ന്യൂസ് 18ലെ ദളിത് പെണ്‍കുട്ടി
സീതപുലയി
സ്ത്രീയുടെ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഒരു വശത്ത് ഫ്യൂഡല്‍ പുരുഷമേധാവിത്വ വ്യവസ്ഥയേയും മറുവശത്ത് ആഗോള ഇരപിടിയന്‍ മുതലാളിത്തത്തേയും ഒരേ സമയം ചെറുക്കേണ്ടതുണ്ട്. ന്യൂസ് 18ലെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇത് വളരെയേറെ പ്രസക്തമാണ്. നവലിബറല്‍ സാമ്രാജ്യത്വത്തിന്റെ കാലം നീതി നിഷേധങ്ങളുടെ കാലം കൂടിയാണ്. ലോകം ഒരു വിപണിയായി പരിണമിച്ചുകൊണ്ടിരിക്കുമ്പോള്‍ വിപണിയിലെ കോലാഹലങ്ങള്‍ക്കിടയില്‍ സാമാന്യ നീതിയ്ക്കായുള്ള മുറവിളികള്‍ കേള്‍ക്കാതെ പോകുന്ന ദുരന്തകാലം കൂടിയാണത്. ആ കാലഘട്ടത്തിലെ ആഗോള ചന്തയില്‍ നിന്നും ജൈവലോകത്തെ തിരിച്ചുപിടിക്കാന്‍, മാനവീകതയെ പുനപ്രതിഷ്ഠിക്കാന്‍ സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിവുണ്ടായേ മതിയാവൂ. |
ന്യൂസ് 18ലെ ദളിത് പെണ്‍കുട്ടി ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. അവള് ആത്മഹത്യചെയ്യാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ആ പെണ്‍കുട്ടി. ഇപ്പോള്‍ നില, കുറച്ച് മെച്ചപ്പെട്ടെന്ന് തോന്നുന്നു.
പെണ്‍കുട്ടിയുടെ പരാതി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ തൊഴിലിടത്തില്‍ പീഡനത്തിനിരയായി എന്നും ജാതി വിവേചനം അനുഭവപ്പെട്ടുവെന്നുമാണ് അവള് പറയുന്നത്. ഇതിനപ്പുറം എന്താണ് സംഭവിക്കേണ്ടത്? അവള് പിച്ചിചീന്തപ്പെടണോ ? ചാനല്പ്പുരയുടെ മുകളില്‍ നിന്നും കീഴ്പ്പോട്ട് വലിച്ചെറിയപ്പെടണോ? പീഡനം ഗൗരവമുള്ളതല്ല, ഗൗരവമുള്ളതാണ് എന്നൊക്കെ നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡം ആരാണ് നിശ്ചയിക്കുന്നത്? ചില മാധ്യമ പുംഗവന്മാര് പറയുന്നിടത്ത് നിന്നും ചര്‍ച്ച തുടങ്ങിയാല്‍ മതി എന്ന തിട്ടൂരം ഒരു പുരോഗമന സമൂഹത്തിന്റെ നെറുകയിലേക്ക് അടിച്ചിറക്കുന്ന മാധ്യമ മന്ത്രവാദവും ആഭിചാരവും ഇനിയും വിലപ്പോവില്ല.
പെണ്‍കുട്ടി വെറുതെ അഭിനയിക്കുകയാണെന്നാണ് ചില മാധ്യമ കേസരികള്‍ പറയുന്നത്! തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന് അഭിനയിക്കാന്‍, ആ ആശുപത്രി പാവപ്പെട്ട ദളിത് യുവതിയുടെ കുടുംബസ്വത്തല്ല. അങ്ങനെയെങ്കില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അത് തെളിവോടെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ബാധ്യസ്ഥരാണ്. ചില മാധ്യമ പ്രവര്‍ത്തകര്‍ പറയുന്ന തൊടുന്യായങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി, മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീചൂഷണത്തെ ലളിതവല്‍ക്കരിക്കുന്നവര്‍ രാഷ്ട്രീയം ചോര്‍ന്നുപോയ അരാഷ്ട്രീയ സ്ഥലികളില്‍ കാലൂന്നിയാണ് നില്‍ക്കുന്നത്.
