Skip to main content
വാർത്തകൾ

ആന്ധ്രപ്രദേശിലെ തദ്ദേശതിരഞ്ഞെടുപ്പ് ക്രമക്കേടുകൾ; സിപിഎമ്മും സിപിഐയും സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു

andhra

ആന്ധ്രപ്രദേശിലെ തദ്ദേശതിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകളും ജനാധിപത്യാവകാശങ്ങളുടെ ലംഘനവും നടന്നെന്നാരോപിച്ച് സിപിഎമ്മും സിപിഐയും സംയുക്തമായി സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. നവംബർ 11നായിരുന്നു വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ നടന്നത്. ബിജെപിയും ജനസേനയും ഉൾപ്പെട്ട ടിഡിപി സഖ്യം പൊലീസിന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്താശയോടെ ഭീഷണിയും അക്രമവും പണവും ഉപയോഗിച്ചാണ് വിജയം നേടിയതെന്ന് ഇരു പാർട്ടികളും ആരോപിച്ചു.

വിജയവാഡയിലെ ലെനിൻ സെന്ററിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി വി. ശ്രീനിവാസ റാവുവും സിപിഐ സംസ്ഥാന സെക്രട്ടറി ജി. ഈശ്വരയ്യയും സംസാരിച്ചു. തിരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത അക്രമവും ഭീഷണിയുമാണ് അരങ്ങേറിയതെന്ന് നേതാക്കൾ ആരോപിച്ചു. പലയിടങ്ങളിലും പ്രതിപക്ഷ സ്ഥാനാർഥികളെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽനിന്ന് തടഞ്ഞു. പത്രിക നൽകിയവരെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായും ചിലരെ പോളിങ് കേന്ദ്രങ്ങളിൽ എത്തുന്നതിൽനിന്ന് തടഞ്ഞതായും അവർ പറഞ്ഞു.

ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഭരണകക്ഷി സഖ്യം ജനാധിപത്യാവകാശങ്ങൾ അട്ടിമറിക്കുന്നത് അനുവദിക്കുകയാണെന്ന് നേതാക്കൾ വിമർശിച്ചു. അല്ലൂരി സീതാരാമ രാജു ജില്ലയിൽ ടിഡിപി സഖ്യത്തിന് തിരിച്ചടി നേരിട്ടത് മതപരിവർത്തനം മൂലമാണെന്ന നായിഡുവിന്റെ പരാമർശത്തെയും അവർ അപലപിച്ചു. ആദിവാസി സമൂഹങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതാണ് ഗോത്രമേഖലകളിൽ സഖ്യത്തിന് പിന്തുണ ലഭിക്കാതിരുന്നതിന് കാരണമെന്നും നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ ജനാധിപത്യ പ്രക്രിയ അവസാനിക്കുന്നില്ലെന്ന് സിപിഎം, സിപിഐ നേതാക്കൾ വ്യക്തമാക്കി. ഓരോ പൗരനും ഭയമില്ലാതെ വോട്ട് ചെയ്യാനും സ്ഥാനാർഥികൾക്ക് സ്വതന്ത്രമായി മത്സരിക്കാനും അവസരമുണ്ടാകണം. പൊലീസ് അധികാരവും പണവും ദുരുപയോഗം ചെയ്ത് നേടുന്ന വിജയം യഥാർഥ ജനവിധിയായി കണക്കാക്കാനാവില്ലെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ പങ്കെടുത്ത ടിഡിപി-ജനസേന-ബിജെപി സഖ്യ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും മുടങ്ങിക്കിടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പുകളും നീതിപൂർവം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വിവിധ ജില്ലകളിൽ പ്രതിഷേധം

പശ്ചിമ ഗോദാവരിയിലെ ഭീമവാരത്ത് ബസ് സ്റ്റാൻഡ് സെന്ററിലും ശ്രീകാകുളത്ത് അംബേദ്കർ ജങ്ഷന് സമീപവും ധർണ നടന്നു. ഏലൂരിൽ പഴയ ബസ് സ്റ്റാൻഡിലെ അംബേദ്കർ പ്രതിമയ്ക്കു സമീപവും തിരുപ്പതിയിൽ ആർടിസി ബസ് സ്റ്റാൻഡിനടുത്തും ഗണ്ണവരത്ത് ഗാന്ധി പ്രതിമയ്ക്കു മുന്നിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. നരസറാവുപേട്ടിൽ രാഷ്ട്രീയ പാർട്ടികൾ, കർഷക സംഘടനകൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ പ്രതിനിധികളും സമരത്തിൽ പങ്കെടുത്തു. പിഡുഗുരല്ല, അമരാവതി മണ്ഡലം, ഗുണ്ടൂർ എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു.

വിശാഖപട്ടണത്ത് ജിവിഎംസി ഓഫീസിന് സമീപം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്.കെ. റഹ്മാൻ സംസാരിച്ചു. അനകപ്പള്ളിയിൽ അംബേദ്കർ പ്രതിമയ്ക്കു സമീപം നടന്ന പരിപാടിയിൽ സിപിഐ ജില്ലാ സെക്രട്ടറി ജി. കോട്ടേശ്വര റാവുവും പങ്കെടുത്തു. പ്രതിപക്ഷ സ്ഥാനാർഥികളെ പൊലീസ് പീഡിപ്പിക്കുകയും ഭരണകക്ഷിയുടെ സമ്മർദത്തിന് വഴങ്ങി കേസെടുക്കുകയും ചെയ്യുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.

വിശാഖപട്ടണത്തെ പെന്ദുർത്തി മേഖലയിലെ 115-ാം വാർഡിൽ വോട്ടർ പട്ടികയിൽ പേരില്ലാതിരുന്നിട്ടും എംഎൽഎ പഞ്ചകരള രമേശ് ബാബുവിന് എങ്ങനെ വോട്ട് ചെയ്യാനായെന്ന് നേതാക്കൾ ചോദിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകുമെന്നും അവർ അറിയിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അട്ടിമറി, സ്ഥാനാർഥികൾക്കെതിരായ ആക്രമണം, നാമനിർദേശ പത്രിക സമർപ്പിക്കുന്നത് തടയൽ തുടങ്ങിയ സംഭവങ്ങളിൽ കേസെടുക്കണമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിപൂർവവുമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.