രാജ്മോഹൻ ഉണ്ണിത്താനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പരാതി; ഖാർഗെയെ സമീപിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
കോൺഗ്രസിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ എം.പി. രാജ്മോഹൻ ഉണ്ണിത്താനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജുൽ മോഹനനാണ് പരാതി നൽകിയത്. ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താൻ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
മുതിർന്ന നേതാവെന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താൻ പാലിക്കേണ്ട സാമാന്യ മര്യാദകൾ ലംഘിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഷാഫി പറമ്പിലിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വന്തം ഗൂഢലക്ഷ്യങ്ങൾ നടപ്പാക്കാനാണ് ഉണ്ണിത്താൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.
കോൺഗ്രസിന്റെ സംഘടനാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും അതിനാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് വിജുൽ മോഹനന്റെ ആവശ്യം.
അതേസമയം, ഉണ്ണിത്താനും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുള്ള തർക്കം കൂടുതൽ ശക്തമാകുകയാണ്. വിവാദങ്ങൾക്കിടെ ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള നിരവധി ഫ്ലക്സ് ബോർഡുകൾ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം പരസ്യമായ പോരിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് സംഭവവികാസങ്ങൾ വിലയിരുത്തപ്പെടുന്നത്.