ തടഞ്ഞത്. ഇ എം എസ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്, 1957ല്‍ തന്നെ Kerala Stay of Eviction Proceedings Act ആക്കി പാസാക്കി. തുടര്‍ന്ന്, സമഗ്രമായ ഭൂപരിഷ്‌ക്കരണ നിയമം പാസാക്കാനുള്ള നടപടികളും ചര്‍ച്ചകളും ആരംഭിച്ചു. ഒടുവില്‍ 1957 ഡിസംബര്‍ മാസത്തില്‍ Kerala Agrarian Relations Bill, 1957 നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു.

മര്യാദപ്പാട്ടം, സ്ഥിരാവകാശം, ഭൂപരിധി നിര്‍ണയം, കുടിയാന് ഭൂമി വിലക്കുവാങ്ങാനുള്ള അവകാശം എന്നിവയായിരുന്നു 1957 നവംബര്‍ മാസം മന്ത്രി കെ ആര്‍ ഗൗരിയമ്മ ലിസ്റ്റ് ചെയ്ത ബില്ലിന്റെ നാല് അടിസ്ഥാന തത്വങ്ങള്‍. കൂടാതെ, ഭൂമിയില്‍ മധ്യവര്‍ത്തികളെയും പ്രത്യേക അവകാശങ്ങളെയും റദ്ദു ചെയ്യുക, കുടിയാന്മ സമ്പ്രദായം കാലക്രമേണ ഇല്ലാതാക്കുക, കുടികിടപ്പ് ഭൂമിയില്‍ കുടികിടപ്പുകാര്‍ക്കും അവകാശം നല്‍കുക, ഭൂബോര്‍ഡ് രൂപീകരിക്കുക, അഞ്ച് ഏക്കറില്‍ താഴെയുള്ളവര്‍ക്ക് പാട്ടബാക്കി ഉണ്ടെങ്കില്‍ അത് റദ്ദുചെയ്യല്‍ തുടങ്ങിയവയും ബില്ലിന്റെ ലക്ഷ്യങ്ങളായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്‍കിയ ഭൂപരിഷ്‌ക്കരണ മാര്‍ഗരേഖ അനുസരിച്ച്, പ്ലാന്റേഷനുകളെ (തോട്ടങ്ങളെ) ഭൂപരിധി നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരുന്നു. അങ്ങനെയല്ലാത്ത ബില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമായിരുന്നില്ല. അന്നത്തെ കേന്ദ്ര പ്ലാനിംഗ് മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ അത് സംശയമില്ലാത്തത്രയും തെളിച്ചത്തോടെ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇ എം എസ് സര്‍ക്കാരിന്റെ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ജന്മിമാരും, അവരുടെ ചങ്ങാത്ത പാര്‍ട്ടികളായ കോണ്‍ഗ്രസും പി എസ് പിയുമൊക്കെ അഴിച്ചുവിട്ടത്. നിയമസഭയ്ക്കകത്തും പുറത്തും വലിയ സമരങ്ങളും ബഹളങ്ങളുമൊക്കെ അരങ്ങേറി. കൈവശഭൂമിക്ക് പരിധി നിര്‍ണയിക്കേണ്ടത് വിസ്തീര്‍ണം നോക്കിയല്ല, മറിച്ച് ഭൂമിയില്‍ നിന്നും കിട്ടുന്ന അറ്റാദായം നോക്കി വേണമെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ എ ദാമോദരമേനോന്റെ വിചിത്രമായ ആവശ്യം. ബില്‍ പരിഗണിച്ച സെലക്ട് കമ്മിറ്റിയില്‍ ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഭിന്നാഭിപ്രായ കുറിപ്പും നല്‍കി.

എതിര്‍പ്പുകളൊക്കെ മറികടന്ന്, 1959 ജൂണിലാണ് നിയമസഭയ്ക്ക് ബില്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും കാര്‍ഷികബന്ധ ബില്ലിനും വിദ്യാഭ്യാസ നിയമത്തിനും എതിരെ വിമോചന സമരം ആരംഭിച്ചിരുന്നു. അതിന്റെ ഫലമായി കാര്‍ഷികബന്ധ ബില്‍ പാസാക്കി രണ്ടുമാസത്തിനകം, 1959 ജൂലൈ 31ന്, ഇ എം എസ് സര്‍ക്കാര്‍ പിരിച്ചു വിടപ്പെട്ടു.

പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുന്നതിന് മുമ്പായിരുന്നു ഈ ജനാധിപത്യ ധ്വംസനം. ആറുമാസത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം 1960 ഫെബ്രുവരിയില്‍ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് – പി എസ് പി മുന്നണിയാണ്. പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി.

1959ല്‍ പാസായതും എന്നാല്‍, രാഷ്ട്രപതി അംഗീകാരം നല്‍കാത്തതിനാല്‍ ലാപ്‌സായി പോയതുമായ ബില്ലിന് പകരം ഈ മുന്നണി നിയമസഭയില്‍ അവതരിപ്പിച്ചത് അങ്ങേയറ്റം വെള്ളം ചേര്‍ത്ത ഒരു പുതിയ ബില്ലായിരുന്നു; The Kerala Agrarian Relations Act (KARA), 1960. പാസാക്കിയത് 1961 ഫെബ്രുവരിയിലാണ്. വല്ലാതെ വെള്ളം ചേര്‍ത്ത ഈ ബില്ലിനെയും ജന്മിമാരും ഭൂവുടമകളും വെറുതെ വിട്ടില്ല.

അവര്‍ കോടതിയില്‍ ബില്ലിനെ ചോദ്യം ചെയ്തു. ഭരണഘടനയനുസരിച്ച് സ്വകാര്യസ്വത്തിനുമേല്‍ ജനങ്ങള്‍ക്ക് മൗലികമായ അവകാശങ്ങളുണ്ടെന്നും, ഈ അവകാശങ്ങളുടെ ലംഘനമാണ് ഭൂപരിഷ്‌കാരനിയമമെന്നുമായിരുന്നു അവരുടെ വാദം.

കോടതി ആ വാദം അംഗീകരിച്ചു.

കേരളത്തിലെ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കുന്നതിനായി കോടതികള്‍ വലതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതിന്റെ ചരിത്രം ഇവിടെനിന്നാണ് ആരംഭിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം തൊഴിലാളി ശക്തി പ്രക്ഷോഭത്തനിറങ്ങിയപ്പോള്‍ ഫാദര്‍ വടക്കന്റെ നേതൃത്വത്തിലുള്ള കര്‍ഷക തൊഴിലാളി പാര്‍ട്ടി പോലും ആ പ്രക്ഷോഭത്തോട് കൈകോര്‍ക്കാന്‍ തയ്യാറായി. തുടര്‍ന്ന് 1964ല്‍ Kerala Land Reforms Act കൊണ്ടുവരാന്‍ ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍ബന്ധിതരായി. കോടതികളുടെ പ്രതികൂല വിധികളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തിയാണ് ഈ നിയമം പാസാക്കിയെടുത്തത്.

64ലെ നിയമവും 1959ലെ Kerala Agrarian Relations Billഉം തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. 59ലെ കേരളപ്പിറവി ദിനം മുതലുള്ള എല്ലാ ഒഴിപ്പിക്കലുകളും തടഞ്ഞ ഉപവാക്യം 64ലെ ബില്ലില്‍ നിന്നും എടുത്തുമാറ്റി. അങ്ങനെ ആയിരക്കണക്കിന് ഒഴിപ്പിക്കലുകള്‍ നിയമവിധേയമായി മാറി. 59ലെ നിയമത്തില്‍ ഒരു കുടുംബത്തിന് 25 ഏക്കര്‍ ദൂരപരിധിയായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. 64ലെ നിയമത്തില്‍ അത് 36 ഏക്കറായി ഉയര്‍ത്തി. കശുമാവ്, തെങ്ങ്, കുരുമുളക്, കായലുകളില്‍ നിന്ന് കൃഷിക്കായി വീണ്ടെടുത്ത ചതുപ്പുനിലങ്ങള്‍ തുടങ്ങി, ചില പ്രത്യേകവിളകള്‍ കൃഷിചെയ്യുന്ന ഭൂമികളെ 64ല്‍ പുതിയതായി ഭൂപരിധി നിശ്ചയിക്കപ്പെടുന്നതില്‍ നിന്നും ഒഴിവാക്കിയെടുത്തു.

1959ലെ നിയമത്തില്‍ ഒരു ചെറുകിട കൃഷിക്കാരനെ നിര്‍വചിച്ചിരുന്നത്, 5 ഏക്കറില്‍ കുറഞ്ഞ ഭൂമിയുള്ള കുടുംബം എന്നായിരുന്നു. 1964ലാവട്ടെ ഇത് 24 ഏക്കറാക്കി ഉയര്‍ത്തി. ഇത്തരം മാറ്റങ്ങളിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യേണ്ട ലക്ഷക്കണക്കിന് ഏക്കര്‍ മിച്ചഭൂമി നഷ്ടപ്പെട്ടു. 1959നും 1964നും ഇടയിലുള്ള കാലദൈര്‍ഘ്യത്തില്‍ കൈയിലുണ്ടായിരുന്ന മിച്ചഭൂമിയില്‍ ഒട്ടുമുക്കാലും ജന്‍മികളും മറ്റ് വന്‍കിട ഭൂവുടമകളും ബിനാമികള്‍ക്കും സ്വന്തക്കാര്‍ക്കും കൈമാറ്റി സംരക്ഷിച്ചു.

1957നും 1966നും ഇടയിലുള്ള കാലദൈര്‍ഘ്യത്തില്‍ 2.2 ലക്ഷം ഏക്കര്‍ ഭൂമിയിലാണ് ജന്മിമാര്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത്. ഇതില്‍, 66 ശതമാനം വില്‍പ്പനയും, 33 ശതമാനം ഇഷ്ടദാനവും ആയിരുന്നു. ഈ ഭൂമിയുടെ ഏകദേശം 25 ശതമാനം കുടിയാന്മാരുണ്ടായിരുന്ന ഭൂമിയായിരുന്നു. ഇഷ്ടദാനം ചെയ്യപ്പെട്ട ഭൂമിയുടെ 76 ശതമാനവും തിരുവിതാംകൂറിലായിരുന്നു.

1957നും 1966നും ഇടയില്‍ കൈവശാവകാശം കൈമാറ്റം ചെയ്യപ്പെട്ടത് 1.9 ലക്ഷം ഏക്കര്‍ ഭൂമിയിലാണ്. ഇത്തരത്തിലുള്ള കൈമാറ്റത്തിന്റെ 85 ശതമാനവും കുടിയാന്‍ അവകാശങ്ങളുടെ കൈമാറ്റമായിരുന്നു. അതായത്, ഒന്നുകില്‍ കുടിയാന്‍ തന്റെ അവകാശം തിരിച്ചു ജന്മിക്കു മടക്കി കൊടുത്തു. അല്ലെങ്കില്‍, ജന്‍മി ചൂണ്ടിക്കാണിക്കുന്ന 'സ്വന്തംകുടിയാന്' കൈവശാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. രണ്ടായാലും, സംരക്ഷിക്കപ്പെട്ടത് ജന്മി കൈയടക്കിവെച്ച ഭൂമിയാണ്.

പ്ലാന്റേഷനുകളെ ഭൂപരിധിക്കുള്ളില്‍ നിര്‍ത്തിയാല്‍ 17.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായു് എന്നാണ് 1957ല്‍ കണക്കാക്കപ്പെട്ടത്. പ്ലാന്റേഷനുകളെ ഒഴിവാക്കിയാല്‍ ഏകദേശം 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി 1957ല്‍ കേരളത്തിലുണ്ടായിരുന്നതായും കണക്കാക്കിയിട്ടുണ്ട്. എന്നാല്‍, 1964ല്‍ Kerala Land Reforms Act അവതരിപ്പിച്ചു കൊണ്ട് അന്നത്തെ റവന്യൂമന്ത്രി നല്‍കിയ കണക്കനുസരിച്ച് കേരളത്തിലെ മിച്ചഭൂമി 1.2 ലക്ഷം ഏക്കര്‍ മാത്രമാണ്. ഏഴുവര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി നഷ്ടമായെന്ന് സാരം.

മിച്ചഭൂമി വിതരണത്തിലെ തിരിമറികളും പരാജയവും ആരംഭിക്കുന്നത് ഇവിടെ വെച്ചാണ്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകിയൊഴിയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിക്കില്ല.

1967ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ രണ്ടാമത് സര്‍ക്കാര്‍ അധികാരത്തിലെത്തി. 1967 ഏപ്രില്‍ 5ന് ആദ്യമാസത്തില്‍ തന്നെ ആ സര്‍ക്കാര്‍ ഒരു കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് പുറത്തിറക്കി.

