ഗെയിൽ പൈപ്പ് ലൈൻ എതിർപ്പിന് പിന്നിൽ

ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗത്തുള്ള ഏതെങ്കിലും പൗരന് പദ്ധതിയെ സംബന്ധിച്ചോ, സുരക്ഷ സംബന്ധിച്ചോ, നഷ്ടപരിഹാരം സംബന്ധിച്ചോ സംശയമുണ്ടെങ്കില്‍ അത് തീര്‍ത്തുകൊടുക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. പദ്ധതിയുടെ തുടക്കത്തില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള ആശങ്കകള്‍ ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ സിപിഐ എം തന്നെ ജനങ്ങളുടെ ആശങ്കകള്‍ തീര്‍ക്കുന്നതിനായി അധികൃതരെ സമീപിച്ചിരുന്നു. ആശങ്കകള്‍ പരിഹരിച്ചപ്പോഴാണ് എറണാകുളം ജില്ലയിലൊക്കെ പൈപ്പിടല്‍ സുഗമമായി നടന്നത്. മുക്കത്തും ജനങ്ങള്‍ക്ക് സംശയനിവാരണം വരുത്തുന്നതിന്, ആശങ്കകള്‍ പരിഹരിക്കുന്നതിന് തടസമൊന്നുമില്ല. അവിടെ മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന്റെ ആശിര്‍വാദത്തോടെ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ കലാപത്തിനായി ശ്രമിക്കുന്നതാണ് വിഷയം. കലാപമുണ്ടാക്കി എവിടെയും ഒരു സംശയവും ദുരീകരിച്ചിട്ടില്ല. അത് മനസിലാക്കാനുള്ള കഴിവ് രമേശ് ചെന്നിത്തലയ്ക്ക് വേണം.

ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുവാനാണ് വിധ്വംസക ശക്തികള്‍ ശ്രമിക്കുന്നത്. എറണാകുളം പുതുവൈപ്പില്‍നിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട്ടെത്തി, അവിടെനിന്നും മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും പൈപ്പുവഴി പ്രകൃതിവാതകം കൊണ്ടുപോകുന്നതാണ് ഈ പദ്ധതി. 2018 ജൂണില്‍ ഇത് കമീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ആകെ 460 കിലോമീറ്റര്‍ നീളത്തിലാണ് ഇതിനായുള്ള പൈപ്പ് സ്ഥാപിക്കുന്നത്. പല ഭാഗങ്ങളിലും പ്രവൃത്തി ഘട്ടങ്ങളായി പുരോഗമിക്കുന്നുമുണ്ട്. പൈപ്പിടാന്‍ കുഴിക്കുമ്പോള്‍ 20 മീറ്റര്‍ വീതിയിലാണ് കുഴിക്കുക. 24 ഇഞ്ച് പൈപ്പിട്ട് കുഴി മൂടിയാല്‍ 10 മീറ്റര്‍ നിലത്തെ മാത്രമേ ബാധിക്കുകയുള്ളു എന്നതാണ് വസ്തുത.

ഗെയില്‍ ഗ്യാസ് പൈപ്പ് സുരക്ഷിതമല്ലെന്നാണ് ജനങ്ങളില്‍ ആശങ്കയുണര്‍ത്താനായി പ്രചരിപ്പിക്കുന്നത്. വായുവിനെക്കാള്‍ മര്‍ദം കുറഞ്ഞതാണ് പ്രകൃതിവാതകം. അതിനാല്‍ ഇവ മേല്‍പ്പോട്ട് ഉയര്‍ന്നുപൊങ്ങും. പാചകവാതകമായി ഉപയോഗിക്കുന്ന എല്‍പിജി പോലെ ഇവ താഴെ തളംകെട്ടി നില്‍ക്കുന്നില്ല. ഇതിനുപുറമെ പ്രകൃതിവാതകം സ്വയം കത്തുന്നതിനുള്ള ചൂട് 580 ഡിഗ്രി സെല്‍ഷ്യസ് ആണ്. എല്‍പിജിയുടേത് 480 ഡിഗ്രി സെല്‍ഷ്യസും. ഇക്കാരണങ്ങളാല്‍ എല്‍പിജിയേക്കാള്‍ സുരക്ഷിതമാണ് പ്രകൃതിവാതകം. വാതകത്തിന് തനിയെ തീപിടിക്കുമെന്ന് പറയുന്നതും ശരിയല്ല. ഓക്‌സിജന്‍, ഇഗ്‌നീഷ്യന്‍ സ്രോതസ്സ്, പ്രകൃതിവാതകം ഇവ വേണ്ട മാത്രയില്‍ ചേര്‍ന്നാല്‍ മാത്രമേ തീപിടിക്കുകയുള്ളു.

