സി കെ ജാനുവും മാതൃഭൂമിയും മനസിലാക്കാന്‍

വയനാട്ടില്‍ ഏറ്റവുമധികം ആദിവാസി സാന്ദ്രതയുള്ളത് തിരുനെല്ലി പഞ്ചായത്തിലാണ്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള പ്രദേശം. അവിടെയാണ് സി കെ ജാനുവിന്റെ നാട്. ആ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോള്‍ സി കെ ജാനുവിന് കെട്ടിവെച്ച കാശ് ലഭിക്കാതെ പോയതെന്തുകൊണ്ടാണ്? കര്‍ഷക തൊഴിലാളി വിഭാഗത്തിലുള്ള ആദിവാസികളടക്കമുള്ളവരുടെ വോട്ട് ലഭിച്ചത് ഇടതുപക്ഷത്തിനാണ്. ജാനു പ്രതിനിധീകരിച്ചത് ഏത് വിഭാഗത്തിനെയായിരുന്നു? കര്‍ഷക തൊഴിലാളി യൂണിയന്‍ ആദിവാസികളെയും മറ്റ് ദുര്‍ബലജനവിഭാഗങ്ങളെയും വഞ്ചിച്ചവരായിരുന്നുവെങ്കില്‍ തോല്‍ക്കേണ്ടത് ഇടതുപക്ഷവും ജയിക്കേണ്ടത് സി കെ ജാനുവുമായിരുന്നല്ലൊ. ജാനുവിന്റെ രാഷ്ട്രീയം തെറ്റാണെന്നാണ് ജാനുവിന്റെ നാടും നാട്ടാരും പറയുന്നത്. വയനാട്ടില്‍ നിലനിന്നിരുന്ന അടിമപ്പണിയും വല്ലിപ്പണിയും അവസാനിപ്പിച്ചതില്‍ കര്‍ഷക തൊഴിലാളി യൂണിയനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമുള്ള പങ്ക് നുണകളുടെ പെരുമഴയില്‍ ഒഴുക്കിക്കളയാവുന്ന ഒന്നല്ല.

സി കെ ജാനുവിന്റെ രാഷ്ട്രീയമാണ് അവര്‍ വിളിച്ചുപറയുന്നത്. പല വഴികള്‍ താണ്ടി ജാനു ഇപ്പോള്‍ എത്തിചേര്‍ന്നിരിക്കുന്നത് സംഘപരിവാര്‍ കൂടാരത്തിലാണ്. സംഘിബാന്ധവം കൊണ്ടാവും പച്ചക്കള്ളം വിളിച്ചുപറഞ്ഞുകൊണ്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സി കെ ജാനു. അതിന് അവര്‍ക്ക് കൂട്ടുനില്‍ക്കുന്നതോ മുതലാളിത്ത ഭൂപ്രഭുത്വം നിയന്ത്രിക്കുന്ന മാതൃഭൂമി ആഴ്ചപതിപ്പും.

ജാനു പണ്ട് കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാര്യം ആ അഭിമുഖത്തില്‍ അയവിറക്കുന്നുണ്ട്. കൂലിക്കുവേണ്ടി വിളിച്ച മുദ്രവാക്യങ്ങള്‍ അവര്‍ മറന്നിട്ടില്ല. പക്ഷെ, കര്‍ഷക തൊഴിലാളി സമരങ്ങളെ നേതാക്കള്‍ ഒറ്റുകൊടുത്തു എന്ന സി കെ ജാനുവിന്റെ പരമാര്‍ശം തീര്‍ത്തും വിലകുറഞ്ഞ പെരുംനുണയാണ്. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ജാനു തന്റെ നിലപാടുതറയാണ് വ്യക്തമാക്കുന്നത്.

വയനാട്ടിലെ കര്‍ഷക തൊഴിലാളി യൂണിയന്റെ ചരിത്രം ഫ്യൂഡല്‍ ഭൂപ്രഭുക്കന്‍മാരുമായി സന്ധിയില്ലാത്ത സമരങ്ങള്‍ ചെയ്തതിന്റെ ചരിത്രം കൂടിയാണ്. അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ ഇന്നും കര്‍ഷക തൊഴിലാളി യൂണിയന്റെ കൊടിക്കൂറയ്ക്ക് കീഴിലാളുള്ളത്. സി കെ ജാനുവിന്റെ സംഘടനയില്‍ അവരാരും അണിചേരാത്തത് അവരുടെ നിലപാടിന്റെ പൊള്ളത്തരവും സത്യസന്ധതയില്ലായ്മയും മനസിലാക്കിയാണ്.