1964ലെ നിയമം മൂലം കേരളപ്പിറവിദിനം മുതല്‍ കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയിലുള്ള അവകാശം നിഷേധിച്ചെങ്കില്‍, ഇ എം എസ് സര്‍ക്കാരിന്റെ 1967ലെ ഓര്‍ഡിനന്‍സ് വഴി ആ അവകാശങ്ങള്‍ അടിയന്തിരമായി പുനസ്ഥാപിച്ചു. Kerala Stay of Eviction Proceedings Act, 1967 ആയി ഓര്‍ഡിനന്‍സ് നിയമസഭയില്‍ പാസാക്കി. തുടര്‍ന്ന്, 1964ലെ നിയമം കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും അനുകൂലമാക്കി എങ്ങിനെ ഭേദഗതി ചെയ്‌തെടുക്കാം എന്നതിനെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങി.

1968ല്‍ തന്നെ ഒരു ബില്ലുണ്ടാക്കി കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് അയച്ചു കൊടുത്തു. പക്ഷെ, 1969 വരെ ആ ബില്ലിന് അനുമതി കൊടുത്തില്ല. ഒടുവില്‍ ഒക്ടോബര്‍ 1969ല്‍ ഭേദഗതി ചെയ്ത കാര്‍ഷികബന്ധ ബില്‍ പാസായി. അപ്പോള്‍ തന്നെ സി പി ഐ നേതൃത്വത്തില്‍ ഇ എം എസ് സര്‍ക്കാരിന്റെ കാലുവാരി.

സി പി ഐ, മുസ്ലീംലീഗ്, പി എസ് പി, ആര്‍ എസ് പി എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ ഭൂമിയുടെ പ്രശ്‌നം അന്ന് അവസാനിപ്പിക്കാനുള്ള ഇച്ഛാശക്തി ആ സര്‍ക്കാരിനുണ്ടായിരുന്നു.

1968ല്‍ Kerala Record of Rights Act, 1968 പ്രത്യേകമായി പാസാക്കപ്പെട്ടു. ഇതോടെ, കേരളത്തില്‍ കുടിയാന്‍ വ്യവസ്ഥ എന്നെന്നേക്കുമായി അവസാനിച്ചു. അഥവാ ജന്‍മിത്വഭൂപ്രഭുത്വം അവസാനിച്ചു. 1969ലെ ഇ എം എസ് സര്‍ക്കാരിന്റെ നിയമം 1964ലെ നിയമത്തിനുമേല്‍ ഒട്ടനവധി ഭേദഗതികള്‍ കൊണ്ടുവന്നുള്ള ഒരു പുതിയ ബില്ലായി തന്നെ പരിഗണിക്കേണ്ട ഒന്നാണ്. ഒരു പുതിയ ഭൂപരിഷ്‌കരണ നിയമം തന്നെയാണ് ഈ ഭേദഗതികള്‍ വഴി 1970 ജനുവരി ഒന്ന് മുതല്‍ നടപ്പില്‍ വന്നത്. അന്ന് മുതലാണ് കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കല്‍ ശരിക്കും ആരംഭിച്ചത്.

ഇ എം എസ് മന്ത്രിസഭയെ അട്ടിമറിച്ച സി പി ഐയും കോണ്‍ഗ്രസും ലീഗുമൊക്കെ ചേര്‍ന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ അടിത്തറ, ഭൂപരിഷ്‌കരണത്തിന് അനുകൂലമായിരുന്നില്ല. ബൂര്‍ഷ്വാഭൂപ്രഭുക്കന്‍മാരുടെ കൂടെയായിരുന്നു ആ സര്‍ക്കാരിന്റെ നില്‍പ്പ്. അപ്പോഴാണ് 1969 ഡിസംബര്‍ മാസത്തില്‍ ആലപ്പുഴയില്‍ വെച്ച് രണ്ടാായിരത്തോളം കര്‍ഷകരും കര്‍ഷക തൊഴിലാളികളും പങ്കെടുത്ത ഒരു മഹാസമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. മൂന്ന് ലക്ഷത്തിലേറെപ്പേര്‍ പങ്കാളികളായ വന്‍ റാലിയും അതിന്റെ ഭാഗമായി നടന്നു. എ കെ ജി, ഇ എം എസ്, ഹരേകൃഷ്ണ കോനാര്‍, പി സുന്ദരയ്യ തുടങ്ങിയവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു. ഇനിയും ഭൂപരിഷ്‌കരണം നീട്ടിക്കൊുപോകാന്‍ സമ്മതിക്കില്ല എന്ന് സമ്മേളനം പ്രഖ്യാപിച്ചു. നിയമം അംഗീകരിച്ചാലും ഇല്ലെങ്കിലും 1970 ജനുവരി 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി കണക്കാക്കി കര്‍ഷക-കര്‍ഷക തൊഴിലാളികള്‍ ഭൂമിയില്‍ കുടില്‍ക്കെട്ടുമെന്ന എ കെ ജിയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം അവിടെവെച്ചാണ് ഉണ്ടായത്.

സി പി ഐ - കോണ്‍ഗ്രസ് - ലീഗ് സര്‍ക്കാരിന് ആ പ്രഖ്യാപനത്തിലെ ദൃഡത മനസിലാക്കാന്‍ സാധിച്ചു. കേരളം സമരഭരിതമായാല്‍ തങ്ങളുടെ ഭരണകൂടഉപകരണങ്ങള്‍ കൊണ്ട് നേരിടാന്‍ സാധിക്കില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ആലോചിച്ച് നിയമം നടപ്പിലാക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റില്‍ സ്വാധീനം ചെലുത്തി. അങ്ങനെയാണ് നിയമം പാസാക്കപ്പെട്ടത്.

എന്നാല്‍, അച്യുതമേനോന്‍ സര്‍ക്കാര്‍, സീലിംഗ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. 1970ലെ നിയമം അനുസരിച്ച് കേരളത്തിലെ എല്ലാ കുടുംബങ്ങളും നിര്‍ബന്ധമായും സീലിംഗ് റിട്ടേണുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. 1972 മാര്‍ച്ച് വരെ മൊത്തം 60,000 ഏക്കര്‍ മിച്ചഭൂമി കൈവശമുണ്ടായിരുന്ന 691 പേരുടെ സീലിംഗ് റിട്ടേണുകള്‍ മാത്രമേ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നുള്ളു. എന്നാല്‍, 1964ലെ റവന്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്, കേരളത്തില്‍ 4200 പേരുടെ കൈയ്യില്‍ മിച്ചഭൂമിയുണ്ട് എന്നായിരുന്നു.

അച്യുതമേനോന്‍ സര്‍ക്കാരിന്റെ നടപടികള്‍ ഭൂസ്വാമിമാര്‍ക്ക് അനുകൂലമായിരുന്നു. സര്‍ക്കാരിന്റെ നയം ഭൂസമരം അട്ടിമറിക്കാനുള്ള അടവാണെന്ന് മനസിലായപ്പോള്‍ 1972 മെയ് മാസം കൊച്ചിയില്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളും ഒരു സമ്മേളനം വിളിച്ചുചേര്‍ത്തു. മിച്ചഭൂമി സമരം ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനെ ചോരയില്‍മുക്കി കൊല്ലാനാണ് സിപിഐ-കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാര്‍ ശ്രമിച്ചത്.

1972 മെയ് മുതല്‍ ആഗസ്റ്റ് വരെ 80 ദിവസവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 47 ദിവസവും നീണ്ടുനിന്ന ചരിത്രപരമായ ആ സമരത്തില്‍ വോളന്റിയര്‍മാര്‍ മിച്ചഭൂമികളില്‍ കയറി. കര്‍ഷക തൊഴിലാളികള്‍ ഭൂമിയില്‍ അവകാശമുറപ്പിച്ചു. ഇത്രയൊക്കെയായിട്ടും, മെയ് 1973 വരെയുള്ള കണക്കെടുത്താല്‍, വിതരണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി വെറും 956 ഏക്കര്‍ മാത്രമാണ്.

1972ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ 1969ലെ ബില്ലിനെ അട്ടിമറിക്കാന്‍ ഒരു ഭേദഗതി കൊണ്ടുവന്നു. അങ്ങനെ Kerala Land Reforms (Amendment) Act, 1972 പാസാക്കപ്പെട്ടു. 1969ലെ ബില്‍ ഒട്ടുമിക്ക ഇഷ്ടദാനങ്ങളെയും ഇല്ലായ്മ ചെയ്ത് കഴിയുന്നത്ര മിച്ചഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമാക്കിയെങ്കില്‍, 1972ലെ ഭേദഗതി ഇഷ്ടദാനങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ഗൂഡനീക്കമായിരുന്നു. ആ ഭേദഗതിയിലൂടെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ച ഇഷ്ടദാനങ്ങള്‍ക്ക് ഒരു കാലപരിധിയും ഏര്‍പ്പെടുത്തിയിരുന്നില്ല.