അതീവസുരക്ഷയോടെയാണ് വാതകപൈപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. അതിനാല്‍ വാതകം ചോരാനുള്ള ഒരു സാഹചര്യവുമില്ല. അങ്ങനെയൊരു ചരിത്രവുമില്ല. അഥവാ ചോര്‍ന്നാലോ? ഈ പ്രകൃതിവാതകം തനിയെ തീപിടിക്കില്ല. ഓക്‌സിജനുപുറമേ 580 ഡിഗ്രി ഊഷ്മാവ് നല്‍കാവുന്ന സ്രോതസ്സുകൂടി ഉണ്ടെങ്കിലേ പ്രകൃതിവാതകം തീപിടിക്കുകയുള്ളു. ഗ്യാസ് കടന്നുപോവാനുപയോഗിക്കുന്ന പൈപ്പ് തുരുമ്പിക്കാനും സാധ്യതയില്ല. നിര്‍മാണ സമയത്തും പ്രവൃത്തിക്കുന്ന സുരക്ഷാനടപടികള്‍ പാലിച്ചാണ് വാതകപൈപ്പുകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. 24 മണിക്കൂറും പൈപ്പ്‌ലൈന്‍ നിരീക്ഷിക്കും. പൈപ്പിനകത്തേക്ക് ചെറിയതോതില്‍ വൈദ്യുതി കടത്തിവിട്ടുള്ള അതിനൂതനവും ചെലവേറിയതുമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

ഭൂമി കൈമാറേണ്ടി വരുമോ? വീട് പൊളിക്കേണ്ടി വരുമോ?
ഗെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി ഒരു വീടുപോലും പൊളിക്കേണ്ട ആവശ്യമില്ല. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനോ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യക്കോ കൈമാറേണ്ട കാര്യവുമില്ല. കേരളത്തിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന 60 ശതമാനം സ്ഥലവും വയലാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ മിക്കവാറും തെങ്ങ്, കവുങ്ങ് തോട്ടങ്ങളാണ്. ചിലയിടങ്ങളില്‍ പുരയിടങ്ങളുമുണ്ട്. ഇവിടെ നിന്നും വല്ല മരവും മുറിച്ചുമാറ്റുന്നുവെങ്കില്‍ അവയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നുമുണ്ട്.

ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നിശ്ചയിച്ചത് വിവിധ വിളകളുടെ ഉല്‍പ്പാദനവും വിലയും കണക്കിലെടുത്താണ്. ഇതനുസരിച്ച് ഒരു തെങ്ങിന് 12078 രൂപയാണ് നല്‍കുക. കവുങ്ങിന് 3934 രൂപയും മാവിന് 11750 രൂപയും തേക്കിന് 43840 രൂപയും ആഞ്ഞിലിയ്ക്ക് 8850 രൂപയും വാഴയ്ക്ക് 320രൂപയും റബ്ബറിന് 5443 രൂപയും ജാതിയ്ക്ക് 54562 രൂപയും പ്‌ളാവിന് 8710 രൂപയും കപ്പയ്ക്ക് 68 രൂപയും നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുണ്ട്. നിലവിലുള്ള സ്ഥിതിയനുസരിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീര്‍ത്തടം എന്നീ വകയില്‍ 880 ഏക്കറുമായി മൊത്തം 1257 ഏക്കറാണ് പദ്ധതിക്കായി വേണ്ടിവരുന്നത്.

രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ 30 മീറ്റര്‍ ഭൂമി എടുക്കുമ്പോള്‍ കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് നിര്‍മാണത്തിന് നോട്ടിഫൈ ചെയ്തത് 20 മീറ്ററാണ്. പൈപ്പിടാനായി കുഴിക്കുന്നത് ഇരുപത് മീറ്റര്‍ സ്ഥലത്താണെങ്കിലും ആ കുഴി മൂടിയാല്‍ 10 മീറ്റര്‍ ഭൂമി മാത്രമാണ് പൈപ്പിന് മുകളില്‍ ബാധകമാവുക. തുടര്‍ന്ന് പൈപ്പ് കടന്നുപോകുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ ഒരു തടസ്സവുമുണ്ടാവില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം ഈ പദ്ധതിമൂലം മാറേണ്ട കാര്യവുമില്ല. രാജ്യത്ത് എവിടെയും പൈപ്പ് ലൈനിനുവേണ്ടി ഒരു വീടുപോലും പൊളിച്ചിട്ടില്ലെന്നതാണ് വസ്തുത. പൈപ്പ് സ്ഥാപിക്കുന്ന ഭാഗം വേലികെട്ടി തിരിക്കുമെന്ന പ്രചാരണവും തെറ്റാണ്. ഒന്നര മീറ്റര്‍ ആഴത്തിലാണ് പൈപ്പ് കുഴിച്ചിടുന്നത്. പൈപ്പിട്ടതിന്റെ മുകളില്‍ കൃഷിയിറക്കാം, റോഡ് പണിയാം.

മൗദൂദിസ്റ്റുകളുടെയും സുഡാപ്പികളുടെയും എതിര്‍പ്പ്
ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ നാട്ടിലാകെ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും. പദ്ധതിയെ സംബന്ധിച്ച് നാട്ടുകാരില്‍ ഭീതിജനകമായ പ്രചാരണം നടത്തുകയും അവരെ തെരുവിലിറക്കുകയും ചെയ്യാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. മാന്യമായ നഷ്ടപരിഹാരം വാങ്ങി പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാവുന്നവരെ പോലും പുറത്തുനിന്നെത്തിയ മൗദു-സുഡു ആക്റ്റിവിസ്റ്റുകള്‍ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുന്നു.

ഇപ്പോള്‍ സമരം നടക്കുന്ന മുക്കത്ത് അയല്‍ജില്ലയില്‍നിന്നുള്ള നിരവധിയാളുകള്‍ തമ്പടിച്ചിട്ടുണ്ട്. ഇവര്‍ ആക്രമണത്തിനുള്ള ആഹ്വാനമാണ് നല്‍കുന്നത്. യു ഡി എഫില്‍ നിന്നുള്ള ചില നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്. കോണ്‍ഗ്രസ് നേതാവായ എം ഐ ഷാനവാസ് എംപിയുടെ നേതൃത്വത്തിലുള്ള സംഘവും ഇവിടെ സജീവമാണ്. ഒരുവിഭാഗം മുസ്ലീംലീഗുകാരും ആക്രമികളെ പിന്തുണക്കുന്നുണ്ട്. എസ് ഡി പി ഐ, സോളിഡാരിറ്റി, വെല്‍ഫെയര്‍പാര്‍ടി തുടങ്ങിയ സംഘടനകളാണ് സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. അവരാണ് കഴിഞ്ഞ ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പ്രകോപനമുണ്ടാക്കി ആക്രമണം നടപ്പിലാക്കുക എന്ന തന്ത്രമാണ് ഈ കൂട്ടര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചും പൊലീസിനുനേരെ അതിക്രമം കാട്ടിയും ഭീകരത സൃഷ്ടിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. തങ്ങളുടെ സംഘടനകളെ ഈ സമരത്തിലൂടെ സജീവമാക്കാനാണ് ശ്രമം. വന്‍ സാമ്പത്തിക സഹായവും സമരത്തിനായി ലഭിക്കുന്നുണ്ട്. മലയോര മേഖലയില്‍ 'കിനാലൂര്‍ മോഡല്‍' സമരത്തിനാണ് മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന്റെ സഹകരണത്തോടെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുന്നത്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി ഭീതിവിതച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇവരുടെ ഉദ്ദേശം. സമരം നടത്തുന്ന പ്രദേശത്ത് കുഴപ്പമുണ്ടാക്കാനായി ബോധപൂര്‍വമായ ശ്രമങ്ങള്‍ പലപ്പോഴായി നടന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സമരാനുകൂലികള്‍ റോഡില്‍ ജുമാ നമസ്‌ക്കാരം നടത്തിയതൊക്കെ വര്‍ഗീയ വികാരം ഉണര്‍ത്താനുള്ള തന്ത്രമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീറാണ് അത്തരത്തിലുള്ള വര്‍ഗീയ ചുവയുള്ള കാര്യങ്ങള്‍ സമരമുഖത്തുണ്ടാവണമെന്ന് നിര്‍ദേശിച്ചത്.