ആദിവാസി ഗോത്രമായ അടിയ വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വ്യക്തിയാണ് സി കെ ജാനു. പൊതുധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തിയത് കര്‍ഷക തൊഴിലാളി യൂണിയനാണ്. സജീവ പ്രവര്‍ത്തകയായിരുന്ന ജാനു, ആ കാലമൊഴുക്കിയ വിയര്‍പ്പിനെ ഞങ്ങളാരും വിലകുറച്ചുകാണുന്നില്ല. കര്‍ഷക തൊഴിലാളി യൂണിയന്റെ ജില്ലാ കമ്മറ്റി അംഗമായിരുന്ന ജാനു എങ്ങിനെയാണ് സോളിഡാരിറ്റിയില്‍ എത്തപ്പെട്ടത്? (ജമാഅത്തെ അസ്ലാമിയുടെ സോളിഡാരിറ്റിയല്ല. കൃസ്ത്യന്‍സഭയ്ക്ക് കീഴിലുള്ള ഒരു വയനാടന്‍ എന്‍ ജി ഒ ആണ് ജാനു പ്രവര്‍ത്തിച്ച സോളിഡാരിറ്റി.) എന്‍ ജി ഒകളില്‍ കൂടി ലഭിക്കുന്ന ഫണ്ടിന്റെ രുചിയിലാണ് വര്‍ഗപ്രസ്ഥാനത്തെ വലിച്ചെറിഞ്ഞ് ജാനു വഴിമാറി നടന്നത്. വിദേശങ്ങളില്‍ പല പരിപാടികളിലും പങ്കെടുത്ത ജാനു, സ്വന്തം നാടായ തിരുനെല്ലിയിലെ ജനങ്ങളില്‍ നിന്നും അകലുകയായിരുന്നു. അവരുടെ പട്ടിണിയും പരിവട്ടവും സി കെ ജാനുവിനെ അലട്ടിയില്ല.

വയനാട്ടില്‍ ഏറ്റവുമധികം ആദിവാസി സാന്ദ്രതയുള്ളത് തിരുനെല്ലി പഞ്ചായത്തിലാണ്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള പ്രദേശം. അവിടെയാണ് സി കെ ജാനുവിന്റെ നാട്. ആ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോള്‍ സി കെ ജാനുവിന് കെട്ടിവെച്ച കാശ് ലഭിക്കാതെ പോയതെന്തുകൊണ്ടാണ്? കര്‍ഷക തൊഴിലാളി വിഭാഗത്തിലുള്ള ആദിവാസികളടക്കമുള്ളവരുടെ വോട്ട് ലഭിച്ചത് ഇടതുപക്ഷത്തിനാണ്. ജാനു പ്രതിനിധീകരിച്ചത് ഏത് വിഭാഗത്തിനെയായിരുന്നു? കര്‍ഷക തൊഴിലാളി യൂണിയന്‍ ആദിവാസികളെയും മറ്റ് ദുര്‍ബലജനവിഭാഗങ്ങളെയും വഞ്ചിച്ചവരായിരുന്നുവെങ്കില്‍ തോല്‍ക്കേണ്ടത് ഇടതുപക്ഷവും ജയിക്കേണ്ടത് സി കെ ജാനുവുമായിരുന്നല്ലൊ. ജാനുവിന്റെ രാഷ്ട്രീയം തെറ്റാണെന്നാണ് ജാനുവിന്റെ നാടും നാട്ടാരും പറയുന്നത്.

വയനാട്ടില്‍ നിലനിന്നിരുന്ന അടിമപ്പണിയും വല്ലിപ്പണിയും അവസാനിപ്പിച്ചതില്‍ കര്‍ഷക തൊഴിലാളി യൂണിയനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമുള്ള പങ്ക് നുണകളുടെ പെരുമഴയില്‍ ഒഴുക്കിക്കളയാവുന്ന ഒന്നല്ല. ആദിവാസികളെ ശാക്തീകരിക്കുന്നതിലും സമരസജ്ജരാക്കുന്നതിലും ഇ സി ഉത്തമനും കണാരേട്ടനും വര്‍ഗീസ് വൈദ്യരും വി എസും പി എസ് ജനാര്‍ദ്ദനനുമൊക്കെ നേതൃത്വം നല്‍കി. നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസ് കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായാണ് വയനാട്ടിലേക്ക് വന്നത്. ഉന്‍മൂലനമാണ് ശരിയായ വഴിയെന്ന് ധരിച്ച് വര്‍ഗീസ് വഴിമാറി നടന്നു. ആ വഴി ശരിയല്ലെന്ന് വയനാട് മനസിലാക്കി. നക്‌സല്‍ പ്രസ്ഥാനത്തിന് ഇവിടെ വേരോട്ടമുണ്ടായില്ല. വര്‍ഗീസ് ധീരനായിരുന്നു, നുണയനായിരുന്നില്ല. പക്ഷെ, സി കെ ജാനു വയനാട്ടിലെ തൊഴിലാളികളെ നുണകളുടെ പേമാരിയില്‍ നനയാന്‍ നിര്‍ത്തുകയാണ്.

കൃസ്ത്യന്‍ സഭയുടെ ഭാഗമായിരുന്ന സോളിഡാരിറ്റില്‍ നിന്നും കൂടുവിട്ടുകൂടുമാറി പല ലാവണങ്ങളിലൂടെ ജാനു ഇപ്പോള്‍ എന്‍ ഡി എയില്‍ എത്തിയിരിക്കുന്നു. കുമ്മനം രാജശേഖരന്റെ കൂടെ മനുസമൃതി വായിച്ചിരിക്കുന്ന ജാനുവിന്, മനുസ്മൃതിയില്‍ ആദിവാസികള്‍ എവിടെയാണുള്ളതെന്ന് അറിയാമോ? ആര്‍ എസ് എസ് സംഘപരിവാരം ആദിവാസി ദളിത് വിഭാഗങ്ങളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം സി ജെ ജാനു ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം.

ഇപ്പോള്‍ കേരളത്തിന്റെ കുതിപ്പിന് സഹായകമായ നിരവധി പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നു. അവയില്‍ ശ്രദ്ധേയമായ ഒന്നാണ് ഗോത്രബന്ധു പദ്ധതി. വയനാട് ജില്ലയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പഠനം വിദ്യാര്‍ഥിസൌഹൃദമാക്കുന്നതിനും അവര്‍ക്കിടയില്‍ത്തന്നെയുള്ള യോഗ്യരായ അധ്യാപകരെ കണ്ടെത്തി നിയമിച്ചുകൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്. ബിഎഡ്, ടിടിസി കോഴ്‌സുകള്‍ കഴിഞ്ഞ പട്ടികവര്‍ഗക്കാരായ 241 പേരെയാണ് മെന്റര്‍ ടീച്ചേഴ്‌സായി ആദ്യഘട്ടത്തില്‍ നിയമിക്കുന്നത്. വയനാട്ടിലെ പൊതുവിദ്യാലയങ്ങളില്‍ പട്ടികവര്‍ഗവിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്. ഗോത്രഭാഷയിലുള്ള ആശയവിനിമയത്തിനുള്ള സാധ്യത തുറന്ന് വിദ്യാലയങ്ങളെ ഗോത്രസൌഹൃദകേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കും. ഊരുകളും വിദ്യാലയങ്ങളും തമ്മില്‍ ബന്ധപ്പെടുത്തുന്ന കണ്ണികളായി ഈ മെന്റര്‍ ടീച്ചര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും.