സി പി ഐയും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും സുഖിപ്പിക്കാനാണ് ആ ബില്ലിന് വേണ്ടി പ്രവര്‍ത്തിച്ചത്. 1969ലെ സെക്ഷന്‍ 83, 84 എന്നിവ കൂട്ടുകുടുംബവ്യവസ്ഥ അംഗീകൃതമായ ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ക്ക് അനുകൂലവും, അംഗീകൃതമല്ലാത്ത മുസ്ലിം ക്രിസ്ത്യന്‍ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് പ്രതികൂലവുമാണെന്ന വിചിത്രമായ വാദമുയര്‍ത്തിയാണ് അച്യുതമേനോന്‍ സര്‍ക്കാര്‍ 72ലെ ഭേദഗതി കൊണ്ടുവന്നത്.

ഈ ഭേദഗതിയുടെ ഗുണഭോക്താക്കള്‍ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ഭൂപ്രമാണിമാര്‍ മാത്രമായിരുന്നു. ഇതേ സമുദായങ്ങളിലെ ഭൂരഹിതര്‍ക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി ഇത് വഴി നഷ്ടപ്പെട്ടു.

ഈ നിയമത്തെ കേരള ഹൈക്കോടതി 1974ല്‍ അസാധുവാക്കി.

1975ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ഭരിച്ചിരുന്ന സി പി ഐ - കോണ്‍ഗ്രസ് മുന്നണിക്ക് അത്യന്താപേക്ഷിതമായിരുന്നു. 1974ലെ കോടതി വിധി മറികടക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താമെന്ന് കേരള കോണ്‍ഗ്രസിന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍, 1976ല്‍ കേരള കോണ്‍ഗ്രസ് ഭരണമുന്നണിയില്‍ ചേര്‍ന്നു. മുന്നണിയുടെ ലെയിസണ്‍ കമ്മിറ്റി യോഗം 1976 ഒക്ടോബര്‍ 15ന് പ്രത്യേകമായി ചേര്‍ന്നു. പുതിയ ഇഷ്ടദാന നിയമനിര്‍മാണം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമാണ് ആ യോഗം ചേര്‍ന്നത്. ഒടുവില്‍ 1974 ലെ ഹൈക്കോടതി വിധി മറികടക്കാന്‍, കേരള കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും സമ്മര്‍ദ്ധത്തിന് വഴങ്ങി കൊണ്ടുവന്നതാണ് 1979ല്‍ പാസാക്കിയ കുപ്രസിദ്ധമായ ഇഷ്ടദാന നിയമം.

മിച്ചഭൂമി ഇല്ലാതാക്കുന്നതില്‍ ഇഷ്ടദാനനിയമം വഹിച്ച പങ്ക് കുപ്രസിദ്ധമാണ്. ഇഷ്ടദാനനിയമമനുസരിച്ച് നഷ്ടപ്പെട്ട ഭൂമിയുടെ കണക്ക് പണ്ഡിതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത സാമ്പത്തിക വിദഗ്ദന്‍ പി. കെ. മൈക്കിള്‍ തരകന്റെ കണക്കുകള്‍ പ്രകാരം 22,000 ഭൂരഹിത ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാമായിരുന്ന ഏകദേശം 14,000 ഏക്കര്‍ ഭൂമിയാണ് 1979ലെ ഇഷ്ടദാനനിയമം കാരണം നഷ്ടമായത്.

സി പി ഐക്ക് ഈ വിഷയത്തില്‍ ഇപ്പോള്‍ വല്ലതും പറയാനുണ്ടോ? അടിയന്തരാസ്ഥയില്‍ പങ്കാളിയായതില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ സി പി ഐ, ഭൂരഹിത ദളിത് വിഭാഗത്തോട് കാലില്‍ വീണ് മാപ്പ് പറയാന്‍ തയ്യാറാവണം.

എന്നിട്ടാവാം കമ്യൂണിസ്റ്റ് നാട്യങ്ങള്‍. കേരള ചരിത്രത്തില്‍ സി പി ഐ കൈക്കൊണ്ട വര്‍ഗവഞ്ചനാപരമായ നിലപാടുകള്‍ മനസിലാക്കുമ്പോഴാണ്, “വെക്കട വലതാ ചെങ്കൊടി താഴെ”യെന്ന് തൊഴിലാളി വര്‍ഗം പറഞ്ഞുപോകുന്നത്. അതില്‍ കാനം രാജേന്ദ്രനും കൂട്ടരും കുണ്ഡിതപ്പെടേണ്ട കാര്യമില്ല.

08-May-2017