രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട പാർട്ടികളിലൊന്നാണ് സി.പി.ഐ.എം: പിണറായി വിജയൻ
കണ്ണൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അധികാരത്തിലെത്തിയത് പ്രതികാരം ചെയ്യാനാണോയെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് പ്രകോപനപരമായ പ്രസംഗം നടത്തുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ 20ന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന തരത്തിൽ വി.ഡി. സതീശൻ പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പരാമർശം ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിചലനമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും പിണറായി ആരോപിച്ചു.
സർക്കാർ എല്ലാവരുടേതുമാണ്. മുഖ്യമന്ത്രി പ്രതികാര മനോഭാവത്തോടെ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞിരിക്കുന്നു' എന്നായിരുന്നു പിണറായിയുടെ വിമർശനം.
അതേസമയം, സി.പി.ഐ.എം കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്ന പാർട്ടിയല്ലെന്നും പിണറായി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട പാർട്ടികളിലൊന്നാണ് സി.പി.ഐ.എം. നിരവധി സഖാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, അതിനൊന്നും പ്രതികാരം ചെയ്യാനല്ല പാർട്ടി ശ്രമിച്ചത്. കൂടുതൽ ജനങ്ങളുടെ പിന്തുണ നേടാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
580 പ്രവർത്തകർ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന പാർട്ടിയാണ് സി.പി.ഐ.എം. ഇത്രയേറെ നഷ്ടങ്ങൾ ഉണ്ടായിട്ടും പ്രതികാര രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് പാർട്ടി നീങ്ങിയിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.