പ്രതിപക്ഷം സമരം ഏറ്റെടുക്കുന്നു!
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയുടെ വേദിയില്‍ വെച്ച് ഗെയില്‍ പദ്ധതി വിരുദ്ധ സമരം യു ഡി എഫ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍ സംഘടിപ്പിക്കുന്ന കലാപത്തില്‍ യു ഡി എഫും പങ്കാളിയാവുകയാണ്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മുക്കം അങ്ങാടിയില്‍ കലാപമുണ്ടാക്കാന്‍ നടന്ന ശ്രമവും മുക്കം അഗസ്ത്യന്‍ മുഴി റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രകോപനം സൃഷ്ടിച്ചവരില്‍ ചിലര്‍ പൊലീസ് സ്‌റ്റേഷനുനേരെ കല്ലെറിഞ്ഞതും കലാപത്തിന് വേണ്ടിയായിരുന്നു. പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിക്കാനുള്ള ശ്രമമടക്കമുള്ള തീവ്രവാദ സംഘടനകളുടെ കലാപ സമരത്തിനാണ് യു ഡി എഫ് പിന്തുണ നല്‍കുന്നത്.

ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗത്തുള്ള ഏതെങ്കിലും പൗരന് പദ്ധതിയെ സംബന്ധിച്ചോ, സുരക്ഷ സംബന്ധിച്ചോ, നഷ്ടപരിഹാരം സംബന്ധിച്ചോ സംശയമുണ്ടെങ്കില്‍ അത് തീര്‍ത്തുകൊടുക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. പദ്ധതിയുടെ തുടക്കത്തില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള ആശങ്കകള്‍ ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ സിപിഐ എം തന്നെ ജനങ്ങളുടെ ആശങ്കകള്‍ തീര്‍ക്കുന്നതിനായി അധികൃതരെ സമീപിച്ചിരുന്നു. ആശങ്കകള്‍ പരിഹരിച്ചപ്പോഴാണ് എറണാകുളം ജില്ലയിലൊക്കെ പൈപ്പിടല്‍ സുഗമമായി നടന്നത്. മുക്കത്തും ജനങ്ങള്‍ക്ക് സംശയനിവാരണം വരുത്തുന്നതിന്, ആശങ്കകള്‍ പരിഹരിക്കുന്നതിന് തടസമൊന്നുമില്ല. അവിടെ മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന്റെ ആശിര്‍വാദത്തോടെ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ കലാപത്തിനായി ശ്രമിക്കുന്നതാണ് വിഷയം. കലാപമുണ്ടാക്കി എവിടെയും ഒരു സംശയവും ദുരീകരിച്ചിട്ടില്ല. അത് മനസിലാക്കാനുള്ള കഴിവ് രമേശ് ചെന്നിത്തലയ്ക്ക് വേണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കേരളത്തിന് നല്‍കിയ വാഗ്ദാനമാണ് പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിക്കല്‍. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ 35 ഇനപരിപാടികളിലെ ആറാമത്തെ ഇനമായി പറയുന്നത് ഇത് സംബന്ധിച്ചാണ്.
''പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിക്കല്‍ : വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിച്ചുകൊണ്ട് കൊച്ചി പ്രകൃതി വാതക ടെര്‍മിനലിനെ ദേശീയ വാതക ഗ്രിഡുമായി ബന്ധിപ്പിക്കും. അതുവഴി താപോര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടും. ഗാര്‍ഹിക പാചകവാതക ലഭ്യത വര്‍ധിപ്പിക്കും.'' ജനങ്ങള്‍ക്ക് നല്‍കിയ ഈ ഉറപ്പ് സര്‍ക്കാര്‍ നിറവേറ്റുക തന്നെ ചെയ്യണം.

03-Nov-2017