Skip to main content
വാർത്തകൾ

‘ഭരണഘടനയുടെ അടിത്തറ മാറ്റാനുള്ള നീക്കം’; മണ്ഡല പുനർനിർണയ ബില്ലിനെതിരെ എ.എ. റഹീം

rahim,

മണ്ഡല പുനർനിർണയ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം രാജ്യസഭാ എം.പി എ.എ. റഹീം. ബിജെപി തങ്ങളുടെ ആവനാഴിയിലെ വിഷം പുരട്ടിയ ആയുധങ്ങൾ പുറത്തെടുക്കുകയാണെന്നും നിയമനിർമാണങ്ങളിലൂടെയും ഭരണഘടനാ ഭേദഗതികളിലൂടെയും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ നീക്കത്തെ ശക്തമായി എതിർക്കണമെന്നും റഹീം ആവശ്യപ്പെട്ടു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടനയെ മാറ്റിയെഴുതാനുള്ള ഫ്ലോർ ടെസ്റ്റാണ് ഇപ്പോൾ നടക്കുന്നതെന്ന് റഹീം പറഞ്ഞു. ബിജെപിക്ക് രാഷ്ട്രീയമായി സ്വാധീനമുറപ്പിക്കാൻ കഴിയുന്ന മേഖലകളിൽ മാത്രം സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ഈ നീക്കത്തിൽ ബിജെപി വിജയിച്ചാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറുമെന്നും മുന്നറിയിപ്പ് നൽകി.

മണ്ഡല പുനർനിർണയ കമ്മീഷന്റെ അധ്യക്ഷൻ ഗ്യാനേഷ് കുമാറാണെന്നും കമ്മീഷനെ ഉപയോഗിച്ച് പാർലമെന്റിലെ അംഗബലം തങ്ങൾക്ക് അനുകൂലമാക്കാനുള്ള പദ്ധതിയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നതെന്നും റഹീം ആരോപിച്ചു. ഇതിന്റെ വ്യക്തമായ രൂപരേഖയാണ് കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യാ സഖ്യം കാണുന്നതെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളും ഈ ആശങ്കകൾ പങ്കുവെച്ചിട്ടുണ്ടെന്നും റഹീം പറഞ്ഞു. വരും മണിക്കൂറുകൾ രാജ്യത്തെ സംബന്ധിച്ച് നിർണായകമാണ്. ഇതൊരു സുപ്രധാന രാഷ്ട്രീയ ദൗത്യമായി ഏറ്റെടുക്കണമെന്നാണ് ഇന്ത്യാ സഖ്യത്തിൽ പൊതുവായി ഉയർന്നുവന്നിട്ടുള്ള നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡല പുനർനിർണയ ബില്ലിനൊപ്പം വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതികളും പാസാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. നവംബർ 30ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും വീണ്ടും ചേരാനിരിക്കുകയാണ്. നേരത്തെ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, പാർലമെന്റിൽ അംഗബലം ഉറപ്പാക്കാനുള്ള നീക്കങ്ങൾക്കൊടുവിലാണ് പുതിയ സമ്മേളനം വിളിച്ചുചേർക്കുന്നത്.