പെണ്‍കുട്ടി ആത്മഹത്യയ്്ക്ക് ശ്രമിച്ചത് ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോഴാണ്. ആ പിരിച്ചുവിടല്‍ ജാതീയമായ ഉച്ഛനീചത്വത്തിന്റെ ഭാഗമാണ്. സ്ത്രീ സ്വത്വത്തെ എങ്ങിനെ വേണമെങ്കിലും കൈകാര്യം ചെയ്യാമെന്ന കോര്‍പ്പറേറ്റ് മനോഭാവത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിഞ്ഞിട്ടും ഈ പീഡനത്തിനെതിരെ ശബ്ദമുയര്‍ത്താതെ നിശബ്ദത പാലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പിറകിലോട്ടൊന്ന് നോക്കണം. പെരുമ്പാവൂരിലെ ജയന്തനെ ആഘോഷിക്കുമ്പോള്‍, അത്തരത്തിലുള്ള മറ്റ് വാര്‍ത്തകളിലൂടെ ന്യൂസ് ഡസ്കിലിരുന്ന് അര്‍മാദിക്കുമ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാധ്യമ നൈതീകത? ജയന്തന് പരാതിക്കാരിയെ പീഡിപ്പിച്ചു എന്നുറപ്പ് വരുത്തിയാണോ നിങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്? ജയന്തന് ലഭിച്ച മാധ്യമ നീതിക്കപ്പുറം തങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആഗ്രഹം എങ്ങിനെയാണുണ്ടാവുന്നത്? മാധ്യമ പ്രവര്‍ത്തകര്‍ വിശുദ്ധ പശുക്കളാണോ? മാധ്യമ സ്ഥാപനങ്ങളിലെ ആണധികാരങ്ങള്‍ക്ക് പെണ്ണിനെ കണ്ണിനിഷ്ടപ്പെട്ടില്ലെങ്കില്, നാവിന് രുചിച്ചില്ലെങ്കില്‍ എന്തും പറയും പ്രവര്‍ത്തിക്കും എന്ന ധാര്‍ഷ്ട്യം ഫ്യൂഡല്‍ മേല്ക്കോയ്മയില് നിന്നും ഒരര്‍ത്ഥത്തിലും വ്യത്യാസപ്പെട്ടുനില്ക്കുന്നില്ല.
ചില ഫേസ്ബുക്ക് ബുദ്ധിജീവികള്‍ പണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ ഡി റ്റി പി ചെയ്യിപ്പിച്ചതിന്റെയും ന്യൂസ് ഡെസ്കിള് ചീത്ത വിളി കേട്ടതിന്റെയും പഴമ്പുരാണങ്ങള് വിളമ്പി അതൊക്കെ പതിവാണെന്നും തങ്ങളടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ വളര്‍ച്ചയ്ക്ക് ആ രീതികള്‍ സഹായകമായിരുന്നു എന്നും പ്രസ്താവിക്കുന്നത് കണ്ടു. നിങ്ങളുടെ 'വളര്‍ച്ച' എത്രമാത്രം പരിതാപകരമാണെന്ന് മനസിലാക്കാന്‍ ആ ഫേസ്ബുക്ക് പോസ്റ്റുമാത്രം ധാരാളമാണ്. പീഡനങ്ങളിലൂടെ വളര്ത്തിയെടുക്കപ്പെടേണ്ടതാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ വേഗവും താളവും ദിശയുമെന്ന ഇക്വേഷന് പുരോഗമന സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് നിങ്ങള്‍ സ്വയം പരിശോധിക്കുക.
സ്ത്രീയുടെ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഒരു വശത്ത് ഫ്യൂഡല്‍ പുരുഷമേധാവിത്വ വ്യവസ്ഥയേയും മറുവശത്ത് ആഗോള ഇരപിടിയന്‍ മുതലാളിത്തത്തേയും ഒരേ സമയം ചെറുക്കേണ്ടതുണ്ട്. ന്യൂസ് 18ലെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇത് വളരെയേറെ പ്രസക്തമാണ്. നവലിബറല്‍ സാമ്രാജ്യത്വത്തിന്റെ കാലം നീതി നിഷേധങ്ങളുടെ കാലം കൂടിയാണ്. ലോകം ഒരു വിപണിയായി പരിണമിച്ചുകൊണ്ടിരിക്കുമ്പോള്‍ വിപണിയിലെ കോലാഹലങ്ങള്‍ക്കിടയില്‍ സാമാന്യ നീതിയ്ക്കായുള്ള മുറവിളികള്‍ കേള്‍ക്കാതെ പോകുന്ന ദുരന്തകാലം കൂടിയാണത്. ആ കാലഘട്ടത്തിലെ ആഗോള ചന്തയില്‍ നിന്നും ജൈവലോകത്തെ തിരിച്ചുപിടിക്കാന്‍, മാനവീകതയെ പുനപ്രതിഷ്ഠിക്കാന്‍ സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിവുണ്ടായേ മതിയാവൂ.