'ഗോത്രബന്ധു' മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുമ്പോള്‍ മറ്റൊരു പദ്ധതിയായ 'ഗോത്രജീവിക''തൊഴില്‍ലഭ്യതകൂടി ഉറപ്പാക്കുന്നു. ഇതിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്കായി ശാസ്ത്രീയമായ പ്രായോഗിക പരിശീലന പരിപാടികള്‍ അവര്‍ക്കെത്തിപ്പെടാനാകുന്നിടത്ത് സംഘടിപ്പിക്കും. അതുവഴി വരുമാനസ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഒരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസൃതമായി സ്വയംതൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള സൌജന്യ ലാപ്‌ടോപ്പ് വിതരണം, കുടുംബശ്രീയുടെകൂടി സഹായത്തോടെ നടത്തുന്ന ഗോത്രവര്‍ഗ കുടുംബങ്ങളുടെ സുസ്ഥിരവികസന പദ്ധതി പ്രവര്‍ത്തനം എന്നിവയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാരെ അവരുടെ സ്വത്വം പരിരക്ഷിച്ചുകൊണ്ടുതന്നെ സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപിപ്ലാക്കുന്നത്. ഇടതുപക്ഷം ഭരണത്തിലെത്തുമ്പോള്‍ മാത്രമാണ് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാവുന്നത്. അട്ടപ്പാടിയിലെ സമ്പൂര്‍ണ പോഷകാഹാരപദ്ധതി, സമൂഹ അടുക്കള, ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണം, വര്‍ധിച്ച വിദ്യാഭ്യാസ സഹായം എന്നിങ്ങനെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരുണ്ടാക്കിയ മികച്ച നേട്ടങ്ങള്‍ തുടര്‍ന്നുവന്ന യു ഡി എഫ് സര്‍ക്കാര്‍ട്ടിമറിക്കുകയായിരുന്നു. അന്ന് സി കെ ജാനു യു ഡി എഫ് ക്യാമ്പിലായിരുന്നല്ലൊ, എന്തുചെയ്തു? യു ഡി എഫ് ഇല്ലാതാക്കിയ നേട്ടങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കി പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്.. ഒരുവര്‍ഷത്തിനകം ഈ രംഗത്ത് സൃഷ്ടിച്ച മുന്നേറ്റം കാണാതിരിക്കാന്‍ സാധിക്കില്ല. ഗോത്രവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി അനുവദിച്ച തുക മുന്‍വര്‍ഷത്തേതില്‍നിന്ന് 50 മുതല്‍ 100 ശതമാനംവരെ വര്‍ധിപ്പിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ ആറുലക്ഷത്തോളം പിന്നോക്കവിഭാഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി. 353 സ്‌കൂളുകളില്‍ പഠിക്കുന്ന പതിമൂവായിരത്തോളം പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് യാത്രാസൌകര്യം ഏര്‍പ്പെടുത്തി. പത്തോളംപുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കായികരംഗത്ത് മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കായി പാലക്കാട്ട് സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരംഭിക്കുന്നു. സ്‌കൂളുകളുടെ ഹോസ്റ്റല്‍സൌകര്യം മെച്ചപ്പെടുത്താനും ഹോസ്റ്റലുകളില്‍ നല്ല 'ഭക്ഷണവും മറ്റു 'ഭൌതികസൌകര്യങ്ങളും ഉറപ്പാക്കുന്നതിനും നടപടിയെടുക്കുന്നു.

ഗോത്രവിഭാഗങ്ങള്‍ക്കുള്ള ക്ഷേമത്തുകകള്‍ ഇടനിലക്കാരോ ദല്ലാളന്മാരോ തട്ടിയെടുക്കുന്ന പതിവുകള്‍ക്ക് പൂര്‍ണവിരാമമിടാനുള്ള നിശ്ചയദാര്‍ഢ്യമാണ് ഈ സര്‍ക്കാരിനുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ കൂടി ശ്രമഫലമായി ഉണ്ടായതാണ്. സി കെ ജാനുവിനെ പോലുള്ള വര്‍ഗവഞ്ചകരുടെ പിത്തലാട്ടങ്ങളെ മനസിലാക്കിക്കൊണ്ട് ഈ സര്‍ക്കാരിന് പിന്തുണ കൊടുക്കാനും കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചെങ്കൊടി ഇനിയുമുയരത്തില്‍ ഉയര്‍ത്താനും വയനാട്ടിലെ ആദിവാസികളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ തയ്യാറാവും.

01-Jul-2017