ന്യൂസ് 18ലെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തെ പലരും കണ്ടില്ലെന്ന് നടിക്കുന്നതിനുള്ള പ്രധാന കാരണം ന്യൂസ് 18ല്‍ നിന്നും ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടികളോടൊപ്പം പിരിച്ചുവിടപ്പെട്ടവരില്‍ പഴയ എ ബി വി പി പ്രവര്‍ത്തകര്‍ ഉണ്ടെന്നതും ഈ സംഭവത്തെ ന്യൂസ് 18ലെ ഇടതുപക്ഷ അനുഭാവികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പഴയ എ ബി വി പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉപയോഗിക്കുന്നു എന്നതുമാണ്. എത്ര ബാലിശമായ വാദമാണിത്! ന്യൂസ് 18 ന്റെ മാനേജ്മെന്റ് എ കെ ജി സെന്ററിലാണോ ഇരിക്കുന്നത്? ആരുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമാണ് ന്യൂസ് 18? രാജ്യത്തെ എറ്റവും വലിയ കോര്‍പ്പറേറ്റ് ഭീമന്മാരായ റിലയന്‍സാണ് ആ മാധ്യമ സ്ഥാപനത്തെ നിയന്ത്രിക്കുന്നത്. അവര്‍ ഈ വാര്ത്താശൃംഘല തുടങ്ങിയത് തങ്ങളുടെ കോര്‍പ്പറേറ്റ് കുടുംബത്തിന് സഹായകമാവാന്‍ വേണ്ടിയാണ്. തങ്ങള്‍ക്ക് ഗുണകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ്. അതിലൂടെ തങ്ങളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ലാഭം കുന്നുകൂട്ടാന്‍ വേണ്ടിയാണ്. നരേന്ദ്രമോഡി എന്ന സംഘപരിവാര്‍ പ്രധാനമന്ത്രിയുടെ ടീമിന്റെ നിയന്ത്രണത്തിലുള്ളതാണ് ന്യൂസ് 18 എന്ന മാധ്യമ ശൃംഖല. അത്തരമൊരു സംഘി ഗുഹയിലിരുന്നാണ് എ ബി വി പിക്കെതിരെ പറഞ്ഞുകൊണ്ട് പെണ്‍കുട്ടി അഭിമുഖീകരിച്ച ഗൗരവപരമായ പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ശ്രമിക്കുന്നത്.
ഏത് കൊടികെട്ടിയ ഇടതുപക്ഷക്കാരനായാലും പെണ്ണിനെതിരെ നാവുയര്‍ത്തുമ്പോള്‍, അവളെ ശബ്ദമുയര്‍ത്തി അടിച്ചിരുത്താനും പേശിബലം കാട്ടി കീഴിലാണെന്ന് പ്രഖ്യാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അതെവിടുത്തെ രീതിയായാലും തുടര്‍ച്ചയായാലും തിരുത്തപ്പെടേണ്ടതാണ്. ആ തിരുത്തല്‍ മാധ്യമ സ്ഥാപനങ്ങളിലും ഉണ്ടായേ മതിയാവൂ.
എത്ര പുരോഗമനവാദികളായാലും ജാതിയും നിറവും അവര്‍ക്ക് എപ്പോഴെങ്കിലും വിഷയമായി മാറുന്നുവെങ്കില്‍ അത് അപലപനീയം തന്നെയാണ്. തൊലിയുടെ നിറവും ജാതിയും തമ്മിലുള്ള ബാന്ധവം കേരളത്തില്‍പ്പോലും ഭൂരിഭാഗം ജനങ്ങളും അനുഭവിക്കുന്ന ജീവിത യാഥാര്‍ത്ഥ്യമാണ്. നിരവധി അടിച്ചമര്‍ത്തലുകള്‍ക്ക് ഘടന നിശ്ചയിക്കുകയും രൂപം നല്‍കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. കള്ളികളായി തിരിക്കപ്പെട്ട അത്തരമൊരു സമൂഹത്തില്‍ എത്രയെത്ര ഘടകങ്ങള്‍ ചേര്‍ന്നാണ് സ്ത്രീയുടെ അന്തസും ആത്മസത്തയും നിര്‍ണയിക്കുന്നത്? വെളുത്ത തൊലിയില്ലാത്തതുകൊണ്ട് താഴ്ന്ന ജാതിക്കാരിയെന്ന് അവഗണിക്കപ്പെടുന്ന നമ്മളില്‍ പലരുടെയും വിലയും നിലയും സൗന്ദര്യവും അന്തസുമെല്ലാം തൊലിവെളുപ്പെന്ന ഒറ്റ ഘടകത്താല്‍ മാത്രം നിശ്ചയിക്കപ്പെടുന്നതല്ല. അവിടെ നിര്‍ണായക ഘടകം ജാതിയാണ്. അത് സമൂഹം നമ്മളെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ആ ബോധ്യം ന്യൂസ് 18ലെ ദളിത് പെണ്‍കുട്ടിയുടെ പിരിച്ചുവിടലിലൂടെ അമര്ത്തിയുറപ്പിക്കപ്പെടുകയാണ്. ആ കുട്ടിക്ക് നീതി ലഭിക്കണം.
നീതി ലഭിക്കേണ്ടത് സംഘികള്‍ പ്രചരിപ്പിക്കുന്നത് പോലെ ചില മാധ്യമ പ്രവര്‍ത്തകരില്‍ നിന്നല്ല, സംഘിബോധം ഉള്ളില്‍പ്പേറി കുടിലമായി ചിരിക്കുന്ന, ജീവനക്കാരെ ഭിന്നിപ്പിച്ച് ഭരണം സുഗമമാക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ നിന്നാണ്. അവര്‍ക്കെതിരായാണ് പ്രതിഷേധം ഉയരേണ്ടത്.
15-Aug-2017
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി